”അന്നെനിക്ക് സാരിയുടുക്കാൻ അറിയില്ല, പതിനാറ് വയസേയുള്ളു, അച്ഛനാണ് കൂടെയുണ്ടായിരുന്നത്”; സിനിമാ സെറ്റിൽ സ്ത്രീകളില്ലാത്തതിനാൽ ഉണ്ടായ ബുദ്ധിമുട്ട് തുറന്ന് പറഞ്ഞ് നവ്യാ നായർ| Navya Nair| Nandanam


നന്ദനം സിനിമയിൽ അഭിനയിക്കുമ്പോൾ നടി നവ്യാ നായർക്ക് പതിനാറ് വയസായിരുന്നു പ്രായം. അതായിരുന്നു താരത്തിന്റെ രണ്ടാമത്തെ സിനിമ. സിനിമാ ചിത്രീകരണത്തിനിടെ താരത്തിന് ഒരു സാരി നൽകിയിട്ട് ഉടുക്കാൻ പറഞ്ഞപ്പോൾ താൻ ആകെ കഷ്ടപ്പെട്ടു എന്നാണ് താരം പറയുന്നത്. തന്റെ കൂടെ അച്ഛനാണ് വന്നിരുന്നത്, സെറ്റിൽ വേറെ സ്ത്രീകളൊന്നുമില്ലാത്തതിനാലാണ് പ്രയാസം ഉണ്ടായതെന്നും താരം പറയുന്നു.

തുടർന്ന് തനിക്ക് അറിയാവുന്ന പോലെ പുറമേയ്ക്ക് നന്നായിരിക്കുന്ന ഉള്ളിൽ ചുരുട്ടിക്കൂട്ടി വെച്ച നിലയിലായിരുന്നു നവ്യ സാരിയുടുത്തത്. എന്നാൽ ഇപ്പോൾ വർഷങ്ങൾക്ക് ശേഷം താൻ വീണ്ടും സിനിമയിൽ അഭിനയിച്ചപ്പോൾ സെറ്റ് മുഴുവൻ വിവിധ ജോലികളിൽ ഏർപ്പെടുന്ന സ്ത്രീകളെയാണ് കണ്ടതെന്ന് താരം പറയുന്നു. 2012ൽ സീൻ ഒന്ന് നമ്മുടെ വീട് എന്ന ചിത്രത്തിൽ അഭിനയിച്ചതിന് ശേഷം 2022ൽ ഒരുത്തി എന്ന ചിത്രത്തിലൂടെയാണ് നവ്യ തിരിച്ച് വരുന്നത്.

”നന്ദനത്തിന്റെ ലൊക്കേഷനിൽ വെച്ച് എനിക്ക് ഒരു സാരി കൊണ്ട് തന്നു, ഉടുക്കാനായിട്ട്. നന്ദനത്തിൽ അഭിനയിക്കുന്ന സമയത്ത് എനിക്ക് പതിനാറ് വയസാണ്. പതിനഞ്ചാമത്തെ വയസിലാണ് ഇഷ്ടം ചെയ്യുന്നത്. ആ സമയത്ത് സാരി തന്നപ്പോൾ അത് ഉടുപ്പിക്കാൻ എന്റെ അമ്മയുണ്ടായിരുന്നു കൂടെ ലൊക്കേഷനിൽ. പക്ഷേ ഇത് ചെയ്യുമ്പോൾ എന്റെ അച്ഛനായിരുന്നു കൂടെ വന്നത്.

എനിക്ക് സാരി ഉടുക്കാൻ അറിയില്ല, സാരി ഉടുക്കുന്നത് കണ്ട് മാത്രമേ ശീലമുള്ളു. അപ്പോൾ പുറത്ത് നിന്ന് നോക്കുമ്പോൾ ഏകദേശം ആ ഒരു രൂപം വരുന്ന രീതിയിൽ ആയി. അകത്തുള്ള കഷ്ണങ്ങളൊക്കെ ഞാൻ എവിടെയൊക്കെയോ ചുരുട്ടി വെച്ചു. ഇതിന് കാരണം അന്ന് ലൊക്കേഷനിൽ സ്ത്രീകൾ ഉണ്ടായിരുന്നില്ല. പക്ഷേ ഇന്ന് ഞാൻ ലൊക്കേഷനുകളിൽ പോകുമ്പോൾ സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടേഴ്സ് ആയിട്ടും കോസ്റ്റ്യൂമറായിട്ടും മേക്ക്അപ് ആർട്ടിസ്റ്റ് ആയിട്ടും സിനിമാറ്റോ​ഗ്രഫറായിട്ടും സ്റ്റിൽ ഫോട്ടോ​ഗ്രഫറായിട്ടും എല്ലാം സ്ത്രീകളുമുണ്ട്.

അപ്പോൾ അവർക്കും ഫാമിലി ലൈഫ് ഉണ്ട്, സിനിമ എന്ന് പറഞ്ഞ് കഴിഞ്ഞാൽ പത്ത് മുപ്പത് ദിവസം അല്ലെങ്കിൽ നാൽപ്പത് ദിവസം എന്നിങ്ങനെ സിനിമയ്ക്കനുസരിച്ച് രാത്രികളിലെല്ലാം നമ്മൾ ചിലപ്പോൾ വീട്ടിൽ നിന്ന് മാറി നിൽക്കേണ്ടി വരും”- നവ്യാ നായർ പറയുന്നു.

2001ൽ മലയാള സിനിമയിലെത്തിയ നവ്യ ഇതിനോടകം നാൽപ്പതോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. നന്ദനത്തിലെ “ബാലാമണി”യാണ് നവ്യയുടെ ഏറ്റവും ജനപ്രിയ കഥാപാത്രം. 2002-ൽ മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡും മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡും അവർ നേടി. മലയാളത്തിൽ പ്രധാനമായും ദിലീപിന്റെ നായികയായാണ് നവ്യ അഭിനയിച്ചിട്ടുള്ളത്.

2010ൽ വിവാഹിതയായ നവ്യ രണ്ട് വർഷത്തിന് ശേഷം വീണ്ടും അഭിനയിച്ചെങ്കിലും പിന്നീട് വലിയ ഇടവേള എടുക്കുകയായിരുന്നു. തുടർന്ന് ടെലിവിഷൻ പരിപാടികളിൽ സജീവമായ താരം 2022ൽ ഒരുത്തി എന്ന ചിത്രത്തിലാണ് വീണ്ടും അഭിനയിക്കുന്നത്.