”തന്റെ മുഖം കണ്ടാൽ ആദ്യമേ വില്ലനാണെന്ന് മനസിലാകും അതാ വിളിക്കാഞ്ഞത്; സംവിധായകന്റെ വാക്കുകൾ കേട്ട് വിഷമിച്ച് പോയി”; എല്ലാം ഇനി ഒന്നിൽ നിന്ന് തുടങ്ങുകയാണെന്ന് നടൻ നിഷാന്ത് സാ​ഗർ| Nishanth Sagar| Negative Character


അൻപതോളം സിനിമകളിൽ നായകനായും പ്രതിനായകനായും സ്വഭാവനടനായുമെല്ലാം അഭിനിയിച്ചിട്ടുണ്ടെങ്കിലും വേണ്ടത്ര ശ്രദ്ധ കിട്ടാതെ പോയ നടനാണ് നിഷാന്ത് സാ​ഗർ. 1997ൽ വിജയ് പി നായർ സംവിധാനം ചെയ്ത ഏഴുനിലപ്പന്തലിൽ തുടങ്ങി ഇപ്പോൾ സിദ്ധാർത്ഥ് ഭരതന്റെ ചതുരത്തിൽ എത്തിനിൽക്കുന്നു അദ്ദേഹത്തിന്റെ അഭിനയ ജീവിതം.

ജോക്കർ സിനിമയിലെ ദിലീപിന്റെ പ്രതിനായക വേഷമാണ് നിഷാന്തിന്റെ ശ്രദ്ധിക്കപ്പെട്ട സിനിമ. പിന്നീട് താരത്തിന് ലഭിച്ചതെല്ലാം വില്ലൻ വേഷങ്ങളായിരുന്നു. ഏത് തരത്തിലുള്ള കഥാപാത്രങ്ങൾ ചെയ്യണമെന്ന് നമ്മളാണ് തീരുമാനിക്കുന്നത് എന്നാണ് നിഷാന്ത് പറയുന്നത്. തന്നെ കണ്ടാൽ സിനിമയുടെ തുടക്കത്തിലേ ഇയാൾ ആയിരിക്കും വില്ലൻ എന്ന് പ്രേക്ഷകർക്ക് തോന്നുന്നത് കൊണ്ട് ഒരു റോൾ തന്നെ നഷ്ടപ്പെട്ടിട്ടുണ്ട് എന്നാണ് താരം പറയുന്നത്. എഷ്യാവില്ലയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ സിനിമാജീവിതത്തെക്കുറിച്ച് തുന്ന് പറച്ചിൽ നടത്തുന്നത്.

”ജോക്കറിലെ വില്ലൻ വേഷം ഒരുപാട് ശ്രദ്ധിക്കപ്പെട്ടു, പിന്നെ വന്നത് അത്തരത്തിലുള്ള വേഷങ്ങളായിരുന്നു. പ്രശ്നം എന്താണെന്നാൽ നമുക്ക് എങ്ങനത്തെ വേഷങ്ങൾ ചെയ്യണമെന്ന് അടിസ്ഥാനപരമായി നമ്മൾ തന്നെയാണ് തീരുമാനിക്കുന്നത്. എനിക്ക് വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്യണമെന്നൊരു ആ​ഗ്രഹം അന്ന് ഇല്ലായിരുന്നു.

എനിക്ക് അറിയില്ലായിരുന്നു സിനിമാ മേഖലയിൽ എങ്ങനെയാണ് കഥാപാത്രങ്ങൾ തിരഞ്ഞെടുക്കേണ്ടത് എന്ന്. വന്ന നെ​ഗറ്റീവ് കഥാപാത്രങ്ങൾ എല്ലാം ചെയ്തു. ഒടുവിൽ ഒരു സംവിധായകൻ എന്നോട് പറഞ്ഞു, നല്ലൊരു നെ​ഗറ്റീവ് കഥാപാത്രമുണ്ടായിരുന്നു, പക്ഷേ നിഷാന്തിനെ വെച്ച് കഴിഞ്ഞാൽ അത് ആദ്യമേ മനസിലാവും നെ​ഗറ്റീവ് കഥാപാത്രം ആണെന്ന് അതുകൊണ്ടാ നിഷാന്തിനെ വിളിക്കാഞ്ഞത് എന്ന്. അപ്പോൾ ഞാൻ കരുതി ഇനി നെ​ഗറ്റീവ് വേഷങ്ങളും കിട്ടില്ലേ എന്ന്”- അദ്ദേഹം വ്യക്തമാക്കി.

തന്റെ തന്നെ ശ്രദ്ധയില്ലായ്മ കാണമാണ് കരിയർ ​ഗ്രാഫ് താഴേക്ക് പോയത് എന്നാണ് താരത്തിന്റെ സ്വയം വിലയിരുത്തൽ. തെരഞ്ഞെടുത്തത് എല്ലാം നെ​ഗറ്റീവ് റോളുകൾ ആണെന്നതിലുപരി സെലക്റ്റീവ് ആകാതെ വന്ന എല്ലാ വേഷങ്ങളും ചെയ്യുന്ന രീതിയായിരുന്നു താരം പിന്തുടർന്നിരുന്നത്. പക്ഷേ ഇതിൽ നിന്നെല്ലാം ഒരുപാട് അനുഭവങ്ങലുണ്ടായി, ആളുകളെ പഠിക്കാൻ പറ്റി എന്നെല്ലാമാണ് നിഷാന്ത് പറയുന്നത്. അതേസമയം താൻ ഇപ്പോൾ കരിയർ ഒന്നിൽ നിന്നും തുടങ്ങുകയാണെന്നും അദ്ദേഹം പറയുന്നു.