ചേട്ടച്ഛനായി കുഞ്ഞിക്ക എത്തുമോ? മോഹന്‍ലാല്‍ ചിത്രം പവിത്രം തമിഴിലേക്ക് റീമേക്ക് ചെയ്യുന്നു; നായകനായി ദുല്‍ഖര്‍ സല്‍മാന്‍ എന്ന് റിപ്പോര്‍ട്ട് | Mohanlal Movie Pavithram | Tamil Remake | Dulquer Salmaan


മികച്ച കഥ, അഭിനയ മുഹൂര്‍ത്തങ്ങള്‍, ഗാനങ്ങള്‍ എന്നിവയെല്ലാം കൊണ്ട് ശ്രദ്ധിക്കപ്പെട്ട മലയാള ചിത്രമാണ് പവിത്രം. മോഹന്‍ലാല്‍, തിലകന്‍, സീമ, ശോഭന, നെടുമുടി വേണു, ശ്രീനിവാസന്‍, ഇന്നസെന്റ് തുടങ്ങിയ വലിയ താരനിര അണിനിരന്ന ചിത്രം 1994 ഫെബ്രുവരിയിലാണ് തിയേറ്ററുകളിലെത്തിയത്. ടി.കെ.രാജീവ് കുമാറാണ് ചിത്രം സംവിധാനം ചെയ്തത്.

വാര്‍ധക്യത്തിലേക്ക് ചുവടുവയ്ക്കുമ്പോള്‍ ഗര്‍ഭിണിയാവുന്ന അമ്മ പ്രസവത്തോടെ മരിക്കുന്നതിനെ തുടര്‍ന്ന് സ്വന്തം അനിയത്തിയെ മകളായി വളര്‍ത്തുന്ന ചേട്ടച്ഛന്റെ കഥയാണ് പവിത്രം പറയുന്നത്. ചേട്ടച്ഛനായി മോഹന്‍ലാലാണ് വെള്ളിത്തിരയിലെത്തിയത്. മോഹന്‍ലാലിന്റെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ് പവിത്രത്തിലെ ചേട്ടച്ഛന്‍.

സമാനമായ പ്രമേയമാണ് 2018 ല്‍ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രം ബദായി ഹോ കൈകാര്യം ചെയ്തത്. എന്നാല്‍ ഇത് പവിത്രത്തിന്റെ റീമേക്ക് ആയിരുന്നില്ല. ആയുഷ്മാന്‍ ഖുരാന പ്രധാനവേഷത്തിലെത്തിയ ഹിന്ദി ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിച്ചത്. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിലേക്ക് ചിത്രം റീമേക്ക് ചെയ്യപ്പെട്ടിട്ടുണ്ട്.

പ്രമേയത്തില്‍ സാമ്യം ഉണ്ടെങ്കിലും വളരെ വ്യത്യസ്തമായ വിഷയമാണ് പവിത്രം കൈകാര്യം ചെയ്തത്. അതിനാല്‍ തന്നെ പവിത്രത്തിന്റെ റീമേക്കിന് ഇപ്പോഴും സാധ്യത ഉണ്ടെന്ന് തിരിച്ചറിഞ്ഞ ചിലര്‍ പവിത്രം തമിഴിലേക്ക് റീമേക്ക് ചെയ്യാനൊരുങ്ങുകയാണ്. ചിത്രം പുറത്തിറങ്ങി പതിറ്റാണ്ടുകള്‍ക്കിപ്പുറമാണ് ചിത്രത്തിന്റെ റീമേക്കിനെ കുറിച്ചുള്ള വാര്‍ത്തകളെത്തുന്നത്. തമിഴിനൊപ്പം തെലുങ്കിലും ചിത്രം പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

പവിത്രം തമിഴില്‍ പുനര്‍നിര്‍മ്മിക്കുമ്പോള്‍ ചേട്ടച്ഛനായി ആരെത്തുമെന്നതാണ് അണിയറക്കാറെ ഏറെ കുഴച്ച ചോദ്യം. ഒടുവില്‍ അതിന് ഉത്തരമായി അവര്‍ രണ്ട് പേരുകളിലേക്കാണ് എത്തിയത് എന്നാണ് സിനിമാലോകത്ത് നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. തമിഴ് നടന്‍ ശിവകാര്‍ത്തികേയനാണ് ഇതില്‍ ഒരാള്‍.

എന്നാല്‍ രണ്ടാമത്തെ പേരാണ് മലയാളികളെ ഏറെ ആവേശത്തിലാക്കുന്നത്. മഹാനടന്‍ മോഹന്‍ലാല്‍ അനശ്വരമാക്കിയ ചേട്ടച്ഛന്‍ എന്ന കഥാപാത്രത്തത്തിന് തമിഴിലും തെലുങ്കിലും ജീവന്‍ നല്‍കാനായി മറ്റൊരു മലയാളി താരത്തെയും പരിഗണിക്കുന്നുണ്ട് നിർമ്മാതാക്കള്‍. മറ്റാരുമല്ല, മെഗാതാരം മമ്മൂട്ടിയുടെ മകനും യുവതാരവുമായ ദുല്‍ഖര്‍ സല്‍മാനാണ് ചേട്ടച്ഛനാവാനായി പരിഗണിക്കപ്പെടുന്ന രണ്ടാമത്തെ താരം.

ദുൽഖർ സൽമാൻ


തന്റെ സിനിമാ ജീവിതത്തില്‍ റീമേക്ക് ചിത്രങ്ങള്‍ ചെയ്യാത്ത താരമാണ് ശിവകാര്‍ത്തികേയന്‍. അതിനാല്‍ തന്നെ പവിത്രത്തിന്റെ റീമേക്കിന് ശിവകാര്‍ത്തികേയന്‍ സമ്മതം മൂളാനുള്ള സാധ്യത വളരെ കുറവാണ്. അങ്ങനെ സംഭവിച്ചാല്‍ കുഞ്ഞിക്ക എന്ന് ആരാധകര്‍ വിളിക്കുന്ന ദുല്‍ഖറാകും തമിഴില്‍ ചേട്ടച്ഛനായി എത്തുക.

അതേസമയം പവിത്രം റീമേക്ക് സംബന്ധിച്ച് ഔദ്യോഗികമായ റിപ്പോര്‍ട്ടുകളൊന്നും ഇതുവരെ പുറത്ത് വന്നിട്ടില്ല. സിനിമാ മേഖലയിലെ വൃത്തങ്ങളില്‍ നിന്നുള്ള സൂചനകളാണ് ഇപ്പോഴത്തെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനം. ഏതായാലും ദുല്‍ഖര്‍ കുഞ്ഞിക്കയായി അധികം വൈകാതെ വെള്ളിത്തിരയിലെത്തുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

Content Highlights / English Summary: Mohanlal starring superhit blockbuster movie Pavithram to be remade in Tamil Dulquer Salmaan to play the role of Chettachan says reports.