‘സിനിമയുടെ തിരക്കഥ എഴുതുന്ന സമയത്ത് എന്നോട് ബഹുമാനത്തോടെ നിന്ന സത്യന്‍ അന്തിക്കാടിന്റെ ക്രൂരമായ മുഖം കണ്ട് ഞാന്‍ ഞെട്ടിത്തരിച്ചു, എന്നെ സഹായിക്കാന്‍ ആരുമില്ല എന്ന് എനിക്കപ്പോള്‍ മനസിലായി, മോഹന്‍ലാലിന്റെ മുഖം നോക്കി ഒന്ന് കൊടുക്കാന്‍ വരെ തോന്നി’; ഷൂട്ടിങ്ങിനിടെ ഉണ്ടായ അനുഭവം വെളിപ്പെടുത്തി ശ്രീനിവാസന്‍


നടന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നിങ്ങനെ സിനിമയുടെ വിവിധ മേഖലകളില്‍ തന്റെതായ പാദമുദ്ര പതിപ്പിച്ച പ്രതിഭയാണ് ശ്രീനിവാസന്‍. മലയാളികള്‍ എന്നെന്നും ഓര്‍ത്തിരിക്കുന്ന എക്കാലത്തെയും മികച്ചത് എന്ന് വിശേഷിപ്പിക്കപ്പെടുന്ന പല ചിത്രങ്ങളും ശ്രീനിവാസന്റെ തൂലികയില്‍ നിന്ന് വിരിഞ്ഞതാണ്. ചിന്താവിഷ്ടയായ ശ്യാമള, വടക്കുനോക്കിയന്ത്രം എന്നീ രണ്ട് മികച്ച ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുമുണ്ട് ശ്രീനിവാസന്‍.

കഥ പറയുമ്പോള്‍, തട്ടത്തിന്‍ മറയത്ത് എന്നീ ചിത്രങ്ങളിലൂടെ നിര്‍മ്മാതാവിന്റെ കുപ്പായവും ശ്രീനിവാസന്‍ അണിഞ്ഞിട്ടുണ്ട്. ഇതിനെല്ലാമൊപ്പം അധികമാര്‍ക്കും അറിയാത്ത ഒരു കാര്യമുണ്ട്. നല്ലൊരു ഡബ്ബിങ് ആര്‍ട്ടിസ്റ്റ് കൂടിയാണ് ശ്രീനി. മമ്മൂട്ടി, നെടുമുടി വേണു, വി.സാംബശിവന്‍, അമ്പലപ്പുഴ രാജു, ത്യാഗരാജന്‍ എന്നീ നടന്മാര്‍ക്ക് വേണ്ടി എട്ട് ചിത്രങ്ങളില്‍ അദ്ദേഹം ശബ്ദം നല്‍കിയിട്ടുണ്ട്. ഇതില്‍ നാല് ചിത്രങ്ങളിലും മമ്മൂട്ടിക്കാണ് ശ്രീനി ശബ്ദം നല്‍കിയത്.

കോമഡിക്കൊപ്പം തുല്യമായി തന്നെ സാമൂഹ്യ വിമര്‍ശനവും കൈകാര്യം ചെയ്തിട്ടുണ്ട് ശ്രീനിവാസന്‍ ചിത്രങ്ങള്‍. എങ്കിലും ശ്രീനിയുടെ കോമഡി സിനിമകളാണ് മലയാളികള്‍ കൂടുതലായി ഓര്‍ത്തിരിക്കുന്നത്. പ്രിയദര്‍ശന്‍, സത്യന്‍ അന്തിക്കാട് തുടങ്ങിയ സംവിധായകര്‍ക്കൊപ്പം മികച്ച ഹാസ്യ സിനിമകളാണ് ശ്രീനി കേരളത്തിന് സമ്മാനിച്ചത്.

ശ്രീനിയുടെ സിനിമകളെ കുറിച്ച് സംസാരിക്കുമ്പോള്‍ ആദ്യമെത്തുന്ന പേരുകളിലൊന്നാണ് നാടോടിക്കാറ്റ്. ദാസന്‍, വിജയന്‍ എന്നീ അനശ്വര കഥാപാത്രങ്ങളെ മലയാളികള്‍ക്ക് പരിചയപ്പെടുത്തിയ മൂന്ന് സിനിമകളില്‍ ആദ്യത്തെതാണ് നാടോടിക്കാറ്റ്. ഇതില്‍ എഴുത്തിനൊപ്പം പ്രധാനകഥാപാത്രമായ വിജയനെ അവതരിപ്പിച്ചതും ശ്രീനിയാണ്.

