‘നന്ദഗോപാല്‍ മാരാരെ പോലെയുള്ള പ്രഗത്ഭനായ വക്കീല്‍ സുഹൃത്തായി ഉണ്ടായിട്ടും ലാലേട്ടന്‍ എന്തിനാണ് ആറ് വര്‍ഷം ജയിലില്‍ കിടന്നത്?’; നരസിംഹത്തെ കുറിച്ചുള്ള പ്രേക്ഷകരുടെ സംശയത്തിന് കിടിലന്‍ മറുപടിയുമായി സംവിധായകന്‍ ഷാജി കൈലാസ് | Mammootty | Mohanlal | Narasimham Movie | Director Shaji Kailas


ഇരുപത്തിയൊന്നാം നൂറ്റാണ്ട് തുടങ്ങിയ വര്‍ഷത്തില്‍ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലും സംവിധായകന്‍ ഷാജി കൈലാസും തിരക്കഥാകൃത്ത് രഞ്ജിത്തും മലയാളികള്‍ക്ക് സമ്മാനിച്ച ബ്ലോക്ക് ബസ്റ്റര്‍ ചലച്ചിത്രമാണ് നരസിംഹം. മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായ നരസിംഹം 2000 ത്തിലെ റിപ്പബ്ലിക് ദിനത്തിലാണ് പുറത്തിറങ്ങിയത്. ഇരുനൂറ് ദിവസങ്ങളില്‍ കൂടുതല്‍ തിയേറ്ററുകളില്‍ നിറഞ്ഞാടിയ ചിത്രം ഇരുപത് കോടി രൂപയാണ് കലക്റ്റ് ചെയ്തത്. പത്ത് കോടി രൂപയാണ് ചിത്രത്തിലൂടെ നിര്‍മ്മാതാവിന് ലാഭമായി കിട്ടിയത്.

മലയാളികളുടെ സ്വന്തം ലാലേട്ടന്റെ അഴിഞ്ഞാട്ടമായിരുന്നു സിനിമയിലാകെ. സ്‌റ്റൈലിഷ് ആക്ഷനുകളും മീശപിരിയും ‘പോ മോനേ ദിനേശാ’ എന്ന ഡയലോഗുമെല്ലാം പ്രേക്ഷകരെ ആവേശത്തിന്റെ കൊടുമുടിയിലാണ് എത്തിച്ചത്. കൊഴുപ്പ് കബട്ടാനായി വളരെ അപ്രതീക്ഷിതമായി എത്തിയ ഒരു അതിഥി താരവും ചിത്രത്തിലുണ്ടായിരുന്നു. മറ്റാരുമല്ല, സാക്ഷാല്‍ മമ്മൂട്ടി.

മോഹന്‍ലാല്‍ അവതരിപ്പിച്ച ഇന്ദുചൂഢന്‍ എന്ന നായകകഥാപാത്രത്തിന്റെ സുഹൃത്തായ അഡ്വ. നന്ദഗോപാല്‍ മാരാരായാണ് മമ്മൂട്ടി എത്തിയത്. വിളിച്ചാല്‍ ഫ്‌ളൈറ്റ് ചാര്‍ട്ടര്‍ ചെയ്ത് പറന്ന് വരുന്ന ഇന്ദുചൂഢന്റെ ചങ്ക് ബ്രോ ആയിരുന്നു നന്ദഗോപാല്‍. കള്ളക്കേസില്‍ കുടുങ്ങിയ ഇന്ദുചൂഢന്റെ പിതാവിനെ കേസില്‍ നിന്ന് രക്ഷിക്കാനായാണ് മാരാര്‍ എത്തുന്നത്. മിനുറ്റുകള്‍ മാത്രം നീണ്ടുനിന്ന തന്റെ വേഷം തകര്‍പ്പന്‍ മാനറിസത്തിലൂടെയും പൊടിപാറുന്ന ഇംഗ്ലീഷ് ഡയലോഗുകളിലൂടെയും അനശ്വരമാക്കി മമ്മൂട്ടി. ‘മാരാരുടെ തട്ട് താണ് തന്നെയിരിക്കും’ എന്ന മമ്മൂട്ടിയുടെ ഡയലോഗ് ഇന്നും മലയാളികളുടെ ചുണ്ടിലുണ്ട് എന്നത് തന്നെ ഈ കഥാപാത്രത്തിന് ലഭിച്ച സ്വീകാര്യതയുടെ തെളിവാണ്.

എന്നാല്‍ ചിത്രം ഇറങ്ങിയ സമയത്ത് തന്നെ മാരാരുമായി ബന്ധപ്പെട്ട ഒരു സംശയം ചി പ്രേക്ഷകര്‍ പങ്കുവച്ചിരുന്നു. സൂപ്പര്‍ഹിറ്റായ തരംഗത്തില്‍ അന്ന് അതിന് ആരും ചെവി കൊടുത്തിരുന്നില്ല. പിന്നീട് സോഷ്യല്‍ മീഡിയ സജീവമാവുകയും പഴയ സിനിമകള്‍ കൂടുതലായി ചര്‍ച്ചയാവുകയും ചെയ്തതോടെ ഈ സംശയം വീണ്ടും ഉയരാനും ട്രോളുകള്‍ ഉണ്ടാകാനുമെല്ലാം ഇടയായി. എന്തായിരുന്നു ആ സംശയം?

