”സിദ്ധിക്- ലാലുമാരോടുള്ള ദേഷ്യമാണ് ബാക്കിയുള്ള സംവിധായകരും പ്രൊഡ്യൂസർമാരും എന്റെ പുറത്ത് കൊണ്ട് വെച്ചത്”; അതുകൊണ്ട് ഒരിക്കലും മുൻനിര നായകനാകാൻ കഴിഞ്ഞില്ലെന്ന് നടൻ മുകേഷ്| Mukesh | Sidhiq Lal
പ്രശസ്ത നാടക അഭിനേതാക്കളായിരുന്ന ഒ.മാധവന്റെയും, വിജയകുമാരിയുടെയും മകനായ മുകേഷ് നാടകങ്ങളിലൂടെയാണ് സിനിമയിലേക്കെത്തിയത്. ഏത് വേഷമാണെങ്കിലും വളരെ മനോഹരമായി കൈകാര്യം ചെയ്യുന്ന മുകേഷ് നായകനായി അഭിനയിച്ചിട്ടുണ്ടെങ്കിലും ഒരിക്കലും മലയാളത്തിലെ മുൻനിര നായകമാരിൽ ഒരാളായി മാറിയില്ല. ഇതിന്റെ കാരണം എന്താണെന്ന് മുകേഷ് തന്നെ തുറന്ന് പറയുകയാണ്.
എന്തുകൊണ്ടാണ് മലയാളത്തിലെ മുൻനിര നടനായി മാറാഞ്ഞതെന്ന് തന്നോട് പലരും ചോദിക്കാറുണ്ട്. താനും അതേപ്പറ്റി ആലോചിച്ചിരുന്നു. സിദ്ധിഖ്- ലാലുമാരാണ് അതിന് കാരണമെന്ന് അപ്പോഴാണ് മനസിലായത് എന്നാണ് മുകേഷ് പറയുന്നത്. മുകേഷും ലാലും ചേർന്ന് മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറയുന്നത്.
”ഒരുപാട് പേർ എന്നോട് ചോദിക്കും, എന്താണ് സൂപ്പർസ്റ്റാർ ആവാതിരുന്നത് എന്ന്. അപ്പോൾ ഞാൻ അതേപ്പറ്റി കുറെ ഇരുന്ന് ആലോചിച്ചു. നമ്മൾ റോളിന് വേണ്ടി ഒരാളെ സമീപിച്ചിട്ടുണ്ടാവില്ല. പക്ഷേ കിട്ടുന്നത് എങ്ങനെയും ചെയ്യും. അതിന് വേണ്ടി ആത്മാർത്ഥമായി പ്രവർത്തിക്കുന്ന ആളാണ്. പിന്നീട് എനിക്ക് മനസിലായി, ഈ സിദ്ധിഖ്- ലാലുമാരോടുള്ള ദേഷ്യമാണ് ബാക്കിയുള്ള സംവിധായകരും പ്രൊഡ്യൂസർമാരും എന്റെ പുറത്ത് കൊണ്ട് വെച്ചത്.
കാര്യം ഇവരുടെ ഒരു പടം ഇറങ്ങുമ്പോൾ ബാക്കി എല്ലാം പൊളിയുന്നു. വലിയ വലിയ പടങ്ങൾ പൊളിയുന്നു. ഇവരുടെ റിലീസ് അനുസരിച്ച് നാണക്കേട് ആണെങ്കിലും ശരി വ്യവസായം ഇതിനകത്ത് ഉള്ളത് കൊണ്ട് തങ്ങളുടെ പടങ്ങൾ മാറ്റി വെക്കുന്നു. അതുപോലെ എന്നെക്കാണുമ്പോൾ പലരും പറയും, ഇപ്പോൾ നിങ്ങളെ മതി കേട്ടോ, വേറെ ആരെയും വേണ്ട. ആ കാലഘട്ടത്തിൽ പ്രധാനപ്പെട്ട പടങ്ങൾ എടുക്കുന്ന സംവിധായകരും പ്രൊഡ്യൂസർമാരും ആരും തന്നെ നമ്മളെ ഹീറോ ആയിട്ടോ അല്ലെങ്കിൽ പ്രധാനപ്പെട്ട ഒരു വേഷം തരാനോ തയാറായില്ല”- മുകേഷ് വ്യക്തമാക്കി.
1985-ൽ റിലീസായ മുത്താരംകുന്ന് പി.ഒ, ബോയിംഗ് ബോയിംഗ് എന്നീ ചിത്രങ്ങൾ മുകേഷിനെ മലയാള സിനിമയിലെ ശ്രദ്ധേയതാരമാക്കിയെങ്കിലും 1989ൽ സിദ്ധിഖ്-ലാൽ സംവിധാനം ചെയ്ത റാംജി റാവു സ്പീക്കിങ് എന്ന സിനിമയായിരുന്നു മുകേഷിന്റെ കരിയറിൽ ബ്രേക്കിങ് പോയിന്റ് ആയത്. തുടർന്ന് ഈ കൂട്ടുകെട്ടിലിറങ്ങിയ നിരവധി ചിത്രങ്ങളുടെ ഭാഗമാകാൻ മുകേഷിന് കഴിഞ്ഞു. ഇൻ ഹരിഹർ നഗർ, മാന്നാർ മത്തായി സ്പീക്കിങ്, ഗോഡ്ഫാദർ തുടങ്ങിയവയെല്ലാം അതിൽ പ്രധാനപ്പെട്ട ചിത്രങ്ങളായിരുന്നു.
മുകേഷ്-മോഹൻലാൽ, മുകേഷ്-ജയറാം, മുകേഷ്-ജഗദീഷ് എന്നീ കൂട്ടുകെട്ടിൽ ധാരാളം സിനിമകൾ ഒരു കാലഘട്ടത്തിൽ മലയാളത്തിൽ ഹിറ്റുകളായിരുന്നു. പിന്നീട് അദ്ദേഹം നായികസ്ഥാനത്ത് നിന്ന് മാറി സ്വഭാവ വേഷങ്ങളിൽ കേന്ദ്രീകരിച്ചു. വിനോദയാത്ര, ഉദയനാണ് താരം എന്നീ സിനിമകളിലെ സപ്പോർട്ടിംഗ് റോളുകൾ പ്രേക്ഷക പ്രീതി നേടിയവയാണ്.