”എന്നെ വർക്ക് ഷോപ്പിൽ കയറ്റി, ഒരു ചാനലിന്റെ ഷൂട്ടിങ്ങിന് പോകുന്നതിന്റെ തലേദിവസമായിരുന്നു അത് സംഭവിച്ചത്..” രോഗത്തെക്കുറിച്ച് സുബി സുരേഷ് പറഞ്ഞത് ചർച്ചയാവുന്നു|Subi suresh| passed Away


നടി സുബി സുരേഷിന്റെ അപ്രതീക്ഷിത വിയോ​ഗം സിനിമാലോകത്ത് ആർക്കും തന്നെ ഉൾക്കൊള്ളാനാകുന്നില്ല. കരൾ രോഗത്തെ തുടർന്ന് കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു താരം. കരൾ സംബന്ധമായ പ്രശ്‌നങ്ങളെ തുടർന്ന് ബുധനാഴ്ച രാവിലെ 10 മണിയോടെയായിരുന്നു മരണം സംഭവിച്ചത്. കരൾ മാറ്റിവയ്ക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായതിന് ശേഷം പെട്ടെന്ന് ആരോ​ഗ്യസ്ഥിതി വഷളായതോടെ സുബി മരണത്തിന് കീഴടങ്ങുകയായിരുന്നു.

41ാം വയസിലായിരുന്നു താരത്തിന്റെ അകാല വിയോഗം. സോഷ്യൽ മീഡിയയിൽ വളരെ അക്റ്റീവായിരുന്ന താരം വിശേഷങ്ങളെല്ലാം തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെക്കുമായിരുന്നു. ആറു മാസം മുൻപ് പോസ്റ്റ് ചെയ്ത വിഡിയോയിൽ താരം താൻ കടന്നുപോകുന്ന ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് വിശദമാക്കിയിരുന്നു. അടുക്കും ചിട്ടയുമില്ലാത്ത ജീവിതം തന്നെ രോഗിയാക്കി എന്നാണ് സുബി വിഡിയോയിൽ പറഞ്ഞിട്ടുണ്ടായിരുന്നു.

2022 ജൂലൈ 25നാണ് സുബി തന്റെ ആരോഗ്യത്തെക്കുറിച്ച് പറഞ്ഞുകൊണ്ടുള്ള വിഡിയോ പങ്കുവച്ചത്. ആരോഗ്യപ്രശ്‌നങ്ങളെതുടർന്ന് പത്ത് ദിവസത്തോളമാണ് താരം ആശുപത്രിയിൽ കിടന്നത്. ആ സമയത്ത് ആശുപത്രിയിൽ കിടക്കാനുണ്ടായ കാരണം വ്യക്തമാക്കുന്നതായിരുന്നു വിഡിയോ. തന്നെ വർക്ക്‌ഷോപ്പിൽ കയറ്റി എന്നായിരുന്നു സുബി പറഞ്ഞത്.

ഒരു ചാനലിന്റെ ഷൂട്ടിങ്ങിന് പോകുന്നതിന്റെ തലേദിവസമാണ് സുബിക്ക് ശരീരവേദനയും നെഞ്ചുവേദനയും ഗാസ്ട്രിക് പ്രശ്‌നങ്ങളുമുണ്ടാകുന്നത്. കടുത്ത ഛർദിയായിരുന്നെന്നും ഭക്ഷണം കഴിക്കാൻ പറ്റാത്ത അവസ്ഥയായിരുന്നെന്നും താരം അന്ന് പറഞ്ഞിരുന്നു. ആശുപത്രിയിൽ വച്ച് നടത്തിയ പരിശോധനയിൽ പാൻക്രിയാസിൽ ഒരു സ്റ്റോൺ ഉണ്ടെന്ന് കണ്ടെത്തി, ഇത് വലിയ അപകടകാരിയായിട്ടില്ലെന്നും വിഡിയോയിൽ സുബി പറഞ്ഞു.

വേണമെങ്കിൽ അത് കീഹോൾ ചെയ്ത് കളയാം എന്നായിരുന്നു ഡോക്ടർമാരുടെ നിർദേശം. തനിക്ക് മഗ്നീഷ്യം, പൊട്ടാസ്യം, സോഡിയം എല്ലാം കുറവാണെന്നും ഇതെല്ലാം ഡ്രിപ്പിട്ട് ശരീരത്തിലേക്ക് കയറ്റേണ്ടിവന്നുവെന്നുമായിരുന്നു സുബി പറഞ്ഞത്. പൊട്ടാസ്യം കുറഞ്ഞാൽ മാരകരോഗങ്ങൾ വരാനും സാധ്യതയുണ്ടെന്നും താരം വ്യക്തമാക്കിയിരുന്നു.

അടുത്ത വർഷങ്ങളിൽ ദിവസം മൂന്നു നേരം ഭക്ഷണം താൻ കഴിച്ചിട്ടില്ലെന്നാണ് സുബി പറയുന്നത്. ഷൂട്ടിങ്ങിന്റേയും യാത്രയുടേയുമെല്ലാം തിരക്കിൽ പലപ്പോഴും ഒരു നേരമൊക്കെയാണ് ഭക്ഷണം കഴിച്ചിരുന്നത്. തന്റെ പോലെ അടുക്കും ചിട്ടയുമില്ലാതെ ജീവിക്കുന്നവർക്ക് ഉപദേശവും താരം നൽകുന്നുണ്ട്. സമയത്തിന് ഭക്ഷണം കഴിക്കണമെന്നും കൃത്യമായി ഉറങ്ങണമെന്നും മരുന്നുകളുണ്ടെങ്കിൽ അതു മുടക്കരുതെന്നു താരം തന്റെ വ്യൂവേഴ്സിനോടായി പറഞ്ഞിരുന്നു.

ഇനി മുതൽ താൻ ആരോഗ്യം ശ്രദ്ധിക്കാൻ പോവുകയാണെന്നും താരം വിഡിയോയിൽ പറയുന്നുണ്ട്. അതിനു പിന്നാലെ ഏഴു ദിവസത്തെ ആയുർവേദ ചികിത്സയ്ക്കായും സുബി പോയിരുന്നു. ഇതിന്റെ വിഡിയോയും താരം പങ്കുവച്ചിരുന്നു. താൻ നന്നാവുന്നതിന്റെ ഭാഗമായിട്ടാണ് ആയുർവേദ ചികിത്സ എന്നാണ് സുബി പറഞ്ഞത്.