”എനിക്ക് അഭിനയിക്കാൻ താൽപര്യമുണ്ടായിരുന്നില്ല ആദ്യം, വിവാഹം കഴിഞ്ഞപ്പോൾ ലൈഫിന്റെ പാറ്റേൺ തന്നെ മാറിപ്പോയി, പിന്നെ പേടിച്ചിട്ട് കാര്യമില്ലല്ലോ”; അനുഭവം തുറന്ന് പറഞ്ഞ് നിഷ സാരം​ഗ്| Nisha Sarang| Biju Sopanam


1999ൽ അ​ഗ്നിസാക്ഷി എന്ന ചിത്രത്തിൽ അഭിനയിച്ച് കൊണ്ടാണ് നിഷ സാരം​ഗ് തന്റെ അഭിനജീവിതം തുടങ്ങുന്നത്. 2017 ലെ സംസ്ഥാന ടെലിവിഷൻ അവാർഡിൽ മികച്ച ജനപ്രിയ നായികക്കുള്ള പുരസ്‌കാരം നേടിയ താരം കളേഴ്സ് ടിവിയിലെ ഉപ്പും മുളകും പരിപാടിയിലൂടെയാണ് ജനപ്രിയയാകുന്നത്. സിനിമയിൽ നിന്നും സീരിയലിലേക്കും പിന്നെയും സിനിമയിലേക്കും യാത്ര ചെയ്യുന്ന തന്റെ ജീവിതം അത്ര സുഖകരമായിരുന്നില്ല എന്നാണ് നിഷ പറയുന്നത്.

തനിക്ക് അഭിനയിക്കാൻ താൽപര്യമില്ലായിരുന്നു, സാഹചര്യം മൂലം ഇങ്ങനെ ഇവിടം വരെ എത്തിപ്പെട്ടതാണെന്നാണ് താരം പറയുന്നത്. ബിജു സോപാനത്തിനൊപ്പം ദി ക്യൂവിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. ഇരുവരും ഒന്നിച്ച് അഭിനയിച്ച ഏറ്റവും പുതിയ സിനിമയായ ലെയ്ക്ക എന്ന സിനിമയുടെ പ്രമോഷന്റെ ഭാ​ഗമായി നൽകിയ അഭിമുഖമാണിത്.

”അ​ഗ്നിസാക്ഷിയിൽ അഭിനയിച്ചതിന് ശേഷം നിഷ നാടകങ്ങളിലായിരുന്നു ശ്രദ്ധ കൂടുതൽ കൊടുത്തത്. പിന്നീട് സീരിയലിലെത്തി. ഇപ്പോൾ സീരിയലിലും സിനിമയിലും സജീവമാണ് നിഷ. എനിക്ക് അഭിനയം അത്ര താൽപര്യമുണ്ടായിരുന്നില്ല. ഇതുമായി മുന്നോട്ട് പോകണമെന്ന് ചിന്തിച്ചുട്ടുമില്ല. എന്നെക്കൊണ്ട് പറ്റാത്ത ഒരു സംഭവമാണ് ഇതെന്നുള്ള ഒരു പേടി എനിക്ക് ഉണ്ടായിരുന്നു.

ക്ലാസിക്കൽ നൃത്തം ചെയ്യുമായിരുന്നു. അത് ഒരുപാട് വേദികളിൽ ചെയ്തിട്ടുമുണ്ടായിരുന്നു. പിന്നെ അഭിനയത്തിലേക്ക് വരാൻ കാരണമായത് ജീവിതത്തിലെ പ്രശ്നങ്ങളായിരുന്നു. വിവാഹം കഴിഞ്ഞതോടെ എന്റെ ജീവിതത്തിന്റെ പാറ്റേൺ തന്നെ മാറിപ്പോയി. പിന്നെ ജീവിക്കണം, കുട്ടികളെ വളർത്തണം, അവിടെ എന്റെ പേടി ഒരു കാരണമല്ലല്ലോ. മുങ്ങി താഴോട്ട് പോകുന്ന ഒരാൾ എങ്ങനെയെങ്കിലും പൊങ്ങി കരയ്ക്കടുക്കുമല്ലോ, ആ കരയ്ക്കടുക്കലായിരുന്നു എന്റെ കലയിലേക്കുള്ള എൻട്രി”- നിഷ വ്യക്തമാക്കി.

ആദ്യ സിനിമയിൽ അഭിനയിച്ചതിന് ശേഷം ഒരു അമെച്വർ നാടകത്തിൽ അഭിനയിച്ച്കൊണ്ടാണ് നിഷ നാടകങ്ങളിൽ ചുവടുറപ്പിക്കുന്നത്. ഇതിൽ അഭിനയിച്ചതോടെ പ്രഫണൽ നാടക സമിതിക്കാർ വിളിക്കുകയും ആ മേഖലകളിൽ സജീവമാവുകയും ചെയ്തു നിഷ. ബെന്നി പി നായരമ്പലത്തിന്റെ നാടകത്തിലൂടെയായിരുന്നു പ്രഫണൽ നാടകത്തിൽ ചുവടുറപ്പിച്ചത്. അദ്ദേഹമാണ് തന്നെ അഭിനയം പഠിപ്പിച്ചത് എന്നാണ് നിഷ പറയുന്നത്.

നായയും മനുഷ്യനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറയുന്ന ചിത്രമാണ് ലെയ്ക്ക. നവാഗതനായ ഡോക്ടർ ആഷാദ് ശിവരാമനാണ് ചിത്രം സംവിധാനം ചെയ്തിരിയ്ക്കുന്നത്. വിപിഎസ് ആന്റ് സൺസ് മീഡിയയുടെ ബാനറിൽ ഡോക്ടർ ഷംനാദും ഡോക്ടർ രഞ്ജിത്ത് മണിയും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിയ്ക്കുന്നത്. തെന്നിന്ത്യയിലെ പ്രശസ്തനായ നടൻ നാസർ, സുധീഷ്, വിജിലേഷ്, ബൈജു സന്തോഷ്, അരിസ്‌റ്റോ സുരേഷ്, സിബി തോമസ്, സേതുലക്ഷ്മി, നോബി മാർക്കോസ്, നന്ദനവർമ്മ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.