”ഷാരൂഖ് ഖാന്റെ അമ്മ വേഷമാണെങ്കിൽ പോലും ഷോർട്സ് ഇട്ട് അഭിനയിക്കില്ല”; സ്കേർട്ട് വരെ ഇടാൻ തയാറാണെന്ന് നടി പൊന്നമ്മ ബാബു| Ponnamma Babu | Shorts


കോമഡി വേഷങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ നടിയാണ് പൊന്നമ്മ ബാബു. ഇതുവരെ 300ലധികം ചിത്രങ്ങളിൽ വലുതും ചെറുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച താരം മിനിസ്ക്രീൻ പ്രേക്ഷകർക്കും പ്രിയങ്കരിയാണ്. നാടകത്തിലൂടെ സിനിമയിലെത്തിയ താരം ഇപ്പോൾ സീ കേരളം ചാനലിൽ മിസിസ് ഹിറ്റ്ലർ എന്ന സീരിയലിൽ അഭിനയിക്കുകയാണ്.

ഇതിനിടെ പൊന്നമ്മ ബാബു റെഡ് കാർപ്പെറ്റ് എന്ന ടെലിവിഷൻ പരിപാടിയിൽ പങ്കെടുത്തപ്പോൾ പറഞ്ഞ കാര്യങ്ങളാണ് ചർച്ചയാകുന്നത്. കഥാപാത്രത്തിന്റെ നിറവിന് വേണ്ടി എന്തും ചെയ്യാൻ തയാറാണെന്നാണ് പറയുന്നത്. പക്ഷേ താൻ ഒരിക്കലും ഷോർട്സ് ധരിച്ച് അഭിനയിക്കില്ല, അത് ഇനി നടൻ ഷാരൂഖ് ഖാന്റെ അമ്മ വേഷമാണെന്ന് പറഞ്ഞാലും ചെയ്യില്ല എന്നാണ് നടി പറയുന്നത്.

കഥാപാത്രത്തിന് വേണ്ടി സ്‌കർട്ട് എല്ലാമിടാം. പക്ഷെ ഷോർട്‌സ് ഒരിക്കലുമിടില്ല. ആ പ്രായം കഴിഞ്ഞു. അതിനി ഷാരൂഖ് ഖാന്റെ അമ്മ വേഷം ആണെങ്കിൽ പോലും ഷോർട്‌സ് ഇട്ടൊരു വേഷം ചെയ്യില്ല- താരം വ്യക്തമാക്കി. ഇതിനിടെ ധ്യാൻ ശ്രീനിവാസൻ പ്രധാന വേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രത്തിൽ പൊന്നമ്മ ബാബു ശ്രദ്ധേയമായ ഒരു വേഷം ചെയ്യുന്നുണ്ട്. അതിനെക്കുറിച്ചും താരം സംസാരിച്ചു.

”ധ്യാനിന്റെ പുതിയ സിനിമയുടെ ഡയറക്ടർ ഞങ്ങളുടെയൊരു കുടുംബ സുഹൃത്താണ്. പുള്ളി എന്നോട് വന്ന് പറഞ്ഞു ആ സിനിമയിലൊരു വേഷമുണ്ട്. പക്ഷെ ഞാൻ സ്ഥിരം ചെയ്യുന്ന പോലുള്ള വേഷമല്ല. കുമ്പളങ്ങി നൈറ്റ്‌സ് ഷൂട്ടിങ് നടന്ന വീട്ടിലാണ് ലൊക്കേഷൻ.”

”മിസിസ് ഹിറ്റ്‌ലർ സൈറ്റിൽ നിന്നും സിനിമാ സെറ്റിലേയ്ക്ക് ചെന്ന ഞാൻ മേക്കപ്പ് ചെയ്ത ശേഷം ആർക്കും എന്നെ മനസിലായില്ല. കോളനിയിലെ ഒരു സ്ത്രീയാണ് എന്റെ കഥാപാത്രം. നന്നായി കറുത്ത് മുടിയെല്ലാം ചുരുണ്ട ഭർത്താവിനെ ഏഷണി കൂട്ടി വിടുന്ന ഒരു കഥാപാത്രം.”

”ഏറ്റവും രസം എന്തെന്നാൽ ഒരാൾക്ക് പോലും എന്നെ മനസിലായില്ല എന്നതാണ്. എന്ത് ചെയ്യാനാണ് ഇപ്പോൾ കറുത്ത ആളുകൾക്കാണ് ഡിമാൻഡ്. ഞാൻ വെളുത്തത് എന്റെ തെറ്റാണോ? ഞാൻ കുറച്ച് കരി ഓയിൽ വാങ്ങി വച്ചിട്ടുണ്ട്. കറുക്കാൻ ആണേൽ വാരിത്തേച്ച് അഭിനയിക്കും”- എന്നാണ് പൊന്നമ്മ ബാബു പറഞ്ഞത്.

അതേസമയം, പതിനെട്ട് വർഷത്തിന് ശേഷം പൊന്നമ്മ ബാബു അഭിനയിക്കുന്ന സീരിയലാണ് മിസിസ് ഹിറ്റ്ലർ. സിനിമയിൽ ശക്തമായ കഥാപാത്രങ്ങൾ ലഭിക്കാത്തതിനാലാണ് വീണ്ടും സീരിയലിലേക്ക് തിരിഞ്ഞതെന്നാണ് താരം പറയുന്നത്. ”പതിനെട്ട് വർഷത്തിന് ശേഷം ചെയ്യുന്ന ഒരു വലിയ കഥാപാത്രമാണ് ഈ സീരിയലിലേത്. കൊച്ചുകുട്ടികൾ പോലുമിപ്പോൾ എന്നെ കണ്ടാൽ മൈ ലിറ്റിൽ കണ്ണാ എന്നാണ് വിളിക്കുന്നത്.

നിറയെ സിനിമകളിൽ എന്നെ വിളിക്കും. ചേച്ചി രണ്ട് സീനുണ്ട് മൂന്നു സീനുണ്ട് എന്നും പറഞ്ഞാണ് എല്ലാവരും വിളിക്കുന്നത്. ഞാൻ പറയും മക്കളെ അഞ്ഞൂറിൽ കൂടുതൽ സിനിമകളായി. ഇരുപത്തിയഞ്ചു വർഷത്തിൽ കൂടുതലായി അഭിനയിക്കാൻ തുടങ്ങിയിട്ട്. ഇനിയെനിക്ക് വേണ്ടത് ശക്തമായ കഥാപാത്രങ്ങളാണ്”- പൊന്നമ്മ ബാബു വ്യക്തമാക്കി.