”ഇന്ദ്രന്‍ പറഞ്ഞു, സാരമില്ല, തുറമുഖം ഇറങ്ങട്ടെ, അപ്പോള്‍ മനസിലാവുമെന്ന്” ഒരു പരിപാടിയ്ക്കിടെ തനിക്കുണ്ടായ അനുഭവം പങ്കുവെച്ച് നടി പൂര്‍ണിമ ഇന്ദ്രജിത്ത് | Thuramukham | Poornima Indrajith


ലയാളി പ്രേക്ഷകരുടെ ഇഷ്ട താരമാണ് പൂര്‍ണിമ ഇന്ദ്രജിത്. നടന്‍ ഇന്ദ്രജിത്തിന്റെ ഭാര്യ എന്ന വിലാസം ലഭിക്കുന്നതിന് മുമ്പുതന്നെ മലയാളികള്‍ക്ക് പരിചിതയായിരുന്നു പൂര്‍ണിമ. നടി, അവതാരക, സംരംഭക എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചു കഴിഞ്ഞു.

ഒരുകാലത്ത് ടെലിവിഷന്‍ പരമ്പരകളിലും സിനിമകളിലും എല്ലാം തിളങ്ങി നിന്നിരുന്ന പൂര്‍ണിമ ഇന്ദ്രജിത്തുമായുള്ള വിവാഹ ശേഷം ഇടവേള എടുക്കുകയായിരുന്നു. പിന്നീട് മിനിസ്‌ക്രീന്‍ പരിപാടികളില്‍ അവതാരകയായി തിരിച്ചെത്തിയ താരം ഇപ്പോള്‍ വീണ്ടും സിനിമകളില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ്. ആഷിഖ് അബു സംവിധാനം ചെയ്ത വൈറസ് എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് തിരിച്ചുവരവ് നടത്തിയ പൂര്‍ണിമയുടെ രണ്ടാമത്തെ ചിത്രം തുറമുഖം ഇപ്പോള്‍ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.

വല്ല്യേട്ടന്‍, രണ്ടാംഭാവം തുടങ്ങിയ കഥാപാത്രങ്ങളിലൂടെ വലിയൊരു വിഭാഗം സിനിമാപ്രേമികള്‍ക്ക് പൂര്‍ണ്ണിമ പരിചിതയാണെങ്കിലും തന്നെ ഇന്നത്തെ തലമുറയ്ക്ക് അത്ര പരിചയമില്ലെന്ന കാര്യം മനസിലാക്കിയിട്ടുണ്ടെന്ന് പറയുകയാണ് താരം. വ്യക്തി ജീവിതത്തില്‍ നിന്നും ചില അനുഭവങ്ങളും താരം ചൂണ്ടിക്കാട്ടുന്നു. ദ ക്യൂവിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

” എന്റെ ചെറിയ മോളുടെ ക്ലാസിലെ ഒരു കുട്ടി ഒരു തവണ പറഞ്ഞിരുന്നു, മോള് വീട്ടില്‍ വന്ന് പറഞ്ഞതാണ്. മറന്നിട്ടുമെന്തിനോയെന്ന പാട്ടുകേട്ടതിനുശേഷമാണെന്ന് തോന്നുന്നു, ‘നിന്റെ അമ്മ നടിയാണോ? എന്ന്.”

”അടുത്തിടെ ഒരു ഫങ്ഷന് പോയപ്പോള്‍ കുറേയാള്‍ക്കാര്‍ കൂടെവന്ന് ഫോട്ടോയെടുക്കുന്നുണ്ട്. അപ്പോള്‍ ഒരു കൊച്ചുകുട്ടി, ഏഴുവയസോളം പ്രായം വരും, എന്റെ കൂടെ കൂടി. ഞാനും നക്ഷത്രയും അവിടെ പരിചയപ്പെട്ട മോളും കൂടി കൈപിടിച്ച് നടക്കുകയാണ്. കുറേയാള്‍ക്കാര് വന്ന് എന്റെ ഫോട്ടോയൊക്കെ എടുക്കുന്നുണ്ട്. ഈ കുട്ടി എന്നോട് ചോദിച്ചു, അവരെന്തിനാ നിങ്ങളുടെ ഫോട്ടോയെടുക്കുന്നതെന്ന്. ഞാന്‍ അറിയില്ല എന്ന കാണിച്ചു. കുറച്ചു കഴിഞ്ഞപ്പോള്‍ ആ കുട്ടി പറയുകയാണ്, ‘എനിക്ക് മനസിലായി, നിങ്ങളൊരു യൂട്യൂബര്‍ ആണ് അല്ലേ?’ എന്ന്. ഞാന്‍ ചിരിച്ചു. അപ്പോള്‍ വീണ്ടും കുട്ടി ചോദിക്കുകയാണ് ‘ഇന്‍സ്റ്റഗ്രാം?’. ഞാന്‍ വീട്ടില്‍ വന്ന് ഈ കാര്യം ഇന്ദ്രനോട് പറഞ്ഞ് ചിരിച്ചു. ആ കുട്ടിക്ക് അറിയുകയുണ്ടായിരുന്നില്ല. ഇന്ദ്രന്‍ പറഞ്ഞു, ‘സാരല്ല, തുറമുഖം ഇറങ്ങട്ടെ, അപ്പോളേ മനസിലാവൂ.” പൂര്‍ണിമ പറഞ്ഞു.

സോഷ്യല്‍ മീഡിയകളുള്ളതുകൊണ്ടാണ് തന്നെപ്പോലെയുള്ള വ്യക്തികള്‍ കുറച്ചുകാലം മുമ്പാണെങ്കിലും എന്തൊക്കെ ചെയ്തിരുന്നുവെന്നത് ഇന്നത്തെ തലമുറയ്ക്ക് മനസിലാവുന്നത്. മുമ്പത്തെ കാലഘട്ടത്തില്‍ നമ്മള്‍ മറന്നുപോയ പല കാര്യങ്ങളും ഇപ്പോള്‍ സോഷ്യല്‍ മീഡിയകളിലൂടെ തിരിച്ചുവരുന്നുണ്ട്. അത് പാട്ടുകളിലൂടെയോ ഷോര്‍ട്ട്‌സിലൂടെയോ എഴുത്തുകളിലൂടെയോ വിഷ്വലുകളിലൂടെയോ ആകട്ടെ. അത് കാണാന്‍ നല്ല രസമുള്ള കാര്യമാണെന്നും താരം പറഞ്ഞു.