പോള്‍ ആസാദ് എന്ന സുഹൃത്തിനെ ബിയര്‍ ബോട്ടില്‍ പൊട്ടിച്ച് കുത്തിക്കൊന്നു എന്ന കേസിലാണ് ഇന്ദുചൂഢന്‍ ആറ് വര്‍ഷം ശിക്ഷിക്കപ്പെട്ടത്. എന്നാല്‍ ഇന്ദുചൂഢന്റെ അച്ഛന്‍ ജസ്റ്റിസ് കരുണാകര മേനോന്റെ എതിരാളികള്‍ ഒരുക്കിയ കെണിയായിരുന്നു അത്. കള്ളക്കേസില്‍ ശിക്ഷയനുഭവിച്ചതാണ് ഇന്ദുചൂഢന്റെ ജീവിതത്തില്‍ ആറ് വര്‍ഷത്തെ ഇടവേള ഉണ്ടാകാന്‍ കാരണം.

സമാനമായാണ് കരുണാകര മേനോനും കൊലക്കേസില്‍ പ്രതിയാവുന്നത്. മറ്റൊരു ബന്ധത്തില്‍ മേനോനുണ്ടായ ഇന്ദുലേഖ എന്ന പെണ്‍കുട്ടിയെ മണപ്പള്ളി പവിത്രന്‍ കൊല്ലുകയും മേനോനെ കുടുക്കുകയുമായിരുന്നു. എന്നാല്‍ അച്ഛനെ കള്ളക്കേസില്‍ കുടുക്കിയെന്നറിഞ്ഞ ഇന്ദുചൂഢന്‍ സിറ്റിങ്ങിന് ലക്ഷങ്ങള്‍ വാങ്ങുന്ന അഡ്വ. നന്ദഗോപാല്‍ മാരാരെ ഡല്‍ഹിയില്‍ നിന്ന് വിളിപ്പിക്കുകയും തന്റെ അച്ഛനെ കേസില്‍ നിന്ന് രക്ഷിക്കുകയുമാണ് ചെയ്തത്.

ഇവിടെയാണ് പ്രേക്ഷകര്‍ സംശയമുന്നയിച്ചത്. ഇത്ര അടുത്ത സുഹൃത്തായ ഇന്ദുചൂഢന്‍ ചെയ്യാത്ത കുറ്റത്തിന് ജയിലില്‍ പോയപ്പോള്‍ എന്തുകൊണ്ട് നന്ദഗോപാല്‍ മാരാര്‍ എത്തി അദ്ദേഹത്തെ കേസില്‍ നിന്ന് രക്ഷിച്ചില്ല എന്നായിരുന്നു പ്രേക്ഷകരുടെ സംശയം. കാലങ്ങളായി ഈ സംശയത്തിന് യാതൊരു ഉത്തരവും ഉണ്ടായിരുന്നില്ല. ഇപ്പോഴിതാ, സംവിധായകന്‍ ഷാജി കൈലാസ് തന്നെ ഈ ചോദ്യത്തിന് ഉത്തരവുമായി രംഗത്തെത്തിയിരിക്കുകയാണ്. ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇത് വ്യക്തമാക്കിയത്.

‘ചെയ്യാത്ത കുറ്റത്തിനാണ് ഇന്ദുചൂഢന്‍ ശിക്ഷിക്കപ്പെട്ടത്. ജയിലില്‍ കിടക്കുമ്പോള്‍ ഇന്ദുചൂഢന്‍ ആരെയും സ്വാധീനിക്കാനോ രക്ഷപ്പെടാനോ ശ്രമിച്ചിട്ടില്ല. അച്ഛന്റെ കേസ് വരുമ്പോഴാണ് അയാള്‍ നന്ദഗോപാല്‍ മാരാരെ വിളിക്കുന്നത്. അച്ഛന്‍ ലോക്ക്ഡ് ആയി. പക്ഷേ അച്ഛനെ ജയിലില്‍ കയറ്റാന്‍ പാടില്ല എന്ന വാശിയിലായിരുന്നു അയാള്‍. ആ ഘട്ടത്തിലാണ് മാരാരെ വരുത്താനുള്ള തീരുമാനമെടുത്തത്. എന്നെ കള്ളക്കേസില്‍ ശിക്ഷിച്ചാല്‍ ഞാന്‍ സഹിച്ചോളാം, പക്ഷേ എന്റെ അച്ഛന് ഒരു കാരണവശാലും പ്രശ്‌നമുണ്ടാകാന്‍ പാടില്ല എന്ന മനോഭാവമായിരുന്നു ഇന്ദുചൂഢന്.’ -ഷാജി കൈലാസ് ചോദ്യത്തിനുള്ള മറുപടിയായി പറഞ്ഞു.

അതേസമയം ഈ ചോദ്യത്തിന് ചില പ്രേക്ഷകര്‍ രസകരമായ മറ്റൊരു ഉത്തരവും നല്‍കിയിട്ടുണ്ട്. ആറ് വര്‍ഷം മുമ്പ് നന്ദഗോപാല്‍ മാരാര്‍ എല്‍.എല്‍.ബിയ്ക്ക് പഠിക്കുകയോ ജൂനിയര്‍ വക്കീലായി പ്രാക്ടീസ് ചെയ്യുകയോ ആയിരുന്നു അതാണ് ഇന്ദുചൂഢനെ ഇറക്കാനായി വരാന്‍ കഴിയാതിരുന്നത് എന്നാണ് ആ ഉത്തരം.