“ഒന്നുമറിയാത്ത എന്നെ മോട്ടിവേഷണൽ സ്പീക്കറായി തെറ്റിദ്ധരിക്കുന്നു, ഞാനൊരു സാധാരണ സ്ത്രീ”; പറയുന്നതെല്ലാം അനുഭവങ്ങളെന്ന് നവ്യാ നായർ| navya nair| viral interviews
വിവാഹത്തോടെ ചലച്ചിത്രലോകത്ത് നിന്ന് അപ്രത്യക്ഷയായി വീണ്ടുമൊരു തിരിച്ച് വരവ് നടത്തിയ മലയാള നടിയാണ് നവ്യാ നായർ. ഒരുത്തി എന്ന ചിത്രത്തിലൂടെയായിരുന്നു നവ്യയുടെ രണ്ടാം വരവ്. തിരിച്ചെത്തിയപ്പോൾ താരത്തിന്റെ ആരാധകരുടെ എണ്ണം ആദ്യത്തേതിലും കൂടുകയാണ് ചെയ്തത്. നവ്യയുടെ അഭിമുഖങ്ങളിൽ നിന്നുള്ള ഭാഗങ്ങളെല്ലാം പലപ്പോഴും സോഷ്യൽ മീഡിയയിൽ പ്രചരിക്കാറുണ്ട്.
എന്നാലിപ്പോൾ ഇതിനോടെല്ലാം പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് താരം. സോഷ്യൽ മീഡിയയിൽ അധികം സജീവമല്ലാത്ത താരം, തന്റെ വാക്കുകളെല്ലാം റീൽസായി വരുന്നതിൽ സന്തോഷമുണ്ടെന്നാണ് പറയുന്നത്. അതേസമയം തന്റെ അനുഭവങ്ങളാണ് പറയുന്നത്, അല്ലാതെ താൻ വലിയ മോട്ടിവേഷണൽ സ്പീക്കർ ഒന്നുമല്ലെന്നാണ് നവ്യ പറയുന്നത്.
“നിസാരമായ ഒരു മനുഷ്യ സ്ത്രീയാണ് ഞാൻ, പക്ഷേ എന്നെ നിങ്ങൾ മറന്നട്ടില്ല. ഞാൻ വീണ്ടും തിരിച്ച് വന്നപ്പോൾ എന്നെ നിങ്ങൾ സ്വീകരിച്ചു, ഞാൻ പറഞ്ഞ ഡയലോഗ് പോലും ആഘോഷമാക്കി. ഇപ്പോഴാണ് ഈ റീൽസൊക്കെ വന്നത്, ഞാനാണെങ്കിൽ സോഷ്യൽ മീഡിയയിൽ അത്ര സജീവമായിട്ടുള്ള വ്യക്തിയല്ല
പോസ്റ്റൊക്കെ ഇടുമെങ്കിലും അതിനികത്തെ പല പരിപാടികളും എനിക്കറിയില്ല. ഞാൻ കൊടുക്കുന്ന അഭിമുഖങ്ങളുടെ ഭാഗങ്ങളൊക്കെ റീൽസായിടുന്നു. എന്നെക്കാണുമ്പോൾ പലരും അതിനെക്കുറിച്ച് എന്നോട് സംസാരിക്കുന്നു. ഒന്നുമറിയാത്ത എന്നെ വലി മോട്ടിവേഷണൽ സ്പീക്കറായിട്ട് തെറ്റിദ്ധരിക്കുന്നു. ഇതൊന്നുമല്ല കേട്ടോ ഞാൻ”- നവ്യ പറഞ്ഞ് നിർത്തി.
എല്ലാ നടിമാരെയും വിവാഹശേഷം ആലുകൾ മറന്നുപോകാറാണ് പതിവ്, എന്നാൽ തന്റെ കാര്യത്തിൽ അങ്ങനെയല്ല സംഭവിച്ചത്, ആളുകൾ തന്നെ ഓർത്തുവെന്നും താരം പറഞ്ഞു. താൻ അഭിനയിച്ച ബാലാമണി എന്ന കഥാപാത്രം കൊണ്ടാണോ അതോ മറ്റ് കഥാപാത്രങ്ങൾ കൊണ്ടാണോ തന്നെ ആളുകൾ സ്വീകരിക്കുന്നത് എന്ന് തനിക്കറിയില്ല എന്നും നവ്യ പറയുന്നു.
സിബി മലയിൽ സംവിധാനം ചെയ്ത് 2001ൽ പുറത്തിറങ്ങിയ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ ചലച്ചിത്രലോകത്തെത്തുന്നത്. അന്ന് പത്താം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു നവ്യ. തുടർന്ന് നിരവധി സിനിമകളിൽ നായികയായെത്തി. അഭിനയത്തോടൊപ്പം പഠനവും കൊണ്ടുപോയ താരം ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടി. 2002-ൽ പുറത്തിറങ്ങിയ നന്ദനം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നവ്യക്ക് ലഭിച്ചു.
പിന്നീട് 2005ൽ കണ്ണേ മടങ്ങുക, സൈറ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനും പുരസ്കാരം ലഭിച്ചു. അൻപതിലധികം മലയാളചിത്രങ്ങളിൽ നവ്യ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും താരം അഭിനയിച്ചിട്ടുണ്ട്. 2010ൽ മുംബൈയിൽ ജോലി ചെയ്യുന്ന സന്തോഷ് എൻ മേനോനുമായി നവ്യയുടെ വിവാഹം കഴിഞ്ഞു. ഇപ്പോൾ തിരിച്ച് വരവിന് ശേഷം ടിവി ചാനൽ പരിപാടികളിലെല്ലാം സജീവസാന്നിന്ധ്യമാണ് നവ്യ നായർ.