“എന്ത് മേനോനായാലും നായരായാലും മനുഷ്യനെ മനസിലാക്കണം, പേര് മാറ്റിയത് കൊണ്ടൊന്നും നന്നാവില്ല”; സംയുക്തക്കെതിരെ ഷൈൻ ടോം ചാക്കോയും നിർമ്മാതാവും| shine tom chakko| samyuktha


ഈയടുത്ത് ഒരു അഭിമുഖത്തിൽ തന്നെ പേരിനൊപ്പം മേനോൻ എന്ന് വിളിക്കരുതെന്ന് പറഞ്ഞ് നടി സംയുക്ത മേനോൻ രം​ഗത്തെത്തിയിരുന്നു. ഈ നിലപാടെടുത്തതിന്റെ പേരിൽ താരത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഇപ്പോൾ താരത്തിനെതിരെ വലിയ വിമർശനവുമായി രം​ഗത്തെത്തിയിരിക്കുകയാണ് നടൻ ഷൈൻ ടോം ചാക്കോ.

ബൂമറാങ്’ സിനിമയുടെ പ്രമോഷന്റെ ഭാ​ഗമായി മാധ്യമപ്രവർത്തകരോട് സംസാരിക്കവേയൊണ് ഷൈൻ സംയുക്തയ്ക്കെതിരെ സംസാരിച്ചത്. സംയുക്ത തന്റെ ജാതിവാൽ ഒഴുവാക്കിയതിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകന്റെ ചോദ്യത്തെ അധികരിച്ചായിരുന്നു പ്രതികരണം. ഒരു ജോലി ഏറ്റെടുത്താൽ അത് പൂർണമാക്കാനുള്ള കടമ നമുക്കുണ്ട്. എന്തുകൊണ്ട് ഈ സിനിമയുടെ പ്രമോഷന് അവർ വന്നില്ല?–ഷൈൻ ടോം ചോദിക്കുന്നു.

‘‘ചെയ്ത സിനിമയുടെ പ്രമോഷന് വരാതിരിക്കുന്നത് പേര് മാറ്റിയതുകൊണ്ടൊന്നും നന്നാകില്ല. എന്ത് മേനോൻ ആയാലും നായരായാലും ക്രിസ്ത്യാനിയായാലും മുസ്‌ലിം ആയാലും ചെയ്ത ജോലി പൂർത്തിയാക്കാതെ എന്ത് കാര്യം. മനുഷ്യനെ തിരിച്ചറിയണം. പേരൊക്കെ ഭൂമിയിൽ വന്നതിനുശേഷം കിട്ടുന്നതല്ലേ. ചെറിയ സിനിമകൾക്കൊന്നും അവർ വരില്ല. സഹകരിച്ചവർക്ക് മാത്രമേ നിലനിൽപ്പ് ഉണ്ടായിട്ടുള്ളൂ. കമ്മിറ്റ്മെന്റ് ഇല്ലായ്മയല്ല. ചെയ്ത ജോലി മോശമായി പോയി എന്ന ചിന്തകൊണ്ടാകും അവർ വരാത്തത്. ’–ഷൈൻ ടോം പറഞ്ഞു.

ഷൂട്ടിങ് സമയത്ത് നന്നായി സഹകരിച്ച നടി, തന്റെ കരിയറിന് ഈ പ്രമോഷൻ ആവശ്യമില്ലെന്ന നിലപാടിലാണെന്ന് നിർമാതാവും പ്രതികരിച്ചു. ‘‘മലയാള സിനിമ ഇനി ചെയ്യുന്നില്ലെന്നാണ് എന്നോട് പറഞ്ഞത്. ഞാൻ ചെയ്യുന്ന സിനിമകൾ വലിയ റിലീസാണ്. 35 കോടി സിനിമ ചെയ്യുകയാണ്. എനിക്ക് എന്റേതായ കരിയർ ഉണ്ട്. അത് നോക്കണം, എന്നൊക്കെയാണ് എന്നോട് അവർ പറഞ്ഞത്. ഈ സിനിമയിലെ ലീഡ് കഥാപാത്രം ആണ്. വളരെ നന്നായി അഭിനയിക്കുകയും ചെയ്തു. സിനിമയുടെ എഗ്രിമെന്റിൽ തന്നെ പ്രമോഷന് വരണമെന്ന് പറയുന്നുണ്ട്. പക്ഷേ ഈ സിനിമയുടെ റിലീസിങ് പല തവണ മാറ്റിവച്ചിരുന്നു. എന്നിരുന്നാലും അവർക്ക് വരാമായിരുന്നു. ഷൈൻ ചേട്ടൻ ഉണ്ടല്ലോ, മീഡയയ്ക്കു വേണ്ട കണ്ടന്റ് അദ്ദേഹം കൊടുത്തോളും എന്നും പറഞ്ഞു.’’–നിർമാതാവ് പറഞ്ഞു.

സംയുക്ത മേനോൻ, ചെമ്പൻ വിനോദ്, ഷൈൻ ടോം ചാക്കോ, ബൈജു സന്തോഷ്, ഡെയ്‌ൻ ഡേവിസ്, എന്നിവർ പ്രധാന കഥാപാത്രങ്ങളാവുന്ന സിനിമയാണ് ‘ബൂമറാങ്’. ഗുഡ് കമ്പനി അവതരിപ്പിക്കുന്ന, ഈസി ഫ്ലൈ പ്രൊഡക്ഷൻസിന്റെ ബാനറിൽ അജി മേടയിൽ, തൗഫീഖ് ആർ. എന്നിവർ ചേർന്നു നിർമിച്ച്‌ മനു സുധാകരൻ സംവിധാനം ചെയ്യുന്ന ‘ബൂമറാങ്’ ഫെബ്രുവരി 24ന് പ്രദർശനത്തിനെത്തും. ചിത്രത്തിൽ വിവേക് വിശ്വം, അഖിൽ കവലയൂർ, ഹരികുമാർ, നിധിന, മഞ്ജു സുഭാഷ്, സുബലക്ഷ്മി, നിയ, അപർണ, നിമിഷ, ബേബി പാർത്ഥവി തുടങ്ങിയവരും അഭിനയിക്കുന്നു.