”മമ്മൂക്കയാണ് തലതൊട്ടപ്പന്‍, അദ്ദേഹം പറയുന്നതിനപ്പുറം മോഹന്‍ലാല്‍ പോലും പോകില്ല” നടന്‍ നാസര്‍ ലത്തീഫ് മനസുതുറക്കുന്നു | Mohanlal | Mammootty | Nasser Latif


നാല് പതിറ്റാണ്ടിലേറെയായി സിനിമാലോകത്ത് നടനും നിര്‍മ്മാതാവുമായ നാസര്‍ ലത്തീഫ് ഒട്ടേറെ ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്. സിനിമയിലെ മുതിര്‍ന്ന താരങ്ങളുമായെല്ലാം അടുത്ത ബന്ധവുമുണ്ട്. താരസംഘടനയായ എഎംഎംഎയിലും അദ്ദേഹം സജീവമാണ്. താരസംഘടനയില്‍ മമ്മൂട്ടിയ്ക്കുള്ള പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകളാണ് ചര്‍ച്ചയാവുന്നത്. മാസ്റ്റര്‍ ബിന്‍ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

” മമ്മൂക്ക ആവശ്യമുള്ളിടത്ത് ഇടപെടാറുണ്ട്. മമ്മൂക്ക പറഞ്ഞാല്‍ അത് പറഞ്ഞതുപോലെയാണ്. അനുസരിക്കാറുമുണ്ട് എല്ലാവരും. മമ്മൂക്ക ഒരു തലതൊട്ടപ്പന്‍ എന്ന് പറയില്ലേ, ഇന്ന് മലയാളം സിനിമാ ഇന്റസ്ട്രിയിലെ എല്ലാമെല്ലാമായ മനുഷ്യന്‍, ഇന്‍ഡസ്ട്രി വാഴുന്ന ചക്രവര്‍ത്തി എന്നു തന്നെ പറയാം. ഇന്ന് അദ്ദേഹത്തിന്റെ വാക്കിനപ്പുറം ഒന്നുമില്ല.”

” ലാല്‍ ആണെങ്കില്‍ പോലും അദ്ദേഹത്തെ ഒരു ജേഷ്ഠനെപ്പോലെ കണ്ട്, ഇച്ചാച്ചിയെന്നാണ് വിളിക്കുന്നത്. മമ്മൂക്കയുടെ അനുജന്‍മാര്‍ ഇബ്രാഹിം കുട്ടിയും സക്കരിയയും വിളിക്കുന്നതുപോലെയാണ് ലാല്‍. ആ ഒരു ബഹുമാനവും സ്‌നേഹവും കൊടുക്കാറുണ്ട്. അടുത്ത ബന്ധമാണ് ഇരുവരും തമ്മില്‍. സിനിമാക്കാരും വിമര്‍ശകരും ഇവരെക്കുറിച്ച് എന്തൊക്കെ ശത്രുത പറഞ്ഞാലും ഇവര് തമ്മില്‍ അങ്ങനെയൊന്നും ഇല്ല. ”

” ഇവര്‍ ഒന്നാണ്, സഹോദരങ്ങളാണ്. അത്രയും സ്‌നേഹിച്ച് ജീവിക്കുന്ന അംഗങ്ങളാണ്. അത് വരുടെ ഐക്യമാണ്. മമ്മൂക്കയ്ക്ക് മമ്മൂക്കയുടേതായ ലെവലും സ്ഥാനമാനവുമുണ്ട്. ലാലിന് ലാലിന്റേതായിട്ടുള്ള സ്ഥാനമാനമുണ്ട്. രണ്ടുപേരും രണ്ടുപേരായിട്ട് നില്‍ക്കുന്നു.” അദ്ദേഹം പറഞ്ഞു.

മലയാള സിനിമയില്‍ കഴിവും ഭാഗ്യവും കൊണ്ട് ഉയരങ്ങളിലെത്തിയ താരമാണ് മമ്മൂട്ടിയും ലാലും. അവര്‍ പണ്ട് സത്യനും നസീറും നിന്നതുപോലെ രണ്ട് തൂണുപോലെ നില്‍ക്കുകയാണ്. ഇവര്‍ കഴിഞ്ഞിട്ടേ ഇന്റസ്ട്രിയില്‍ ഒരു കാര്യമുള്ളൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.