”മോഹന്‍ലാലിന് ഒരു താല്‍പര്യവുമില്ലായിരുന്നു, അദ്ദേഹത്തിന് പൂജ്യം മാര്‍ക്ക് കൊടുത്ത ജഡ്ജസുണ്ട്, ഫാസിലിനുണ്ടായ സ്പാര്‍ക്കാണ് അന്ന് തുണയായത്” മോഹന്‍ലാല്‍ സിനിമയില്‍ അഭിനയിക്കാനുണ്ടായ സാഹചര്യം വെളിപ്പെടുത്തി മുകേഷ് | Mohanlal | Mukesh | Manjil Virinja Pookkal


ലയാള സിനിമയില്‍ പകരം വെക്കാനില്ലാത്ത താരമാണ് മോഹന്‍ലാല്‍. അഭിനയ മികവുകൊണ്ട് ലക്ഷക്കണക്കിന് മലയാളികളുടെ മനസില്‍ കൂടുകൂട്ടിയ താരം. ഫാസില്‍ സംവിധാനം ചെയ്ത മഞ്ഞില്‍വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തില്‍ വില്ലന്‍വേഷം ചെയ്തുകൊണ്ടാണ് മോഹന്‍ലാല്‍ സിനിമയില്‍ അരങ്ങേറിയത്. തുടക്കകാലത്ത് വില്ലന്‍ വേഷങ്ങളായിരുന്നു മോഹന്‍ലാല്‍ ചെയ്തിരുന്നത്.

മഞ്ഞിള്‍വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തിയ സാഹചര്യം വെളിപ്പെടുത്തുകയാണ് നടന്‍ മുകേഷ്. മുകേഷ് സ്പീക്കിങ് എന്ന യൂട്യൂബ് ചാനലിലൂടെ താന്‍ സിനിമയിലെത്തിയ സംഭവങ്ങള്‍ ഓര്‍ക്കവെയായിരുന്നു മുകേഷിന്റെ പരാമര്‍ശം

” മഞ്ഞില്‍ വിരിഞ്ഞ പൂക്കളിന്റെ” ഓഡീഷന്‍ നടക്കുകയാണ്. ഫാസിലിന്റെ ആദ്യ ചിത്രമാണ്. പുതുമുഖങ്ങളെ ആവശ്യമുണ്ടെന്ന് പറഞ്ഞ് അദ്ദേഹം ഒരു പരസ്യം കൊടുത്തു. മോഹന്‍ലാലിന് ഒരു താല്‍പര്യവുമില്ലായിരുന്നു. എന്നെയൊക്കെ ആര് വിളിക്കാനാണ്, എന്ന ചിന്തയായിരുന്നു മനസില്‍” മുകേഷ് പറയുന്നു.

മോഹന്‍ലാലിന്റെ കൂട്ടുകാരാണ് നിര്‍ബന്ധിച്ച് ഫോട്ടോയെടുത്ത് ആലപ്പുഴയിലെത്തിച്ചത്. ആ ഫോട്ടോകണ്ടാണ് മോഹന്‍ലാലിനെ ഇന്റര്‍വ്യൂവിന് വിളിച്ചത്.

” എന്നാല്‍ അപ്പോഴും മോഹന്‍ലാലിന് വലിയ പ്രതീക്ഷയുണ്ടായിരുന്നില്ല. വെറുതെ അവിടംവരെ പോകുകയാണ്, എന്നെയൊന്നും വിളിക്കില്ലയെന്ന ധാരണയായിരുന്നു. സുഹൃത്തുക്കള്‍ നിര്‍ബന്ധിച്ചാണ് ഇന്റര്‍വ്യൂവിന് വിട്ടത്.”

” മൂന്നോ നാലോ ജഡ്ജസ് മാരുണ്ട്. അതില്‍ ഫാസില്‍ അന്നത്തെ കാലത്ത് നൂറില്‍ 95 മാര്‍ക്ക് കൊടുത്തു. പൂജ്യം മാര്‍ക്ക് കൊടുത്ത ജഡ്ജസുണ്ട്. അക്കാലത്തെ പ്രശസ്തനായിരുന്നു. അവര്‍ ഇംപ്രസ്ഡ് ആയില്ല. പക്ഷേ ടോട്ടാലിറ്റിയില്‍ മോഹന്‍ലാലിന് മാര്‍ക്ക് കൂടി. ഫാസില്‍ പിന്നീടുള്ള അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട് ‘ ആ വന്നു നരേന്ദ്രന്‍’ എന്ന് പറഞ്ഞപ്പോള്‍ തന്നെ ഇവന്‍ ഒരു സംഭവമാണ് എന്ന് അദ്ദേഹത്തിന്റെ മനസില്‍ കത്തിയിരുന്നുവെന്ന്.” മുകേഷ് വെളിപ്പെടുത്തുന്നു.