”ഞാൻ മരിച്ചാൽ നീ ഒറ്റക്കാകും, എന്നാലും നീ കരയാൻ പാടില്ല”; കാൻസർ രോഗികളോട് അനുഭവങ്ങൾ പങ്കുവെച്ച് നവ്യാ നായർ| Navya Nair| Kerala Can
മനോരമ ന്യൂസ് ചാനൽ ഫാംഫെഡുമായി സഹകരിച്ച് കാൻസർ രോഗികൾക്ക് വേണ്ടി നടപ്പാക്കുന്ന പദ്ധതിയാണ് കേരള കാൻ. ഇത് വഴി കാൻസർ രോഗനിർണ്ണയവും രോഗം സ്ഥിരീകരിച്ചവർക്ക് ഒരു വർഷം വരെ സൗജന്യ ചികിത്സാ സഹായവും ഉറപ്പാക്കും. കഴിഞ്ഞ കുറച്ച് പരിപാടികളിൽ പങ്കെടുത്ത് കൊണ്ട് നടിയും നർത്തകിയുമായ നവ്യ നായരും കേരള കാനിന്റെ ഭാഗമാണ്.
കേരള കാനിന്റെ ഏഴാം പതിപ്പിന്റെ ഉദ്ഘാടനത്തിൽ പങ്കെടുത്ത് സംസാരിച്ച നവ്യയുടെ വാക്കുകൾ ശ്രദ്ധേയമാവുകയാണ്. നേരത്തെ കേരള കാനിൽ വെച്ച് പരിചയപ്പെട്ട കാൻസർ രോഗിയായ വിനു കൊട്ടാരക്കര എന്ന ചിത്രകാരന്റെ അനുഭവമാണ് നവ്യ വേദിയിലിരിക്കുന്നവരോട് പങ്കുവയ്ക്കുന്നത്. അദ്ദേഹത്തിന്റെ അമ്മ കാൻസർ വന്നാണ് മരിച്ചത്.
”ഈ കേരള കാനിന്റെ കഴിഞ്ഞ രണ്ട് മൂന്ന് പരിപാടികളിലായി പല പല പരിപാടികളിൽ പല പല വേദികളിൽ പല പല വ്യക്തികളെയും പ്രഗത്ഭരായിട്ടുള്ളവരെയും കാൻസറിനെ അതിജീവിച്ചവരെയെല്ലാം നേരിട്ട് കണ്ട് മുന്നോട്ട് പോയ ഒരു വലിയ അനുഭവം എന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. കേരള കാനിന്റെ ആദ്യത്തെ പ്രോഗ്രാമിന്റെ സമയത്ത് വിനു കൊട്ടാരക്കര എന്ന ചിത്രകാരനെ ഞാൻ പരിചയപ്പെട്ടു.
അദ്ദേഹത്തിന്റെ അമ്മയ്ക്കും കാൻസർ വന്നിട്ടാണ് മരിച്ചത്. അദ്ദേഹം 27 കൊല്ലം മുന്നേ കാൻസർ ഡിറ്റക്റ്റ് ചെയ്ത് അന്ന് മുതൽ ആ ട്രീറ്റ്മെന്റ് എടുത്ത് കാൻസർ മാറി, കൃത്യമായി ഡോക്ടറുടെ നിർദേശം പാലിച്ച് ജീവിക്കുന്ന ഒരു അതിജീവിച്ച വ്യക്തിയാണ് വിനു ചേട്ടൻ. അദ്ദേഹത്തിന്റെ അമ്മ മരണപ്പെട്ടത് കാൻസർ മൂലമാണ്. അപ്പോൾ അദ്ദേഹത്തിന്റെ അമ്മ അദ്ദേഹത്തോട് പറഞ്ഞ വാക്കുകൾ എന്നും ഞാൻ മനസിലോർക്കുന്നു.
ഞാൻ മരിച്ചാലും എന്റെ മോൻ കരയാൻ പാടില്ല. അങ്ങനെ പറഞ്ഞ, ഞാൻ കണ്ടിട്ടില്ലാത്ത ആ അമ്മയാണ് ഒരു വലിയ അതിജീവിത. കരഞ്ഞിട്ട് നമുക്ക് എന്ത് ചെയ്യാൻ പറ്റും. നമ്മുടെ ജീവിതത്തിൽ വരുന്ന വലിയ പ്രശ്നങ്ങളെല്ലാം ഫേസ് ചെയ്യാതെ വേറെ ഒു നിവൃത്തിയുമില്ല. ഈയൊരു അസുഖം ആർക്കും വരാം. വരാതിരിക്കാൻ ചെറിയ ചില കാര്യങ്ങൾ മാത്രമേ ചെയ്യാൻ സാധിക്കുകയുള്ളു. എങ്ങാനും വന്ന് പെട്ടാലും നമ്മൾ അതിനെ അതിജീവിക്കണം, അതിജീവിക്കും. നമ്മുടെ ലൈഫ് കളർ ആക്കും”- നവ്യ നായർ വ്യക്തമാക്കി.
ഇരുപതിനായിരം പേർക്ക് സൗജന്യ പരിശോധനയും 50പേർക്ക് ചികിൽസാ സഹായവും ഉൾപ്പെടെ മൂന്നുകോടിയുടെ സഹായമാണ് കേരള കാനിന്റെ ഇത്തവണത്തെ ലക്ഷ്യം. സ്തനം, ഗർഭാശയമുഖം, പ്രോസ്റ്റേറ്റ്, മലാശയം കാൻസറുകളുടെ പരിശോധനയാണ് കേരള കാൻറെ ഭാഗമായി ആസ്റ്റർ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി നടത്തുന്നത്.
ആസ്റ്റർ ഗ്രൂപ്പിൻറെ ഭാഗമായുള്ള കേരളത്തിലെ ആശുപത്രികളിലും ലാബുകളിലും പരിശോധനയ്ക്കുള്ള സൗകര്യമൊരുക്കും. റജിസ്റ്റർ ചെയ്യുന്നവരിൽനിന്ന് തിരഞ്ഞെടുക്കപ്പെടുന്നവർക്കാണ് സൗജന്യ പരിശോധന. നിശിചിത മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും തിരഞ്ഞെടുപ്പ്. പരിശോധനയിൽ രോഗം കണ്ടെത്തുന്നവർക്ക് ഒരു ലക്ഷംവരെയുള്ള സൗജന്യചികിൽസയും ഉറപ്പാക്കും.