”എന്താ പറയേണ്ടത് എൻ്റെ ഇന്നസെൻ്റ്… തണലും തലോടലുമായ നിങ്ങളുടെ വേർപാടിൻ്റെ സങ്കടം എങ്ങനെ വാക്കുകളിൽ ഒതുക്കും എന്നറിയില്ല”; ഇന്നസെന്റിന്റെ വേർപാടിൽ മോഹൻലാൽ| Innocent | Mohanlal
നടൻ ഇന്നസെന്റിന്റെ വിയോഗത്തിൽ അതി വൈകാരികമായി പ്രതികരിച്ച് നടൻ മോഹൻലാൽ. സിനിമയ്ക്കകത്തും പുറത്തും അടുത്ത സുഹൃത്തുക്കളായിരുന്നു മോഹൻലാലും ഇന്നസെന്റും. ഇത് താരങ്ങൾ തന്നെ വെളിപ്പെടുത്തിയതുമാണ്. ഇപ്പോൾ ഇന്നസെന്റിന്റെ വിയോഗത്തിൽ ഏറെ വേദന തോന്നുന്ന കുറിപ്പാണ് മോഹൻലാൽ തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്.
ആ പേരുപോലെ തന്നെ നിഷ്കളങ്കമായി ലോകത്തിന് മുഴുവൻ നിറഞ്ഞ ചിരിയും സ്നേഹവും സാന്ത്വനവും പകർന്ന്, ഒപ്പമുള്ളവരെ ഒരു സഹോദരനെപ്പോലെ ചേർത്തുപിടിച്ച്, എന്ത് കാര്യത്തിനും കൂടെ നിന്ന്, തണലും തലോടലുമായ നിങ്ങളുടെ വേർപാടിന്റെ സങ്കടം എങ്ങനെ വാക്കുകളിൽ ഒതുക്കും എന്നറിയില്ലെന്ന് എന്ന് മോഹൻലാൽ കുറിച്ചു.
മോഹൻലാലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെ
എന്താ പറയേണ്ടത് എൻ്റെ ഇന്നസെൻ്റ് … ആ പേരുപോലെ തന്നെ നിഷ്കളങ്കമായി ലോകത്തിന് മുഴുവൻ നിറഞ്ഞ ചിരിയും സ്നേഹവും സാന്ത്വനവും പകർന്ന്, ഒപ്പമുള്ളവരെ ഒരു സഹോദരനെപ്പോലെ ചേർത്തുപിടിച്ച്, എന്ത് കാര്യത്തിനും കൂടെ നിന്ന്, തണലും തലോടലുമായ നിങ്ങളുടെ വേർപാടിൻ്റെ സങ്കടം എങ്ങനെ വാക്കുകളിൽ ഒതുക്കും എന്നറിയില്ല. പോയില്ല എന്ന് വിശ്വസിക്കാനാണ് ഇപ്പോഴും മനസ്സ് പറയുന്നത്. ഓരോ നിമിഷവും ആ നിഷ്കളങ്ക ചിരിയും സ്നേഹവും ശാസനയുമായി എൻ്റെ ഇന്നസെൻ്റ് എന്നും കൂടെത്തന്നെ ഉണ്ടാവും. എവിടെ ആണെങ്കിലും എന്ത് കാര്യത്തിനും ഓടിവരാൻ ഇനിയും നിങ്ങൾ ഇവിടെത്തന്നെ കാണും…
അതേസമയം, അന്തരിച്ച നടനും എംപിയുമായ ഇന്നസെന്റിനെ അവസാനമായി ഒരുനോക്ക് കാണാനും അന്ത്യാഞ്ജലിയർപ്പിക്കാനുമെത്തുന്നത് നിരവധി പേർ. രാവിലെ എട്ടുമണിമുതൽ കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന പൊതുദർശനത്തിലേക്കാണ് ജനപ്രവാഹം. മൃതദേഹം 11 മണിയോടെ സ്വദേശമായ ഇരിങ്ങാലക്കുടയിലേക്ക് കൊണ്ടുപോവും.
വൈകീട്ട് 3.30 മണിവരെ ഇരിങ്ങാലക്കുട ടൗൺഹാളിൽ പൊതുദർശനമുണ്ടാവും. ശേഷം വീട്ടിലേക്ക് കൊണ്ടുപോവും. ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിൽ ചൊവ്വാഴ്ച രാവിലെ 10നാണ് സംസ്കാരം. കൊച്ചിയിലെ വി.പി.എസ്. ലേക്‌ഷോർ ആശുപത്രിയിൽ ഞായറാഴ്ച രാത്രി 10.30-ഓടെയായിരുന്നു ഇന്നസെന്റിന്റെ അന്ത്യം. രാത്രിയോടെ ആശുപത്രിയിലെത്തിയ മന്ത്രിമാരായ പി. രാജീവ്, ആർ. ബിന്ദു തുടങ്ങിയവരടങ്ങിയ സംഘമാണ് മരണവിവരമറിയിച്ചത്.
ഇന്നസെന്റ് മൂന്നാഴ്ചയോളമായി ന്യുമോണിയയും മറ്റസുഖങ്ങളും ബാധിച്ച് ചികിത്സയിലായിരുന്നു. ആദ്യം ഐസൊലേഷൻ വാർഡിലും പിന്നീട് ഐ.സി.യു.വിലുമായിരുന്നു. ഞായറാഴ്ച രാത്രിയോടെ നില വഷളാവുകയായിരുന്നു.