”മോഹന്‍ലാലിനെ ചിലര്‍ ലക്ഷ്യമിടുന്നു, എന്ത് ചെയ്തിട്ടാണ് ഇത്രയും പ്രശ്‌നമുണ്ടാകുന്നത്” പൊട്ടിത്തെറിച്ച് സംവിധായകന്‍ ഷാജി കൈലാസ്
1990കളിൽ ഇറങ്ങിയ ഒരുവിധം ആക്ഷൻ ചിത്രങ്ങളെല്ലാം ഷാജി കൈലാസ് സംവിധാനം ചെയ്തതായിരിക്കും. മികവുറ്റ ആക്ഷൻ ചിത്രങ്ങൾ ഒരുക്കുന്നതിൽ പ്രഗത്ഭനാണ് ഇദ്ദേഹം. കമ്മീഷണർ, മാഫിയ, നരസിംഹം, വല്യേട്ടൻ തുടങ്ങിയവയെല്ലാം ബോക്സ് ഓഫിസ് ഹിറ്റ് ചിത്രങ്ങളായിരുന്നു.
1990-ൽ പുറത്തിറങ്ങിയ ‘ന്യൂസ്’ ആണ് ഇദ്ദേഹത്തിന്റെ സംവിധാനത്തിലിറങ്ങിയ ആദ്യ ചിത്രം. പിന്നീട് കമ്മീഷണർ, ഏകലവ്യൻ, നരസിംഹം, ആറാം തമ്പുരാൻ, എഫ് ഐ ആർ തുടങ്ങി നിരവധി സുപ്പർ ഹിറ്റ് ചിത്രങ്ങൾ സംവിധാനം ചെയ്തു. മമ്മൂട്ടി, മോഹൻലാൽ എന്നിവരോടൊപ്പം നിർമ്മിച്ച ഷാജി കൈലാസ് സിനിമകൾ എല്ലാം വൻ വിജയമായിരുന്നു. മലയാളത്തിൽ മാത്രമല്ല, തമിഴിലും തന്റെ വ്യക്തിമുദ്ര പതിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.
പൃത്ഥിരാജും അപർണ്ണ ബാലമുരളിയും പ്രധാന വേഷങ്ങളിലെത്തിയ കാപ്പ ആയിരുന്നു ഇദ്ദേഹത്തിന്റെ ഏറ്റവും ഒടുവിലത്തെ ചിത്രം. മോഹൻലാൽ പ്രധാനവേഷത്തിലെത്തുന്ന എലോൺ ആണ് വരാനിരിക്കുന്ന ചിത്രം. മോഹൻലാലും ഷാജി കൈലാസും 12 വർഷത്തിന് ശേഷം ഒന്നിക്കുന്നു എന്ന പ്രത്യേകതയുമുണ്ട് ഈ ചിത്രത്തിന്. പുതിയ ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട ഷാജി കൈലാസ് ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖമാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.
നടൻ മോഹൻലാൽ ടാർഗറ്റ് ചെയ്യപ്പെടുന്നു എന്നാണ് ഷാജി കൈലാസ് പറയുന്നത്. ഇതെന്തുകൊണ്ടാണെന്ന് മനസിലാവുന്നില്ല എന്നും എന്തുകൊണ്ടാണിങ്ങനെ സംഭവിക്കുന്നതെന്ന് അറിയില്ലെന്നും അദ്ദേഹം പറയുന്നു.
‘ഈയടുത്തായി മോഹൻലാലിനെ ടാർഗറ്റ് ചെയ്യുന്നതായി കാണുന്നുണ്ട്. അദ്ദേഹം എന്ത് ചെയ്തിട്ടാണ് ഇത്രയും പ്രശ്‌നമുണ്ടാകുന്നതെന്ന് മനസിലാകുന്നില്ല. അദ്ദേഹത്തെ സ്‌നേഹിക്കുന്നവർ പതറിപ്പോവുകയാണ്. പ്രത്യേക മാനസികാവസ്ഥയുള്ളവരാണ് ഇത് ചെയ്യുന്നതെന്ന് തോന്നുന്നു. അവരുടെ തൊഴിലാണിതെന്ന് തോന്നുന്നത്. അവർ സന്തോഷിക്കുന്നു. ബാക്കിയുള്ളവരാണ് വിഷമിക്കുന്നത്’,- ഷാജി കൈലാസ് പറയുന്നു.