ലൈംഗിക ചുവയോടെയുള്ള സംസാരവും പെരുമാറ്റവും ബ്രെൻഡൻ ഫ്രേസറിനെ പിടിച്ചുലച്ചു; ദി വേലിലെ അധ്യാപകൻ ബ്രെൻഡൻ തന്നെയായിരുന്നു| Brendan Fraser| Oscar


ജോർജ് ഓഫ് ദി ജം​ഗിൾ, ദ മമ്മി തുടങ്ങിയ ചിത്രങ്ങളിലെല്ലാം അസാധ്യ പ്രകടനം കാഴ്ചവെച്ച് അനേകം ആരാധകരെ സമ്പാദിച്ച ഹോളിവുഡ് നടനായിരുന്നു ബ്രെൻഡൻ ഫ്രേസർ. തൊണ്ണൂറുകളിലെ കുട്ടികൾക്ക് അദ്ദേഹം കാട്ടുവള്ളികളിൽ തൂങ്ങിയാടി നിലം പതിക്കുന്ന പ്രിയപ്പെട്ട ജോർജാണ്. ജോർജ് ഓഫ് ദ് ജംഗിളിലെ ജോർജ് ഇപ്പോഴും കുട്ടികളുടെയും മുതിർന്നവരുടെയും ഇഷ്ട കഥാപാത്രമാണ്.

ദി മമ്മിയാണ് ഫ്രേസറിന്റെ മറ്റൊരു ഹിറ്റ് ചിത്രം. പിന്നീടിറങ്ങിയ മമ്മി സീരിസുകളിലും ഫ്രേസർ തന്നെ നായകനായി എത്തി. അതേസമയം, സിനിമയിലെ ഫ്രേസറിന്റെ കഥാപാത്രങ്ങൾ പോലെ തമാശ നിറഞ്ഞതായിരുന്നില്ല ജീവിതം. അതുകൊണ്ടായിരിക്കാം അക്കാദമി അവാർഡിൽ മികച്ച നടനുള്ള പുരസ്‌കാരം ഏറ്റുവാങ്ങുമ്പോൾ ബ്രെൻഡൻ ഫ്രേസറിന്റെ കണ്ണ് നിറഞ്ഞ് തുളുമ്പിയത്. അതുവരെ അനുഭവിച്ച പരിഹാസവും മാറ്റിനിർത്തലും അദ്ദേഹത്തിന് ഓർമ്മ വന്നുകാണും.

ഡാരൻ അരൊണോഫ്‌സ്‌കി സംവിധാനം ചെയ്ത ദി വെയ്ൽ എന്ന ചിത്രമാണ് ഫ്രേസറിനെ അവാർഡിന് അർഹനാക്കിയത്. പൊണ്ണത്തടി മൂലം കഷ്ടപ്പെടുന്ന അധ്യാപകൻ മകളുമായുള്ള സ്‌നേഹ ബന്ധം നിലനിർത്താൻ ശ്രമിക്കുന്നതായിരുന്നു ചിത്രത്തിന്റെ പ്രമേയം. ഫ്രേസറിന്റെ ജീവിതത്തിന് ഈ സിനിമാക്കഥയുമായി വളരെയടുത്ത ബന്ധമുണ്ട്. സിനിമയിൽ 272 കിലോ ഭാരമുള്ള മനുഷ്യനായാണ് അദ്ദേഹം അഭിനയിച്ചത്.

തൊണ്ണൂറുകളിൽ ഹോളിവുഡിലെ സജീവ സാന്നിദ്ധ്യമായിരുന്ന ബ്രെൻഡൻ രണ്ടായിരത്തിന്റെ തുടക്കത്തിൽ തന്നെ സ്‌ക്രീനിൽ നിന്ന് മാഞ്ഞുപോവുകയായിരുന്നു. വിഷാദ രോഗവും അമിത വണ്ണവും താരത്തെ പിടിച്ചുലച്ചു. ഒന്നിന് പിന്നാലെ ഒന്നായി പ്രശ്നങ്ങൾ സംഭവിക്കാൻ തുടങ്ങി. അനാരോ​ഗ്യമായിരുന്നു ബ്രെൻഡനെ വിഷാദരോ​ഗത്തിലേക്ക് ആനയിച്ചത്. ആക്ഷൻ രംഗങ്ങൾക്ക് വേണ്ടി ഒരുക്കങ്ങൾ നടത്തുന്നതിലും ഡ്യൂപ് ഇല്ലാതെ അത് ഭംഗിയായി ചെയ്‌തെടുക്കുന്നതിലും അദ്ദേഹം അളവിൽ കവിഞ്ഞ ആത്മാർത്ഥത പുലർത്തി.

