”നീ പെണ്ണുങ്ങളെ നിരസിക്കുമോടാ…” മുത്താരംകുന്ന് പി.ഒ ചിത്രീകരണത്തിനിടെ ഷൂട്ടിങ് സംഘത്തിന് തലവേദനയായ ആ രാഷ്ട്രീയക്കാരനെ ജഗദീഷിനൊപ്പം ചേര്‍ന്ന് ഓടിച്ചുവിട്ട കഥ പങ്കുവെച്ച് മുകേഷ്
സിനിമാ ഷൂട്ടിങ്ങിനിടെ പലതരം പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കാറുണ്ട്. അക്കൂട്ടത്തില്‍ പ്രധാനപ്പെട്ടതാണ് ഷൂട്ടിങ് സംഘത്തിനിടയില്‍ ഇത്തിക്കണ്ണിപോലെ അടുത്തുകൂടി ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന കൂട്ടര്‍. അത്തരമൊരാളെ ഓടിച്ചുവിട്ട കഥ പങ്കുവെക്കുകയാണ് നടന്‍ മുകേഷ്. മുകേഷ് സ്പീക്കിങ് എന്ന യൂട്യൂബ് ചാനലിലൂടെ നടന്‍ ജഗദീഷിനൊപ്പമുള്ള ഓര്‍മ്മകള്‍ പങ്കുവെക്കവെയാണ് മുകേഷ് ഈ കഥ പറയുന്നത്.
മുത്താരം കുന്ന് പി.ഒ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയായിരുന്നു സംഭവം. കൊട്ടാരക്കരയാണ് പ്രധാന ലൊക്കേഷന്‍. ഇവിടെ തങ്ങളുടെ സഹായത്തിനായി സൈമണ്‍ എസ്.കൊട്ടാരക്കര എന്ന പ്രാദേശിക രാഷ്ട്രീയ നേതാവിനെ കിട്ടിയതും ഇയാള്‍ പിന്നീട് വലിയ തലവേദനയായതും ഒടുക്കം താനും ജഗദീഷും ചേര്‍ന്ന് അവിടെ നിന്ന് ഓടിച്ചതുമാണ് മുകേഷ് ഓര്‍ക്കുന്നത്.
”സൈമണ്‍ എസ്. കൊട്ടാക്കര, അദ്ദേഹം ഒരു രാഷ്ട്രീയ പ്രവര്‍ത്തകനാണ്. കൊട്ടാരക്കരയുടെ കണ്ണിലുണ്ണിയാണ് എന്നാണ് അദ്ദേഹം പറയുന്നത്. ആരോ സിബി മലയിലിന് അദ്ദേഹത്തെ പരിചയപ്പെടുത്തിക്കൊടുത്തതാണ്. ഈ പ്രദേശത്തെ എല്ലാ വീടുകളും വീട്ടുകാരും അനുവാദം വാങ്ങലുമെല്ലാം ഇദ്ദേഹം വിചാരിച്ചാല്‍ നടക്കും. സൈമണ്‍ സര്‍വ്വ സമ്മതനാണ്, അതാവശ്യം രാഷ്ട്രീയ പിന്‍ബലമുണ്ട്. നമ്മള്‍ പറയുന്ന രീതിയിലുള്ള ലൊക്കേഷനുകള്‍ പെട്ടെന്ന് കണ്ടെത്തിത്തരും.” മുകേഷ് പറഞ്ഞു തുടങ്ങുന്നു.
” ആദ്യത്തെ രണ്ടുമൂന്നുദിവസം ഇദ്ദേഹം വളരെ സൗഹൃദപരമായാണ് ഇടപെട്ടത്. രണ്ട് മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ സൈമണ്‍ എസ്. കൊട്ടാരക്കര തനി സ്വരൂപം കാട്ടാന്‍ തുടങ്ങി.”
ഇലക്ഷന്‍ വര്‍ക്കും രാഷ്ട്രീയ വര്‍ക്കും മറ്റ് സ്വകാര്യ കാര്യങ്ങളുമെല്ലാം ചേര്‍ന്ന് ചെയ്യാനുള്ള സൗകര്യമായി തങ്ങളുടെ വണ്ടിയെ ഉപയോഗിക്കാന്‍ തുടങ്ങിയതോടെ ഷൂട്ടിങ് സംഘത്തിന് ഇയാള്‍ അപ്രിയനായി തുടങ്ങിയെന്ന് മുകേഷ്. ബാക്കിയുള്ളവര്‍ക്കൊന്നും വോയിസ് ഇല്ലാത്ത അവസ്ഥയായി. ഷൂട്ടിങ് സംഘത്തിന്റെ നിയന്ത്രണം തന്നെ ഇയാള്‍ കൈക്കലാക്കുന്ന തരത്തില്‍ കാര്യങ്ങള്‍ മുന്നോട്ടുപോയിക്കൊണ്ടിരിക്കുകയാണ്. ഇതിനേക്കാളും എല്ലാം ബുദ്ധിമുട്ട് സിബി മലയിലിനായിരുന്നു. ഇയാള്‍ അദ്ദേഹത്തിന്റെ മുറി കയ്യടക്കുകയും ഷൂട്ടിങ് കഴിഞ്ഞ് ക്ഷീണിച്ചുവരുമ്പോള്‍ ഇയാള്‍ കട്ടിലില്‍ കിടക്കുന്നുണ്ടാകും. ഭക്ഷണ സാധനങ്ങളെടുത്ത് കഴിക്കുക, കൈകഴുകാതെ ബെഡ് ഷീറ്റില്‍ തുടക്കുക.
