“വെണ്ണപോലൊരു കൊച്ച്, നാച്വറൽ ബ്യൂട്ടിയെന്ന് പറയാം”; ഇന്ന് തെന്നിന്ത്യയിലെ സൂപ്പർ താരമായ ആ നടിയെക്കുറിച്ച് മേക്കപ്പ് ആർടിസ്റ്റ് അനില| Naynthara| Anila


മനസിനക്കരെ എന്ന തന്റെ ആദ്യചിത്രത്തിലൂടെ തന്നെ മലയാളികളുടെ മനസിലിടം നേടിയ അഭിനേത്രിയാണ് നയൻതാര. സിനിമാ പാരമ്പര്യമില്ലാതെ ബിഗ് സ്ക്രീനിലെത്തി തെന്നിന്ത്യയിലെ തിരക്കേറിയ താരമായി മാറാൻ താരത്തിന് സാധിച്ചു. മലയാളത്തിലാണ് തന്റെ കരിയർ തുടങ്ങിയതെങ്കിലും തമിഴിലെത്തി സൂപ്പർ സ്റ്റാർ എന്ന പദവി നയൻതാര സ്വന്തമാക്കി. നിലവിൽ കുഞ്ഞുങ്ങൾക്കായി സിനിമയിൽ നിന്ന് ചെറിയ ഇടവേള എടുത്തിരിക്കുകയാണ് താരം.

ഇപ്പോഴിതാ നയൻതാരയുടെ തുടക്ക കാലത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് നിരവധി താരങ്ങൾക്ക് മേക്കപ്പ് ചെയ്ത പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റ് അനില ജോസഫ്. ഏഷ്യാനെറ്റ് ന്യൂസിൽ സംപ്രേക്ഷണം ചെയ്യുന്ന ജിമിക്കി കമ്മൽ എന്ന പരിപാടിയിലൂടെയായിരുന്നു അനില നയൻ താരയെക്കുറിച്ച് മനസ് തുറന്നത്.

ഒരു ഹാൻഡ്ബാ​ഗിൽ കൊള്ളാവുന്ന മേക്കപ്പ് സാധനങ്ങൾ മാത്രം ആവശ്യമുണ്ടായിരുന്ന കാലത്ത് മേക്കപ്പ് ആർട്ടിസ്റ്റായി തന്റെ കരിയർ തുടങ്ങിയ ആളാണ് അനില. തൊണ്ണൂറുകളിൽ അഭിനയിച്ചിരുന്ന ഒട്ടുമിക്ക നടിമാർക്കും മേക്കപ്പ് ചെയ്ത് കൊടുത്തിരുന്നത് അനിലയായിരുന്നു.

സൂര്യ ടിവിയിൽ ആങ്കറായിരിക്കുന്ന സമയത്താണ് അനില, നയൻതാരയ്ക്ക് വേണ്ടി മേക്കപ്പ് ചെയ്യുന്നത്. നയൻതാരയുമായി അനില പെട്ടെന്ന് തന്നെ അടുപ്പത്തിലായി. കാരണം ഞങ്ങൾ ക്രിസ്ത്യനാണ്, തിരുവല്ലക്കാരിയും. എന്റെ അമ്മയുടെ വീടും തിരുവല്ലയിലാണ്. അപ്പോൾ ഞങ്ങൾ ഭയങ്കര അടുപ്പമായി’- അനില പറയുന്നു.

പിന്നീട് നയൻതാര എന്ത് സംശയത്തിനും അനിലയെ വിളിക്കുമായിരുന്നു. ഒരിക്കൽ നയൻതാര വാക്സിം​ഗ് ആണോ ഷേവിം​ഗാണോ ത്രെഡിംഡ് ആണോ നല്ലതെന്ന് ചോദിച്ച് വിളിച്ചിരുന്നു. അത് വിസ്മയത്തുമ്പത്തിന്റെ സമയത്താണെന്ന് തോന്നുന്നു എന്നാണ് അനിലയുടെ ഓർമ്മ. ‘വളരെ നല്ല കുട്ടിയായിരുന്നു നയൻതാര. സിംപിളും ഭയങ്കര സുന്ദരിയും. നാച്വറൽ ബ്യൂട്ടിയെന്ന് പറയാം. വെണ്ണ പോലെ ഒരു കൊച്ച്,’ അനില ജോസഫ് പറഞ്ഞു.

ചാനൽ അവതാരകയായാണ് നയൻതാര കരിയർ തുടങ്ങുന്നത്. പിന്നീട് താരറാണിയായുള്ള നയൻസിന്റെ വളർച്ച അതിവേ​ഗമായിരുന്നു. കഴിഞ്ഞ വർഷം ജൂൺ മാസത്തിലാണ് നയൻതാരയും വിഘ്നേശും മഹാബലിപുരത്ത് വെച്ച് വിവാഹിതരായത്. വിവാഹത്തിൽ തമിഴ്നാട്ടിലെ പ്രമുഖരുൾപ്പെടെ പങ്കെടുത്തിരുന്നു.

വിവാഹത്തിന് ശേഷം വാടക ഗർഭധാരണത്തിലൂടെ നയൻതാര ഇരട്ടക്കുട്ടികളെ സ്വീകരിച്ചത്. ഉലകം, ഉയിർ എന്നാണ് തന്റെ ആൺകുഞ്ഞുങ്ങൾക്ക് താര ദമ്പതികൾ പേര് നൽകിയിരിക്കുന്നത്. കരിയറും കുടുംബ ജീവിതവും ഒന്നിച്ച് കൊണ്ട് പോവുകയാണ് നയൻതാരയിപ്പോൾ. അഭിനയത്തിന് പുറമെ ഭർത്താവിനൊപ്പം സിനിമാ പ്രൊഡക്ഷനിലും നയൻസ് സാന്നിധ്യമറിയിക്കുന്നു. കണക്ട് ആണ് നടിയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ.