‘കിരീടം പോലെ മനോഹരമായ പടമെടുത്തിട്ട് അതിന്റെ മാമാ പണി ചെയ്യുന്ന ചെങ്കോലെടുത്തയാളാണ് അദ്ദേഹം, ദശരഥത്തിന്റെ രണ്ടാം ഭാഗമാണ് സ്വപ്‌നമെന്ന് പറയുന്നത് മണ്ടത്തരം’; സിബി മലയിലിനെതിരെ രൂക്ഷവിമര്‍ശനവുമായി സംവിധായകന്‍


മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനാണ് സിബി മലയില്‍. പ്രേക്ഷകര്‍ എന്നെന്നും ഓര്‍ക്കുന്നതും രണ്ടാമതൊരുവട്ടം കാണാന്‍ മടിക്കുന്നത്ര വേദന സമ്മാനിച്ചതുമായ ഒരു പിടി സിനിമകളാണ് സിബി മലയാളികള്‍ക്ക് സമ്മാനിച്ചത്. മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയുമെല്ലാം മികച്ച പ്രകടനങ്ങള്‍ നമ്മള്‍ ആസ്വദിച്ച പല ചിത്രങ്ങളുടെയും അമരക്കാരന്‍ സിബി മലയിലായിരുന്നു.

ആകാശദൂത്, കിരീടം, ചെങ്കോല്‍, ഭരതം,കമലദളം, ഹിസ് ഹൈനസ് അബ്ദുള്ള, തനിയാവര്‍ത്തനം, സദയം, സമ്മര്‍ ഇന്‍ ബത്‌ലഹേം, ഓഗസ്റ്റ് 1, ഉസ്താദ് എന്നിങ്ങനെ നാല്‍പ്പതിലേറെ ചിത്രങ്ങളാണ് സിബി സംവിധാനം ചെയ്തിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം ആസിഫ് അലി നായകനായി എത്തിയ കൊത്ത് ആണ് അദ്ദേഹത്തിന്റെതായി പുറത്തിറങ്ങിയ അവസാന ചിത്രം.

ശ്രീനിവാസന്‍, പ്രിയദര്‍ശന്‍, എസ്.എന്‍.സ്വാമി, എം.ടി.വാസുദേവന്‍ നായര്‍, ജെ.പള്ളശ്ശേരി, ഡെന്നിസ് ജോസഫ്, ജോണ്‍പോള്‍, പെരുമ്പടവം ശ്രീധരന്‍, ടി.എ.റസാഖ്, രഘുനാഥ് പലേരി, രഞ്ജിത്ത്, ബോബി സഞ്ജയ്, കലവൂര്‍ രവികുമാര്‍, ബോബി-സഞ്ജയ് എന്നിങ്ങനെ പവയ തലമുറയിലെയും പുതിയ തലമുറയിലെയും നിരവധി പേരുടെ തിരക്കഥകള്‍ക്ക് സിബി ജീവന്‍ നല്‍കിയിട്ടുണ്ട്. എങ്കിലും ലോഹിതദാസ് എന്ന പ്രതിഭയുടെ തൂലികയില്‍ വിരിഞ്ഞ തിരക്കഥകളാണ് സിബി മലയില്‍ ഏറ്റവും കൂടുതല്‍ വെള്ളിത്തിരയിലെത്തിച്ചത്.

മലയാളികളുടെ ഹൃദയത്തെ കുത്തിനോവിച്ച പല സിബി ചിത്രങ്ങള്‍ക്കും തിരക്കഥയൊരുക്കിയത് ലോഹിതദാസ് ആയിരുന്നു. കണ്ണുകള്‍ ഈറനണിയാതെ കണ്ട് പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത തനിയാവര്‍ത്തനമായിരുന്നു ഈ കൂട്ടുകെട്ടിലെ ആദ്യചിത്രം. പിന്നീടിങ്ങോട്ട് എഴുതാപ്പുറങ്ങള്‍, വിചാരണ, മുദ്ര, കിരീടം, ചെങ്കോല്‍, ദശരഥം, ഭരതം, ഹിസ് ഹൈനസ് അബ്ദുള്ള, മാലയോഗം, ധനം, കമലദളം, വളയം, സാഗരം സാക്ഷി തുടങ്ങിയ ഹിറ്റ് ചിത്രങ്ങളാണ് സിബി-ലോഹി കൂട്ടുകെട്ട് മലയാളികള്‍ക്ക് സമ്മാനിച്ചത്.

