‘ജയറാമിനൊപ്പം അഭിനയിക്കാന്‍ മുകേഷ് ചില കണ്ടീഷനുകള്‍ മുന്നോട്ടുവച്ചു, അംഗീകരിക്കാന്‍ കഴിയാത്തതിനാല്‍ ആ സൂപ്പര്‍ഹിറ്റ് ചിത്രത്തിലെ റോളില്‍ നിന്ന് മുകേഷിനെ മാറ്റി മറ്റൊരു താരത്തെ വയ്‌ക്കേണ്ടി വന്നു’; വെളിപ്പെടുത്തലുമായി സംവിധായകന്‍ രാജസേനന്‍ | Jayaram | Mukesh | Rajasenan


മലയാളികള്‍ ഹൃദയം കൊണ്ട് സ്വീകരിച്ച ഒരുപിടി നല്ല ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് രാജസേനന്‍. അദ്ദേഹത്തിന്റെതായി അവസാനം പുറത്തിറങ്ങിയ ചിത്രങ്ങള്‍ എല്ലാം വലിയ പരാജയങ്ങളായിരുന്നെങ്കിലും പണ്ട് അദ്ദേഹം സംവിധാനം ചെയ്ത പല ചിത്രങ്ങളും ഇപ്പോഴും മലയാളികള്‍ വീണ്ടും വീണ്ടും കാണാറുണ്ട്. പണ്ടത്തെ രാജസേനന്‍ ചിത്രങ്ങളെല്ലാം ബോക്‌സ് ഓഫീസിലും വലിയ വിജയങ്ങളായിരുന്നു.

1982 ല്‍ മരുപ്പച്ച എന്ന ചിത്രത്തില്‍ സംവിധാന സഹായിയായാണ് രാജസേനന്‍ സിനിമാലോകത്തേക്ക് ചുവടുവയ്ക്കുന്നത്. തുടര്‍ന്നും ചില ചിത്രങ്ങളില്‍ സംവിധാനസഹായിയായി പ്രവര്‍ത്തിച്ച രാജസേനന്‍ 1984 ലാണ് സ്വതന്ത്ര സംവിധായകനാകുന്നത്. പാവം ക്രൂരന്‍ ആണ് രാജസേനന്‍ സംവിധാനം ചെയ്ത ആദ്യ ചിത്രം. തുടര്‍ന്നിങ്ങോട്ട് നാല്‍പ്പതോളം ചിത്രങ്ങളാണ് അദ്ദേഹം മലയാളത്തിന് സമ്മാനിച്ചത്.

ജയറാമിനെ നായകനാക്കിയാണ് രാജസേനന്‍ തന്റെ കരിയറിലെ ഹിറ്റ് ചിത്രങ്ങളില്‍ ഭൂരിഭാഗവും സംവിധാനം ചെയ്തത്. പതിനാറ് ചിത്രങ്ങളാണ് രാജസേനന്‍-ജയറാം കൂട്ടുകെട്ടില്‍ പിറന്നത്. ഏതാണ്ട് എല്ലാ ചിത്രങ്ങളും മലയാളികളെ പൊട്ടിച്ചിരിപ്പിക്കുന്നതും കഥാമൂല്യമുള്ളതും സൂപ്പര്‍ഹിറ്റുകളുമായിരുന്നു. സംവിധാനത്തിന് പുറമെ അഭിനയത്തിലും ചുവടുവച്ച രാജസേനന്‍ അടുത്തിടെ രാഷ്ട്രീയത്തിലും സജീവമായി. 2016 ലെ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച അദ്ദേഹം പക്ഷേ തോറ്റുപോവുകയായിരുന്നു.

