”മിക്കപ്പോഴും കല്യാണം കഴിക്കണ്ടായിരുന്നു എന്ന് തോന്നിയിട്ടുണ്ട്, ഏത് ഭാര്യമാർക്കാ അങ്ങനെ തോന്നാത്തത്?”; മനസ് തുറന്ന് നിത്യാ ദാസ്| Nithya Das| Pallimani


തനിക്ക് മിക്കപ്പോഴും കല്യാണം കഴിക്കേണ്ടായിരുന്നു എന്ന് തോന്നിയിട്ടുണ്ട് എന്ന് നടി നിത്യാ ദാസ്. ഏത് ഭാര്യയ്ക്കാണ് അങ്ങനെ തോന്നാത്തത് എന്നും താരം ചോദിക്കുന്നു. ബിഹൈൻഡ് വുഡ്സ് കോൾഡിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്. ചോദ്യങ്ങൾക്കെല്ലാം ഒറ്റവാക്കിൽ ഉത്തരം നൽകുന്ന ഒരു സെ​ഗ്മെന്റിൽ പങ്കെടുക്കുകയായിരുന്നു നിത്യ.

അതിനിടെ എപ്പോഴെങ്കിലും വിവാഹം കഴിക്കേണ്ടിയില്ലായിരുന്നു എന്ന് തോന്നിയിട്ടുണ്ടോ എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു നടി. തനിക്ക് മിക്കപ്പോഴും അങ്ങനെ തോന്നിയിട്ടുണ്ടെന്നും ഏത് ഭാര്യയ്ക്ക് ആണ് അങ്ങനെ തോന്നാത്തത് എന്നുമാണ് നിത്യ ചോദിച്ചത്. ഏക മകൾ തന്നേക്കാൾ മിടുക്കിയാണ് എന്ന് തോന്നിയിട്ടുണ്ടോ എന്ന് ചോദിച്ചപ്പോഴും താരം അതെ എന്ന് തന്നെയാണ് ഉത്തരം നൽകിയത്.

തന്റെ ആദ്യ സിനിമ ഈ പറക്കും തളികയിൽ അഭിനയിക്കുമ്പോഴുണ്ടായ രസകരമായ ഒരു അനുഭവവും താരം പങ്കുവെച്ചു. ചിത്രത്തിൽ നിത്യയുടെ കഥാപാത്രമായ ബാസന്തി പുഴയിൽ മുങ്ങി നിവരുന്ന ഒരു രം​ഗമുണ്ടായിരുന്നു. അത് തനിക്ക് വെള്ളത്തിൽ മുങ്ങാൻ പേടി ആയത് കൊണ്ട് ഒരുപാട് ടേക്ക് പോയാണ് ശരിയായത് എന്ന് താരം പറയുന്നു. ഉച്ചയ്ക്ക് തുടങ്ങിയ ചിത്രീകരണം വൈകുന്നേരമാണ് അവസാനിച്ചത്.

ആ നേരമത്രയും നിത്യ പുഴയിൽ മുങ്ങുന്ന ഒരേയൊരു രം​ഗം ചിത്രീകരിച്ച് കൊണ്ടിരിക്കുകയായിരുന്നു. അസോസിയേറ്റ് ഡയറക്ടറുടെ കയ്യിൽ നിന്നും വഴക്ക് കേൾക്കാൻ തുടങ്ങിയപ്പോഴായിരുന്നു നിത്യ ശരിക്കും അഭിനയിച്ചത്. താഹ സംവിധാനം ചെയ്ത ഈ പറക്കും തളിക 2001ൽ ആയിരുന്നു റിലീസ് ആയത്. ദിലീപ് നായകനായെത്തിയ ചിത്രത്തിൽ ഹരിശ്രീ അശോകൻ, ഒടുവിൽ ഉണ്ണികൃഷ്ണൻ, കൊച്ചിൻ ഹനീഫ, സലിം കുമാർ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

അതേസമയം ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം നിത്യാ ദാസ് മലയാള സിനിമയിലേക്ക് തിരിച്ച് വരവ് നടത്തിയിരിക്കുകയാണ്. ഫെബ്രുവരിയിൽ റിലീസ് ചെയ്ത പള്ളിമണിയിലാണ് അവർ അഭിനയിച്ചിരിക്കുന്നത്. നോവലിസ്റ്റും തിരക്കഥാക‌ത്തുമായ കെ വി അനിൽ രചന നിർവഹിക്കുന്ന സൈക്കോ ഹൊറർ ത്രില്ലർ ചിത്രമാണ് ‘പള്ളിമണി’.

കലാസംവിധായകനും ബ്ലോഗറുമായ അനിൽ കുമ്പഴയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എൽ എ പ്രൊഡക്ഷൻസിന്റെ ബാനറിൽ ലക്ഷ്മി അരുൺ മേനോൻ ആണ് ചിത്രത്തിന്റെ നിർമാണം. ശ്വേത മേനോൻ കൈലാഷ്, ദിനേശ് പണിക്കർ, ഹരികൃഷ്ണൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.