നാടോടിക്കാറ്റിന്റെ ചിത്രീകരണ വേളയില്‍ തനിക്ക് ഉണ്ടായ ചില അനുഭവങ്ങള്‍ പങ്കുവയ്ക്കുകയാണ് ശ്രീനിവാസന്‍. കൈരളി ടി.വിയിലെ ഒരു പരിപാടിയിലാണ് അദ്ദേഹം തന്റെ അനുഭവം ലോകത്തോട് പങ്കുവച്ചത്.

ജോലി നഷ്ടപ്പെട്ട് ഗതികെട്ട് നില്‍ക്കുന്ന ദാസനും വിജയനും ഒടുവില്‍ ബാങ്കിനെ പറ്റിച്ച് ഗള്‍ഫിലേക്ക് പോകാനൊരുങ്ങുകയാണ്. ഗള്‍ഫിലെത്തിയ ശേഷമുള്ള രാജകീയ ജീവിതം സ്വപ്‌നം കണ്ടാണ് അവര്‍ യാത്ര തുടങ്ങുന്നതിന് മുമ്പുള്ള നിമിഷങ്ങള്‍ ചെലവഴിക്കുന്നത്. ഈ സന്ദര്‍ഭത്തിലെ ‘കരകാണാ കടലല മേലെ…’ എന്ന ഗാനരംഗം ചിത്രീകരിക്കുന്നതിനിടെയുണ്ടായ സംഭവങ്ങളാണ് ശ്രീനി പറയുന്നത്.

‘ഡാന്‍സിന്റെ ഭാഗത്തേക്ക് തിരിഞ്ഞ് നോക്കാത്ത ആളാണ് ഞാന്‍. അതൊക്കെ പെണ്ണുങ്ങളുടെ പരിപാടിയാണ് എന്നായിരുന്നു എന്റെ ധാരണ. എന്നാല്‍ നമ്മുടെ തെറ്റായ ധാരണകള്‍ക്ക് നമ്മുടെ ജീവിതത്തില്‍ തന്നെ പില്‍ക്കാലത്ത് തിരിച്ചടി ലഭിക്കുമെന്ന് ബോധ്യപ്പെട്ട സംഭവമാണ് ഞാന്‍ പറയാന്‍ പോകുന്നത്.’ -ശ്രീനിവാസന്‍ പറഞ്ഞു തുടങ്ങി.

‘ദാസനും വിജയനും കാണുന്ന സ്വപ്‌നമാണ് ആ ഗാനരംഗം. ഗള്‍ഫിലെത്തി പണക്കാരായ ശേഷം ജീവിതം ആഘോഷിക്കുകയാണ് അവര്‍. അവിടെ സുന്ദരികളായ യുവതികള്‍ക്കൊപ്പം ഇരുവരും നൃത്തം ചെയ്യുന്നു. ഇപ്പോഴും ആ പാട്ട് രംഗം ചിത്രീകരിച്ചത് ഓര്‍ക്കുമ്പൊ ഞെട്ടലാണ്. ചെന്നൈയിലെ മറീനാ ബീച്ചില്‍ ഒരു ദിവസം രാത്രിയാണ് കരകാണാക്കടലല മേലെ എന്ന ഗാനം ചിത്രീകരിക്കാന്‍ തീരുമാനിച്ചത്.’

‘ദാസന്‍ മാത്രമല്ല, വിജയനും ഡാന്‍സ് ചെയ്യണമെന്ന് അറിഞ്ഞപ്പോള്‍ എന്റെ കയ്യും കാലും വിറയ്ക്കാന്‍ തുടങ്ങി. ജീവിതത്തില്‍ ഇതുവരെ താളാത്മകമായി ശരീരം ചലിപ്പിച്ചിട്ടില്ലാത്ത എന്നോട് ഡാന്‍സ് ചെയ്യാന്‍! കടപ്പുറത്ത് ഞാന്‍ നിന്നിരുന്ന സ്ഥലം പിളര്‍ന്ന് പാതാളത്തിലേക്ക് പോയിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ച് പോയ നിമിഷമായിരുന്നു അത്.’ -ശ്രീനിവാസന്‍ പറഞ്ഞു.

