”ഷൂട്ട് നടന്നാലും ഇല്ലെങ്കിലും കുഴപ്പമില്ല, എനിക്ക് കർഷകസംഘത്തിന്റെ ജാഥയ്ക്ക് പോണം”; സഖാവ് പിപി കുഞ്ഞികൃഷ്ണൻ സിനിമാ നടനായപ്പോൾ| P P Kunhikrishnan| Ratheesh Balakrishnan
രതീഷ് ബാലകൃഷ്ണൻ സംവിധാനം ചെയ്ത ന്നാ താൻ കേസുകൊട് എന്ന ചിത്രത്തിലൂടെ മലയാള സിനിമാ ലോകത്തെത്തിയ താരമാണ് പിപി കുഞ്ഞികൃഷ്ണൻ. കുഞ്ചാക്കോ ബോബനെ നായകനാക്കി കാസർകോടൻ ഗ്രാമീണ പശ്ചാത്തലത്തിൽ ചിത്രീകരിച്ച സിനിമയിൽ ഏറെ പ്രാധാന്യമുള്ള കോടതി ജഡ്ജിയുടെ വേഷത്തിലായിരുന്നു അദ്ദേഹം അഭിനയിച്ചത്.
ഇതേ ചിത്രത്തിൽ സംവിധായകൻ രതീഷ് ബാലകൃഷ്ണൻ പൊതുവാളിന്റെ ചീഫ് അസ്സോസിയേറ്റ് ആയിരുന്ന സുധീഷ് ഗോപിനാഥിന്റെ ആദ്യ ചിത്രമായ മദനോത്സവത്തിലും പിപി കുഞ്ഞികൃഷ്ണൻ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. സിനിമയുടെ പ്രമോഷന്റെ ഭാഗമായി രതീഷ് ബാലകൃഷ്ണൻ, സുധീഷ് ഗോപിനാഥ്, പിപി കുഞ്ഞികൃഷ്ണൻ തുടങ്ങിയവർ ചേർന്ന് മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖമാണ് ഇപ്പോൾ ചർച്ചയാകുന്നത്.
ഇടത് പക്ഷ അനുഭാവി കൂടിയായ പിപി കുഞ്ഞികൃഷ്ണൻ ന്നാ താൻ കേസുകൊട് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ കർഷകസംഘത്തിന്റെ ജാഥയ്ക്ക് പോകാൻ വേണ്ടി നിർബന്ധം പിടിച്ചതും തുടർന്നുണ്ടായ സംഭവങ്ങളും രതീഷും സുധീഷും ചേർന്ന് വിവരിക്കുകയാണ്. അദ്ദേഹം പോയാൽ കുഞ്ചാക്കോ ബോബൻ വരെ ഉൾപ്പെട്ട സീനിന്റെ ഷൂട്ട് മുടങ്ങുമെന്നും അഞ്ച് ലക്ഷം രൂപയോളം നഷ്ടം വരുമെന്നും പറഞ്ഞിട്ടും കുഞ്ഞികൃഷ്ണൻ തന്റെ നിലപാടിൽ ഉറച്ച് നിന്നു എന്നാണ് അവർ പറയുന്നത്.
അതേസമയം താൻ ആരോടും പറയാതെയാണ് സിനിമയിൽ അഭിനയിക്കാൻ വന്നത്. റിലീസ് ആയപ്പോഴാണ് പലരും അറിയുന്നത് എന്നും കുഞ്ഞികൃഷ്ണൻ പറയുന്നു. ജാഥയുടെ ലീഡറായ താൻ പങ്കെടുത്തില്ലെങ്കിൽ പരിപാടി തന്നെ പ്രശ്നത്തിലാകും അതുകൊണ്ടാണ് നിർബന്ധം പിടിച്ച് കർഷകസംഘത്തിന്റെ ജാഥയ്ക്ക് പോയത് എന്നും അദ്ദേഹം വ്യക്തമാക്കി.
”എന്നെ പോകാൻ അനുവദിച്ചു അവസാനം. ജാഥ ലീഡറായിട്ട് എന്നെ തീരുമാനിച്ചു. ലീഡർ പോകാതെ ജാഥ പോകില്ലല്ലോ. അതിൽ പങ്കെടുത്തില്ലെങ്കിൽ പിന്നെ നാട്ടിലേക്ക് പോകേണ്ടി വരില്ല. സിനിമയിൽ അഭിനയിക്കാൻ പോയെന്ന് ആരോടും പറഞ്ഞിട്ടുമില്ലായിരുന്നു. ഞാൻ എവിടേക്കാ പോകുന്നത് എന്ന് പോലും ആർക്കും അറിയില്ലായിരുന്നു”- അദ്ദേഹം വ്യക്തമാക്കി.
മദനോത്സവമാണ് കുഞ്ഞികൃഷ്ണന്റെ ഒടുവിൽ ഇറങ്ങിയ ചിത്രം. പൊളിറ്റിക്കൽ കോമഡി വിഭാഗത്തിൽപ്പെടുന്ന സിനിമ തിയേറ്ററുകളിൽ വിജയകരമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. സുരാജ് വെഞ്ഞാറമൂട്, ബാബു ആന്റണി, ഭാമ അരുൺ, രാജേഷ് മാധവൻ, രഞ്ജി കാങ്കോൽ, രാജേഷ് അഴീക്കോടൻ, ജോവൽ സിദ്ധിഖ്, സുമേഷ് ചന്ദ്രൻ, സ്വാതി ദാസ് പ്രഭു തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഇ സന്തോഷ് കുമാറിന്റെ ചെറുകഥയെ ആസ്പദമാക്കിയാണ് രതീഷ് ബാലകൃഷ്ണൻ തിരക്കഥയൊരുക്കിയിരിക്കുന്നത്.