”സുബിയെ കാണാൻ പോകാതിരിക്കാൻ രണ്ട് കാരണങ്ങളുണ്ടായിരുന്നു, അതിലൊന്ന് വ്യക്തിപരം”; മനസ് തുറന്ന് നസീർ സംക്രാന്തി| Subi Suresh | naseer sankranthi|


നടി സുബി സുരേഷിന്റെ മരണം സിനിമാ മേഖലയിലുള്ളവർക്കും പ്രേക്ഷകർക്കുമെല്ലാം വലിയൊരു ആഘാതമായിരുന്നു. താരം രോ​ഗബാധിതയായിരുന്നെന്ന് വളരെ അടുത്ത സുഹൃത്തുക്കൾക്ക് മാത്രമേ അറിയുന്നുണ്ടായിരുന്നുള്ളു. അതുകൊണ്ട് തന്നെ സുബിയുടെ ആരാധകർ ഇത് ഉൾക്കൊള്ളാൻ ഏറെ പ്രയാസപ്പെട്ടു. സഹപ്രവർത്തകരോടെല്ലാം നല്ല ആത്മബന്ധം സൂക്ഷിച്ചിരുന്ന സുബിയെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവയ്ക്കുകയാണ് നടനും മിമിക്രി കലാകാരനുമായ നസീർ സംക്രാന്തി.

സുബിയുമായി ഏറ്റവും നല്ല സുഹൃത്ത് ബന്ധം സൂക്ഷിച്ചിരുന്ന ആളാണ് നടൻ നസീർ സംക്രാന്തിയും. നിരവധി ടെലിവിഷൻ പരിപാടികളിലും സ്റ്റേജ് ഷോകളിലും ഇവർ ഒന്നിച്ചെത്തിയിട്ടുണ്ട്. അതിനിടെ നസീറും സുബിയും തമ്മിൽ പ്രണയത്തിലാണെന്നും ഒളിച്ചോടിയെന്നുമുള്ള വാർത്തകൾ വന്നിരുന്നു. അത് ടെലിവിഷൻ പരസ്യത്തിന് ചെയ്തതാണെന്ന് പിന്നീടായിരുന്നു എല്ലാവർക്കും മനസിലായത്.

അതേസമയം, സുബിയുടെ മൃതദേഹം കാണാൻ നസീർ സംക്രാന്തി എത്തിയിരുന്നില്ല. അടുത്ത സുഹൃത്തുക്കൾ ആയിട്ടും നസീർ സുബിയെ അവസാനമായി ഒരു നോക്ക് കാണാൻ എത്താതിരുന്നത് ചെറുതായാണെങ്കിലും ചർച്ചയായി. എന്നാലിപ്പോൾ എന്തുകൊണ്ടാണ് താൻ സുബിയെ കാണാൻ പോകാതിരുന്നത് എന്ന് വ്യക്തമാക്കി രം​ഗത്തെത്തിയിരിക്കുകയാണ് നസീർ സംക്രാന്തി.

സുബിയെ കാണാൻ പോകാതിരിക്കാൻ രണ്ട് കാരണങ്ങളുണ്ടായിരുന്നു നസീറിന്. ഒന്നാമതായി തനിക്ക് അതേദിവസം മാറ്റിവെക്കാനാവാത്ത ഷൂട്ടിങ് ഉണ്ടായിരുന്നു. പിന്നെ സുബി അങ്ങനെ കിടക്കുന്നത് ഒരിക്കലും കാണാൻ കഴിയില്ല എന്നായിരുന്നു താരം പറഞ്ഞത്. ബിഹൈൻഡ് വുഡ്സ് ഐസിന് നൽകിയ അഭിമുഖത്തിലാണ് നടൻ മനസ് തുറന്നത്.

‘സുബിയെ കാണാൻ പോകാതിരുന്നതിന് രണ്ടു കാരണങ്ങളാണ് ഉണ്ടായിരുന്നത്. ഒന്ന് ഷൂട്ടിങ് ഉണ്ടായിരുന്നു. ഞാൻ എഗ്രിമെന്റ് വെച്ച് ചെയ്യുന്ന കാര്യമാണ്. എനിക്ക് അവിടെ നിന്ന് പോകാൻ കഴിഞ്ഞില്ല. രണ്ടാമത്തെ കാര്യം അവളുടെ ചിരിച്ച മുഖം ഇന്നും എന്റെ മനസ്സിൽ ഇങ്ങനെ കിടപ്പുണ്ട്. ഞാനുമായിട്ട് ഇടപഴകിയതും കളിയും ചിരിയും എല്ലാമുള്ള ആ മുഖം എന്റെ മനസ്സിൽ കിടപ്പുണ്ട്,’

‘അവൾ അങ്ങനെ കിടക്കുമ്പോൾ പോയി കാണാൻ എന്റെ മനസ് എന്നെ അനുവദിച്ചില്ല. എന്റെ കാര്യമാണ് ഞാൻ പറഞ്ഞത്. മറ്റുള്ളവരുടെ കാര്യം എനിക്ക് അറിയില്ല. ആ മുഖം എനിക്ക് കാണണ്ട. അവളുടെ ചിരിച്ച മുഖം മാത്രം മതിയെന്റെ മനസ്സിൽ,’ നസീർ സംക്രാന്തി പറഞ്ഞു.

നടി വീണ നായരായിരുന്നു നസീറിനെ സുബിയുടെ മരണകാര്യം ഫോണിൽ അറിയിച്ചത്, നസീർ മറ്റുള്ളവരെയെല്ലാം അറിയിച്ചു. പക്ഷേ, സുബിയെ കാണാൻ പോകാൻ താരം തയ്യാറായില്ല. ‘എനിക്ക് അതൊന്നും കാണാൻ പറ്റില്ല. ഞാൻ പോയിരുന്നെങ്കിൽ അവിടെ നിന്ന് കരഞ്ഞു പോയേനെ. ഞാൻ ചാനലിലെ ന്യൂസിൽ ഒക്കെയും അവളെക്കുറിച്ച് പറഞ്ഞായിരുന്നു. എന്നാലും അവിടെ പോയാൽ ഞാൻ കരയും. അത് ചാനലിലും ടിവിയിലും ഒക്കെ വരും എനിക്ക് അത് ഇഷ്ട്ടമല്ല,’- താരം വ്യക്തമാക്കി.

വളരെ സ്പൊണ്ടേനിയസ് ആയിട്ട് ഹാസ്യം കൈകാര്യം ചെയ്യുന്ന രണ്ടു പേരായിരുന്നു നസീറും സുഭിയും. ഇവർ ചേർന്നായിരുന്നു ഏറ്റവും കൂടുതൽ സ്റ്റാൻഡ് അപ്പ് ചെയ്തിരിക്കുന്നത്. ‘അവളുടെ മുഖമെല്ലാം എന്റെ ഹൃദയത്തിലുണ്ട്. ഞാൻ മരിക്കുന്നത് വരെ അത് അങ്ങനെ കാണും. കാണാൻ പോയില്ല എന്ന് പറഞ്ഞ് ആരും കുറ്റം പറയേണ്ട കാര്യമില്ല. ചോദിക്കുന്നവർക്ക് എന്തും ചോദിക്കാം. എന്റെ മനസ്സിൽ അവളുടെ ചിരിച്ച മുഖം മതി,’ നസീർ പറഞ്ഞവസാനിപ്പിച്ചു.