ഇക്കൂട്ടത്തിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാണ് മോഹന്‍ലാല്‍ രാജീവ് മേനോന്‍ എന്ന കഥാപാത്രത്തെ അനശ്വരമാക്കിയ ദശരഥം. മോഹന്‍ലാല്‍ എന്ന അഭിനയ പ്രതിഭയുടെ പകര്‍ന്നാട്ടത്തിനൊപ്പം നെടുമുടി വേണു, സുകുമാരി, മുരളി, രേഖ എന്നിവരുടെ പ്രകടനം കൂടി ചേര്‍ന്നപ്പോള്‍ മലയാളികളുടെ ഉള്ളുലച്ച ഹിറ്റ് ചിത്രമാണ് പിറന്നത്.

ദശരഥത്തിന്റെ രണ്ടാം ഭാഗമാണ് തന്റെ സ്വപ്‌നമെന്ന് സിബി മലയില്‍ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായിട്ടുണ്ടെന്നും മോഹന്‍ലാല്‍ സമ്മതം മൂളാത്തതാണ് ചിത്രം സംഭവിക്കാത്തതിന് കാരണമെന്നും സിബി പറഞ്ഞിരുന്നു. ദശരഥം പോലെ ഏറ്റവും മനോഹരമായ ഒരു ചിത്രത്തിന്റെ തുടര്‍ച്ച ഒരുക്കുമ്പോള്‍ അതിനുമപ്പുറമുള്ള ഒരു ചിത്രമാണ് മലയാളികള്‍ പ്രതീക്ഷിക്കുന്നത്. ദശരഥത്തെക്കാള്‍ ഒരുപടിയെങ്കിലും താഴെയാകുമോ എന്ന ഭയം കാരണം പലരും പറയുന്നത് രണ്ടാം ഭാഗം ചെയ്യരുത് എന്നാണ്.

ഇപ്പോഴിതാ ദശരഥത്തിന്റെ രണ്ടാം ഭാഗം ചെയ്യാനാഗ്രഹിക്കുന്നുവെന്ന് പറഞ്ഞ സിബി മലയിലിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ ശാന്തിവിള ദിനേശ്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം നിലപാട് വെട്ടിത്തുറന്ന് പറഞ്ഞത്. ദശരഥത്തിന്റെ രണ്ടാം ഭാഗമാണ് തന്റെ സ്വപ്‌നം എന്ന് സിബി പറയുന്നത് മണ്ടത്തരമാണ് എന്ന് ദിനേശ് പറഞ്ഞു.

‘സിബി മലയിലിന് മോഹന്‍ലാലിനെ പോലെ മലയാള സിനിമയിലൊരു പേരുണ്ട്. ദശരഥത്തിന്റെ രണ്ടാം ഭാഗം ചെയ്‌തേ അടങ്ങുവെന്നാണ് അദ്ദേഹം പറയുന്നത്. ദശരഥം ചെയ്യണമെങ്കില്‍ നെടുമുടി വേണം, ദശരഥം ചെയ്യണമെങ്കില്‍ മുരളി വേണം, ദശരഥം ചെയ്യണമെങ്കില്‍ സുകുമാരി വേണം. അതൊന്നും സിബി മലയില്‍ പറയുന്നില്ല. മോഹന്‍ലാല്‍ കഥ കേള്‍ക്കാന്‍ സമ്മതിക്കുന്നില്ല, അയാള്‍ ഒരുപാട് സംശയങ്ങള്‍ പറയുന്നു എന്നാണ് സിബി പറയുന്നത്. ഈ പടമേ ചെയ്യൂ എന്ന വാശി എന്തിനാണ്?’ -ശാന്തിവിള ദിനേശ് പറഞ്ഞു.

‘എനിക്ക് സിബി സാറിനെ ഭയങ്കര ഇഷ്ടവും ബഹുമാനവുമാണ്. പക്ഷേ ഞാന്‍ പറയുന്നത്, കിരീടം പോലൊരു മനോഹരമായ സിനിമയെടുത്തിട്ട് പിന്നീട് അതിന്റെ മാമാ പണി ചെയ്യുന്ന ചെങ്കോലെടുത്ത ആളാണ് സിബി മലയില്‍. ഞാന്‍ പറയുന്നത് ദശരഥം എന്നും ഓര്‍മ്മയില്‍ നില്‍ക്കട്ടെയെന്നാണ്. അതിന്റെ രണ്ടാം ഭാഗം ഇനിയെടുക്കാന്‍ പോവുകയും അതാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്‌നമെന്ന് പറയുന്നതും മണ്ടത്തരമാണ്.’ -ദിനേശ് പറഞ്ഞുനിര്‍ത്തി.

English Summary / Content Highlights: Bunglavil Outha director Santhivila Dinesh opens up against director Sibi Malayil for thinking about second part of super hit movie Dasharatham.