മേലേപ്പറമ്പില്‍ ആണ്‍വീട്, ആദ്യത്തെ കണ്‍മണി, അനിയന്‍ബാവ ചേട്ടന്‍ബാവ, സ്വപ്‌നലോകത്തെ ബാലഭാസ്‌കരന്‍, ദില്ലിവാല രാജകുമാരന്‍, ദി കാര്‍, കഥാനായകന്‍, കൊട്ടാരംവീട്ടില്‍ അപ്പൂട്ടന്‍, ഞങ്ങള്‍ സന്തുഷ്ടരാണ്, മലയാളി മാമന് വണക്കം, മധുചന്ദ്രലേഖ, കനകസിംഹാസനം, സി.ഐ.ഡി ഉണ്ണികൃഷ്ണന്‍ ബി.എ ബി.എഡ് തുടങ്ങിയ ചിത്രങ്ങളെല്ലാം എന്നെന്നും മലയാളികള്‍ ഓര്‍ത്തിരിക്കുന്ന രാജസേനന്‍ ചിത്രങ്ങളാണ്. ജയറാമിനെ ജനപ്രിയമാക്കിയതില്‍ രാജസേനന്‍ ചിത്രങ്ങള്‍ക്കുള്ള പങ്ക് വളരെ വലുതാണെന്ന് ഈ പട്ടിക കാണുമ്പോള്‍ തന്നെ അറിയാം.

ഇക്കൂട്ടത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട കോമഡി സൂപ്പര്‍ഹിറ്റ് ചിത്രമാണ് സി.ഐ.ഡി ഉണ്ണികൃഷ്ണന്‍ ബി.എ ബി.എഡ്. ജയറാമിന് പുറമെ ജഗതി ശ്രീകുമാര്‍, മണിയന്‍പിള്ള രാജു എന്നിവരും ചിത്രത്തില്‍ തുല്യപ്രാധാന്യമുള്ള വേഷങ്ങളിലെത്തി. ഇന്ദ്രന്‍സ്, സുകുമാരന്‍, രോഹിണി, ചിപ്പി, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, കല്‍പ്പന, നരേന്ദ്രപ്രസാദ്, ജനാര്‍ദ്ദനന്‍, കെ.പി.എ.സി ലളിത എന്നിവരടങ്ങിയ വമ്പന്‍ താരനിരയും ചിത്രത്തിലുണ്ട്.

ശശിധരന്‍ ആറാട്ടുപുഴ രചിച്ച ചിത്രം നിര്‍മ്മിച്ചത് മാണി സി. കാപ്പനായിരുന്നു. ഈ ചിത്രത്തെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയാണ് ഇപ്പോള്‍ സംവിധായകന്‍ രാജസേനന്‍. ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രമായി മുകേഷിനെ പരിഗണിച്ചിരുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി. എന്നാല്‍ മുകേഷ് മുന്നോട്ട് വച്ച ചില ഡിമാന്റുകള്‍ കാരണം മാറിച്ചിന്തിക്കേണ്ടിവന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘വളരെ വലിയ വിജയമായിരുന്നു മേലേപ്പറമ്പില്‍ ആണ്‍വീട്. ഈ ചിത്രത്തിന് ശേഷം അടുത്തതായി ഏത് തരത്തിലുള്ള സിനിമ ചെയ്യണമെന്നായിരുന്നു എന്റെയും ജയറാമിന്റെയും ആലോചന. മേലേപ്പറമ്പില്‍ ആണ്‍വീട് വലിയ വിജയമായതിനാല്‍ അടുത്ത സിനിമ പരാജയമാകരുത് എന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. എനിക്കൊപ്പം ജയറാമും ചില കഥകള്‍ നോക്കുന്നുണ്ടായിരുന്നു. അങ്ങനെയാണ് അയലത്തെ വീട്ടിലെ അദ്ദേഹം എന്ന ചിത്രം എഴുതിയ ശശിയെ വിളിച്ച് സംസാരിക്കുന്നത്. വ്യത്യസ്തമായ കഥകള്‍ ഉണ്ടോ എന്നാണ് അദ്ദേഹത്തോട് ചോദിച്ചത്.’ -രാജസേനന്‍ പറഞ്ഞു.