നിങ്ങള്‍ എന്തെങ്കിലും ചെയ്ത് ഇയാളെ ഒഴിവാക്കണമെന്നാണ് സിബി മലയില്‍ തങ്ങളോട് ആവശ്യപ്പെട്ടത്. അയാളെ വെറുപ്പിക്കാന്‍ പാടില്ല, എന്നാല്‍ ഷൂട്ടിങ് സംഘത്തിന് ശല്യവുമാകാന്‍ പാടില്ല എന്നതായിരുന്നു ചാലഞ്ച്.
ഒരവസരം കിട്ടാനുള്ള കാത്തിരിപ്പില്‍ താന്‍ ഇരിക്കവെ അത്തരമൊരു സാഹചര്യം വന്നെത്തി- ” സൈമണ്‍ എസ് കൊട്ടാരക്കരയുടെ അടുത്തെത്തി ഞാന്‍ ചോദിച്ചു, താങ്കള്‍ വിവാഹിതനല്ലേ, ‘ഇല്ല ഞാന്‍ വിവാഹം കഴിച്ചിട്ടില്ല’. അതെന്താ കല്ല്യാണം കഴിക്കാത്തതെന്ന് ഞാന്‍ ചോദിച്ചു, തല്‍ക്കാലം വേണ്ടെന്ന് വെച്ചതാണെന്ന് പറഞ്ഞു. സത്യം പറ, ആരെയെങ്കിലും പ്രേമിക്കുന്നുണ്ടോ, നിരാശാ കാമുകനാണോ. അപ്പോള്‍ സൈമണ്‍ പറഞ്ഞു, നിരാശാ കാമുകനായിട്ട് ഞാന്‍ മാറേണ്ട കാര്യമില്ല, നിരാശാ കാമുകിമാരുകാണും, കൊട്ടാരക്കര കോളേജില്‍ പഠിക്കുന്ന സുന്ദരികളാണ് എത്ര പേര് എന്റടുത്ത് വന്നിട്ടുണ്ട്.”
ഉടനെ താന്‍ ജഗദീഷിനെ വിളിച്ച് പറഞ്ഞ്, ‘നീ കേട്ടോ ഇതൊക്കെ. ഇയാളെ എത്രയോ പെണ്‍കുട്ടികള്‍ആഗ്രഹിച്ചിട്ട് പുറംകാലുകൊണ്ട് തട്ടിക്കളയുകയാണ്. ഇയാളെ വെറുതെ വിടാമോ?” എന്ന് ചോദിച്ചു.
‘അത് പോരാ ശിക്ഷിക്കണം’എന്ന് ജഗദീഷ് പറഞ്ഞു. ഉടനെ ഞാന്‍ അയാളുടെ കയ്യില്‍ പിടിച്ച് ചിരിച്ചോട്ട് ‘നീ പെണ്ണുങ്ങളെ നിരസിക്കുമോടോ’ എന്ന് ഒരിടി കൊടുത്തു. നന്നായി വേദനിച്ചെങ്കിലും കോമഡി സീനല്ലേയെന്ന് കരുതി അയാള്‍ ചിരിച്ച് നിന്നു. ഉടനെ താന്‍ കൈ പിടിച്ച് കൊടുക്കുകയും ജഗദീഷ് മുതുകത്ത് നല്ലരീതിയില്‍ ഒരിടിവെച്ചു കൊടുക്കുകയും ചെയ്തു.
ഇങ്ങനെ പെണ്ണുങ്ങളുടെ പ്രേമം നിരസിച്ചോടോ എന്ന് ചോദിച്ച് തലങ്ങും വിലങ്ങും താനും ജഗദീഷും ഇടിക്കാന്‍ തുടങ്ങിയതോടെ സൈമണ്‍ എസ്. കൊട്ടാരക്കര അവിടംവിട്ട് ഓടുകയായിരുന്നെന്നും മുകേഷ് പറയുന്നു.