ഇതിന്റെയെല്ലാം പരിണിതഫലമായി നട്ടെല്ലിനുൾപ്പെടെ ഒട്ടേറെ ശസ്ത്രകിയകൾ വേണ്ടിവന്നു. ആ വേദനകൾക്ക് തൊട്ടു പിന്നാലെയായിരുന്നു തന്റെ അമ്മയുടെ അപ്രതീക്ഷിത വിയോ​ഗം. ഇതിനിടെയാണ് പ്രശസ്ത ജേണലിസ്റ്റും സിനിമാ നിരൂപകനുമായ ഫിലിപ് ബെർക്കിൽ നിന്ന് ലൈംഗിക ചുവയോടെയുള്ള സംസാരവും പെരുമാറ്റവും ബ്രെൻഡൻ ഫ്രേസറിനു നേരിടേണ്ടി വന്നത്.

ഇക്കാര്യത്തെ ബെർക്ക് ഒരു തമാശ മാത്രമായി തള്ളിക്കളഞ്ഞെങ്കിലും ഫ്രേസറിന്റെ മനസിനെ അത് വല്ലാതെ പിടിച്ചുലച്ചു. മി ടൂ മൂവ്‌മെന്റുകൾ സജീവമായപ്പോൾ അദ്ദേഹമത് വെളിപ്പെടുത്തുകയും ചെയ്തു, ഫിലിപ്പ് ബെർക്ക് എന്ന ആ മുതിർന്ന മാധ്യമപ്രവർത്തകനെതിരെ നടത്തിയ ഈ പ്രസ്താവന നടനെന്ന നിലയിൽ ഫ്രേസറുടെ അവസരങ്ങൾക്ക് വിലങ്ങു തടിയായി മാറി.

തന്റെ ഏറ്റവും പുതിയ സിനിമയായ ‘ദി വേലി’ലെ അഭിനയത്തിന് മികച്ച നടനുള്ള നോമിനേഷൻ ലഭിച്ചിട്ട് പോലും ബ്രെൻഡൻ ഫ്രേസർ ഗോൾഡൻ ഗ്ലോബ് അവാർഡ് ചടങ്ങിൽ നിന്ന് വിട്ടു നിൽക്കാനുള്ള കാരണം ഗോൾഡൻ ഗ്ലോബ് അവാർഡുകൾ നൽകുന്ന ഹോളിവുഡ് ഫോറിൻ പ്രസ് അസോസിയേഷന്റെ മുൻ പ്രസിഡന്റ ആയിരുന്ന ഫിലിപ്പ് ബെർക്കിനെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ അവർ നടത്തിയ അന്വേഷണവും അതിനെ നിസ്സാരമായി തള്ളിയ റിപ്പോർട്ടുമായിരുന്നു.

മുൻഭാര്യ ഫയൽ ചെയ്ത കേസിലെ ജീവനാംശം താരത്തെ സാമ്പത്തികമായും തളർത്തി. പ്രതിമാസം 61 ലക്ഷം രൂപയായിരുന്നു അത്. സിനിമയില്ലാതെ വീട്ടിലിരിക്കാൻ തുടങ്ങിയ ബ്രെൻഡന് അത് താങ്ങാവുന്നതിലുമപ്പുറമായിരുന്നു. ഇതുകൊണ്ടൊക്കെത്തന്നെ താൻ കടന്നുപോയ മാനസികാവസ്ഥയും ശാരീരിക ബുദ്ധിമുട്ടുകളും ദ് വെയിലിലൂടെ സ്‌ക്രീനിലെത്തിക്കാൻ ഫ്രേസർക്ക് വലിയ ബുന്ധിമുട്ട് ഉണ്ടായിട്ടുണ്ടാവില്ല. അവസാനം എല്ലാ പരിഹാസങ്ങൾക്കും മാറ്റിനിർത്തലിനുമുള്ള മറുപടിയായി ഫ്രേസർ മികച്ച നടനുള്ള അവാർഡ് വാങ്ങി.