‘അദ്ദേഹമാണ് മൂന്ന് ചെറുപ്പക്കാര്‍ സി.ഐ.ഡി ആകാന്‍ നടക്കുന്ന കഥ പറഞ്ഞത്. അതിലൊരാള്‍ ബി.എഡ്ഡുകാരനുമാണ്. ബി.എഡ്ഡുകാരനാണെങ്കിലും അയാള്‍ക്ക് സി.ഐ.ഡി ആവണമെന്നാണ് ആഗ്രഹം. അതുകൊണ്ട് അധ്യാപക ജോലിക്ക് അയാള്‍ പോകില്ല. ഇത് കേട്ടപ്പോള്‍ എനിക്ക് വ്യത്യസ്തമായി തോന്നി. നമുക്ക് ആലോചിക്കാമെന്ന് ഞാന്‍ പറഞ്ഞു. ശശിയോട് കഥ വികസിപ്പിക്കാന്‍ പറഞ്ഞിട്ട് ഞാന്‍ ജയറാമിനെ വിളിച്ച് പറഞ്ഞു.’

‘ജയറാമും സമ്മതം മൂളി. ഞങ്ങള്‍ ഇരുന്ന് ചര്‍ച്ച ചെയ്ത് ഒടുവില്‍ കഥ ഡെവലപ്പ് ആയി. സിനിമയ്ക്ക് ഞങ്ങള്‍ പേരിട്ടു. സി.ഐ.ഡി ഉണ്ണികൃഷ്ണന്‍ ബി.എ ബി.എഡ്. ടൈറ്റിലായി ഒരു സോഫ്റ്റ് പേരാണ് ഇട്ടത്. അവിടെ തുടങ്ങിയ ചര്‍ച്ചയാണ് 101 ദിവസം തിയേറ്ററുകളില്‍ ഓടിയ സിനിമയായി മാറിയത്.’

‘ചിത്രത്തിന്റെ കാസ്റ്റിങ് ഘട്ടത്തില്‍ ഞങ്ങള്‍ക്ക് വേണ്ടിയിരുന്നത് മൂന്ന് ഹീറോകളെയാണ്. ആദ്യത്തെയാള്‍ ജയറാം തന്നെയാണ്. പിന്നെ ഉമ്മച്ചനായി ജഗതി ശ്രീകുമാറും. ആ റോള്‍ മറ്റൊരാള്‍ക്കും പറ്റില്ല. അടുത്ത റോളാണ് കണ്‍ഫ്യൂഷനുണ്ടാക്കിയത്. മുകേഷിനെയാണ് ആദ്യം ആലോചിച്ചത്. മുകേഷ് കത്തി നില്‍ക്കുന്ന സമയമാണ്.’

‘എന്നാല്‍ മുകേഷ് ചില കണ്ടീഷനുകള്‍ മുന്നോട്ട് വച്ചു. ആ കണ്ടീഷനുകള്‍ ഞങ്ങള്‍ക്ക് അംഗീകരിക്കാന്‍ കഴിയുന്നവയായിരുന്നില്ല. അതോടെയാണ് മറ്റൊരാളെ നോക്കിയതും മണിയന്‍പിള്ള രാജുവിലേക്ക് എത്തുന്നതും. കഥ കേട്ടപ്പോള്‍ തന്നെ മണിയന്‍പിള്ള രാജു ഓ.കെ പറഞ്ഞു. യാതൊരു ഡിമാന്റുമില്ലാതെ അദ്ദേഹം ആ റോള്‍ ചെയ്യാമെന്നേറ്റു. സ്‌ക്രിപ്റ്റ് വായിച്ച് മണിയന്‍പിള്ള രാജു പറഞ്ഞത് ഇതിലെ ഇന്ദ്രന്‍സിന്റെ റോളാണ് ഏറ്റവും മികച്ചത്. ഇന്ദ്രന്‍സിന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു സി.ഐ.ഡി ഉണ്ണികൃഷ്ണനിലെ കഥാപാത്രം.’ -രാജസേനന്‍ പറഞ്ഞുനിര്‍ത്തി.

Content Highlights / English Summary: Director Rajasenan opens up against Mukesh about the casting in Jayaram movie CID Unnikrishnan B.A.Remove term: B.Ed. B.Ed.