കരകാണാക്കടലല മേലെ എന്ന ഗാനത്തിലെ നൃത്തരംഗം


‘ഡാന്‍സ് മാസ്റ്റര്‍ വന്നു. പാട്ട് വച്ചു. സ്റ്റെപ്പുകള്‍ കാണിച്ച് തന്നു. ചെയ്തുകൂടേ എന്ന് എന്നോട് ചോദിച്ചു. നന്നായി ചെയ്യാമെന്ന് മറുപടി പറഞ്ഞ ശേഷം ഞാന്‍ നേരെ സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ അടുത്ത് ചെന്നു. ദാസന്‍ ഡാന്‍സ് ചെയ്യുമ്പോള്‍ വിജയന്‍ മാറി നിന്ന് ആസ്വദിച്ചാല്‍ പോരേ എന്ന് ചോദിച്ചു. അത് പറ്റില്ല, രണ്ട് പേരുടെയും സ്വപ്‌നമാണ് ഇത്, അതുകൊണ്ട് ഡാന്‍സ് ചെയ്‌തേ പറ്റൂവെന്ന് അദ്ദേഹം പറഞ്ഞു.’

‘സിനിമയുടെ തിരക്കഥ എഴുതുന്ന സമയത്തൊക്കെ ബഹുമാനത്തോടെ നിന്ന് സത്യന്‍ അന്തിക്കാടിന്റെ ക്രൂരമായ മറ്റൊരു മുഖം കണ്ട് ഞാന്‍ ഞെട്ടിത്തരിച്ചുപോയി. യാതൊരു ദയയോ ദാക്ഷിണ്യമോ ഇല്ലാതെ ഞാന്‍ ഡാന്‍സ് ചെയ്യണമെന്ന് സത്യന്‍ എന്നെ നിര്‍ബന്ധിക്കുകയാണ്. എനിക്ക് മനസിലായി, എന്നെ സഹായിക്കാനോ രക്ഷിക്കാനോ ആരുമില്ല.’ -ശ്രീനിവാസന്‍ പറഞ്ഞു.

‘ഏറെ വിഷമിച്ച് പോയ ഞാന്‍ ബീച്ചിലെ ഇരുട്ടില്‍ പോയി നിന്നു. പാട്ടിനൊപ്പം ശരീരം അനക്കാന്‍ ശ്രമിച്ചു. ഇല്ല, പറ്റുന്നില്ല. സ്റ്റീല്‍ കമ്പി പോലെ എന്റെ ശരീരം അനങ്ങാതെ നില്‍ക്കുകയാണ്. പെട്ടെന്ന് എന്നെ ഞെട്ടിച്ചുകൊണ്ട് ഡാന്‍സ് മാസ്റ്റര്‍ ടേക്ക് വിളിച്ചു. ഞാന്‍ വിറച്ചുകൊണ്ട് അങ്ങോട്ട് ചെന്നു. അവിടെ നോക്കുമ്പോള്‍ മറ്റേ ദുഷ്ടന്‍ മോഹന്‍ലാല്‍ പാല്‍പ്പായസം കുടിക്കുന്നത് പോലെ നിന്ന് ഡാന്‍സ് റിഹേഴ്‌സല്‍ ചെയ്യുകയാണ്. അത് കണ്ടപ്പോള്‍ അയാളുടെ മുഖം നോക്കി ഒന്ന് കൊടുക്കാനാണ് തോന്നിയത്.’

‘എല്ലാവരുടെയും നിര്‍ബന്ധത്തിന് വഴങ്ങി ഞാന്‍ മോഹന്‍ലാലിനും ഡാന്‍സ് ചെയ്യുന്ന പെണ്‍കുട്ടികള്‍ക്കും ഇടയില്‍ പോയി നിന്നു. പിന്നെ സംഭവിച്ചതൊന്നും എനിക്ക് ഓര്‍മ്മയില്ല. എന്നെകൊണ്ട് എന്തൊക്കെയോ ചെയ്യിക്കാന്‍ ശ്രമിക്കുന്നു, ഞാന്‍ വീഴുന്നു, പെണ്‍പിള്ളേരും മോഹന്‍ലാലും എന്നെ കളിയാക്കി ചിരിക്കുന്നു… ഇതെല്ലാം അബോധാവസ്ഥയില്‍ ഞാന്‍ ഓര്‍ക്കുന്നു. ഇന്നും ആ പാട്ട് ടെലിവിഷനിലോ മറ്റോ വരുമ്പോള്‍ മനഃസമാധാനത്തിന് വേണ്ടി അത് ഓഫ് ചെയ്ത് വല്ല കടപ്പുറത്തോ പുഴക്കരയിലോ പോയി ഇരിക്കുന്നതാണ് പതിവ്.’ -ശ്രീനിവാസന്‍ രസകരമായി പറഞ്ഞു നിര്‍ത്തി.

Content Highlights / English Summary: Sreenivasan shares his bad experience during the shoot of the Mohanlal, Sathyan Anthikkadu film Nadodikkattu on a programme in Kairali TV.