”പെരുന്നാളിന് പോയപ്പോള്‍ ഒരു ചേച്ചി എന്നോട് പറഞ്ഞു, ‘പെട്ടെന്ന് കെട്ടിക്കോളൂ, ഇല്ലേല്‍ ചീത്തപ്പേര് വരും”’ തനിക്കുണ്ടായ അനുഭവം വെളിപ്പെടുത്തി നടി വിന്‍സി അലോഷ്യസ്‌/ Vincy Aloshious


മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത നായിക നായകൻ എന്ന പരിപാടിയിലൂടെയാണ് വിൻസി അലോഷ്യസ് സ്ക്രീനിന് മുന്നിലെത്തുന്നത്. 2019ൽ പുറത്തിറങ്ങിയ വികൃതി എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്. ചിത്രത്തിലെ സീനത്ത് എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തുടർന്ന് കനകം കാമിനി കലഹം, ജനഗണമന, സോളമന്റെ തേനീച്ചകൾ, ഭീമന്റെ വഴി, വൈറ്റ് ആൾട്ടോ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു.

വിൻസിയുടെ ഏറ്റവും പുതിയ സിനിമ രേഖയാണ്. വിൻസി അലോഷ്യസിനെ കേന്ദ്ര കഥാപാത്രമാക്കി ജിതിൻ ഐസക്ക് തോമസ് സംവിധാനം ചെയ്യുന്ന രേഖ റിലീസിനൊരുങ്ങുകയാണ്. ഫെബ്രുവരി 10ന് ചിത്രം തിയേറ്ററുകളിലെത്തും. സിനിമയുടെ രചനയും ജിതിൻ തന്നെയാണ് നിർവഹിച്ചിരിക്കുന്നത്. സംവിധായകൻ കാർത്തിക് സുബ്ബരാജിന്റെ നിർമാണ കമ്പനിയായ സ്റ്റോൺ ബെഞ്ചേഴ്‌സ് അവതരിപ്പിക്കുന്ന ചിത്രത്തിൽ ഉണ്ണി ലാലു മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ദി എസ്‌കേപ് മീഡിയം, മിലൻ വി. എസ്, നിഖിൽ വി. എന്നിവർ ചേർന്നാണ് ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത്. അമിസാറാ പ്രൊഡക്ഷൻസാണ് രേഖ തിയേറ്ററുകളിൽ എത്തിക്കുന്നത്. രേഖയുടെ റിലീസുമായി ബന്ധപ്പെട്ട് ദി ജാങ്കോ സ്പേസ് എന്ന യൂട്യൂബ് ചാനലിന് താരം നൽകിയ ഇന്റർവ്യൂ ആണ് ഇപ്പോൾ ശ്രദ്ധേയമാകുന്നു.

വിൻസിയുടെ ഇന്റർവ്യൂവിന് മികച്ച പ്രതികരണമാണ് യൂട്യൂബിൽ ലഭിക്കുന്നത്. താരത്തിന്റെ ലളിതവും സത്യസന്ധവുമായ സംസാരരീതി തന്നെയാണ് അതിന് കാരണം. വിൻസി അലോഷ്യസും നടൻ ഉണ്ണി ലാലുവും ഒന്നിച്ചാണ് ഇന്റർവ്യൂവിൽ പങ്കെടുത്തിരിക്കുന്നത്. പെൺകുട്ടികൾക്ക് സേഫായ സ്ഥലമല്ല സിനിമാ മേഖലയെന്ന് തന്റെ നാട്ടിലെ പലർക്കും ഇപ്പോഴും ചിന്തയുണ്ടെന്നാണ് വിൻസി പറയുന്നത്. വ്യക്തിജീവിതത്തെക്കുറിച്ചുള്ള സംസാരത്തിനിടെയാണ് താരം ഇക്കാര്യം പറഞ്ഞത്.

‘രേഖ എന്ന കഥാപാത്രം എല്ലവരും നാട്ടിൻപുറങ്ങളിൽ കണ്ടുവരുന്ന ഒരു കുട്ടിയാണ്. നാട്ടിൻ പുറത്തെ കഥയാണ് സിനിമ പറയുന്നത്. ചെറിയ സ്റ്റണ്ട് പരിപാടിയൊക്കെ ഉണ്ട്. ചെറുതായി നടുവ് ഉളുക്കി ആശുപത്രിയിലായിരുന്നു. രേഖയിലെ കഥാപാത്രം വന്നത് മറ്റൊരു നടിക്ക് ആ കഥ ഇഷ്ടപ്പെടാത്തതുകൊണ്ടാണ്. ഭയങ്കര സ്ക്രിപ്റ്റ് സെലക്ഷൻ നേരത്തെ ചെയ്തിരുന്നില്ല.’- വിൻസി വ്യക്തമാക്കി.

‘നായിക നായകന്റെ ഷൂട്ട് നടക്കുമ്പോൾ വീട്ടുകാർക്ക് അറിയില്ലായിരുന്നു. പിന്നെ ടെലികാസ്റ്റിങ് അടുത്തപ്പോഴാണ് വീട്ടിൽ പറഞ്ഞത്. ആദ്യം അവർ സമ്മതിച്ചില്ല. വീട്ടുകാരെ സമ്മതിപ്പിച്ചെടുക്കാൻ കുറച്ച് ബുദ്ധിമുട്ടി. പെർഫോമൻസ് കണ്ട് ആളുകൾ അഭിപ്രായം പറഞ്ഞ് തുടങ്ങിയപ്പോഴാണ് വീട്ടുകാർ ഓക്കെയായത്.’

‘ഇപ്പോൾ അവർ പറയുന്നത് സിനിമ ചെയ്യാനാണ്. എന്റെ നാട്ടിലുള്ളവർ ചോദിക്കാറുണ്ട് സിനിമാ മേഖലയിൽ ഓക്കെ അല്ലേ..? പ്രശ്നങ്ങളൊന്നുമില്ലല്ലോയെന്ന്. കാരണം സിനിമ ജീവിതം പെൺകുട്ടികൾ സേഫ് അല്ലെന്ന ചിന്താ​ഗതി അവർക്കുണ്ട്. അടുത്തിടെ പെരുന്നാളിന് പോയപ്പോൾ ഒരു ചേച്ചി എന്നോട് പറഞ്ഞത് പെട്ടന്ന് കെട്ടിക്കോളൂ ഇല്ലേൽ ചീത്തപ്പേര് വരും എന്നാണ്’ വിൻസി അലോഷ്യസ് പറഞ്ഞു.- താരം വ്യക്തമാക്കി.