‘അവന് മമ്മൂട്ടിയെ പോലെ സിനിമാ നടന്റെ രൂപവും ശബ്ദവുമൊന്നും ഇല്ലല്ലോ, പിന്നെ എന്തിനാണ് വിശ്വനാഥന്‍ നായര്‍ സാറിന്റെ മകന്‍ സിനിമയില്‍ അഭിനയിക്കാന്‍ പോയത്’; മോഹന്‍ലാലിനെ കുറിച്ച് എം.ആര്‍.ഗോപകുമാര്‍ പറയുന്നു


മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹന്‍ലാല്‍. നൂറുകണക്കിന് സിനിമകളിലൂടെ അഭിനയമികവിന്റെ പര്യായമായി മാറിയ മോഹന്‍ലാലിനൊപ്പമെത്താന്‍ ഇന്ത്യയിലെ തന്നെ നടന്മാര്‍ക്ക് കഴിഞ്ഞിട്ടില്ല. ഇതിന് തെളിവാണ് മോഹന്‍ലാല്‍ ചിത്രങ്ങള്‍ ഇന്ത്യയിലെ മറ്റ് ഭാഷകളിലേക്ക് റീമേക്ക് ചെയ്യുമ്പോള്‍ മോഹന്‍ലാലിന്റെയും മറ്റേ ഭാഷയിലെ നടന്റെയും അഭിനയത്തിലെ വ്യത്യാസം നോക്കിയാല്‍ മാത്രം മതി.

സൂക്ഷ്മാഭിനയമാണ് മോഹന്‍ലാല്‍ എന്ന നടന്റെ പ്രത്യേകത. ജന്മനാ അഭിനയസിദ്ധി ലഭിച്ച നടന്‍ എന്നാണ് മോഹന്‍ലാലിനെ പലരും വിശേഷിപ്പിക്കുന്നത്. കോമഡി, വൈകാരികരംഗങ്ങള്‍, ആക്ഷന്‍, ഡാന്‍സ് എന്നിങ്ങനെ സിനിമയിലെ എന്തുമേതും അനായാസമായി ക്യാമറയ്ക്ക് മുന്നിലെത്തിക്കാന്‍ മോഹന്‍ലാലിന് അപാരമായ കഴിവാണുള്ളത്.

മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് ചുവടുവച്ച മോഹന്‍ലാലിന് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. വില്ലനായിട്ടാണ് ആദ്യം സ്‌ക്രീനിലെത്തിയത് എങ്കിലും പിന്നീടിങ്ങോട്ട് നായകനായി മലയാളികളുടെ മനസില്‍ ചേക്കേറാന്‍ മോഹന്‍ലാലിന് കഴിഞ്ഞു.

ഇന്ന് മലയാളത്തിലെ ഏറ്റവും വിലപിടിപ്പുള്ള താരമാണ് മോഹന്‍ലാല്‍ എന്ന മലയാളികളുടെ സ്വന്തം ലാലേട്ടന്‍. തന്റെ അഭിനയജീവിതത്തിലെ മറ്റൊരു ഘട്ടത്തിലേക്ക് കടക്കാനൊരുങ്ങുകയാണ് ഇപ്പോള്‍ മോഹന്‍ലാല്‍. ഇതിന്റെ ഭാഗമായി പതിവ് സംവിധായകരെ വിട്ട് പുതിയ ആളുകള്‍ക്കൊപ്പം കൈകോര്‍ക്കുകയാണ് താരം. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മലൈക്കോട്ടൈ വാലിബന്‍ ആണ് ഈ ശ്രേണിയിലെ ആദ്യചിത്രം.

മോഹന്‍ലാലിന്റെ നൂറ് കോടി ക്ലബ്ബിലെത്തിയ ആദ്യ ചിത്രമാണ് പുലിമുരുകന്‍. ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം പ്രധാനപ്പെട്ട വേഷത്തിലെത്തിയ നടനാണ് എം.ആര്‍.ഗോപകുമാര്‍. മോഹന്‍ലാലിനെ ചെറുപ്പകാലം മുതലേ കാണുന്നയാളാണ് താനെന്നാണ് അദ്ദേഹം പറയുന്നത്. അമൃത ടി.വിയിലെ ഒരു പരിപാടിയിലാണ് അദ്ദേഹം മോഹന്‍ലാലിനെ കുറിച്ച് പറയുന്നത്.

‘മോഹന്‍ലാലിന്റെ വീടിന്റെ കുറച്ച് അപ്പുറത്തായിരുന്നു എന്റെ ഭാര്യവീട്. കുറച്ച് കാലം ഞാനവിടെ ആയിരുന്നു താമസിച്ചത്. അന്ന് ലാല്‍ പത്താം ക്ലാസില്‍ പഠിക്കുന്ന സമയമാണ്. ഞാന്‍ ഓഫീസില്‍ പോകുമ്പോള്‍ പുള്ളി ബസ് കയറാന്‍ നില്‍ക്കുന്നുണ്ടാകും. അന്ന് കാണാന്‍ തുടങ്ങിയതാണ് മോഹന്‍ലാലിനെ.’ -ഗോപകുമാര്‍ പറഞ്ഞു.

‘അതിന് ശേഷമാണ് മഞ്ഞില്‍ വിരിഞ്ഞ പൂക്കളില്‍ അഭിനയിക്കുന്നത് ഇയാളാണ് എന്ന് അറിഞ്ഞത്. അന്നത്തെ എല്ലാ ചെറുപ്പക്കാരും ആ സിനിമ കണാന്‍ പോയി. ശരിക്ക് പറഞ്ഞാല്‍ പുള്ളി എന്തിനാണ് ഈ സിനിമയില്‍ അഭിനയിച്ചത് എന്ന് തോന്നി. പുള്ളിക്ക് സിനിമയില്‍ അഭിനയിക്കേണ്ട കാര്യമില്ലല്ലോ. വിശ്വനാഥന്‍ നായര്‍ സാറിന്റെ മോന്‍ ആണല്ലോ പുള്ളി. വിശ്വനാഥന്‍ സാര്‍ ഗവ. സെക്രട്ടറി ആണ്.’

‘മാത്രമല്ല, മോഹന്‍ലാലിന് മമ്മൂട്ടിയെയോ സുകുമാരനെയോ ഒക്കെ പോലെ സിനിമാ നടന്റെ രൂപവും ശബ്ദവുമൊന്നുമില്ല. ഇയാള്‍ എന്തിനാണ് സിനിമയില്‍ അഭിനയിക്കാന്‍ പോയതെന്ന് തോന്നി. പക്ഷേ ഈ മനുഷ്യന്‍ ലോകത്തെ എല്ലാ മലയാളികളെയും പുള്ളിയുടെ വരുതിയിലേക്ക് കൊണ്ടുവന്നു. ഒരുതരത്തില്‍ പറഞ്ഞാല്‍ ആധിപത്യം സ്ഥാപിച്ചെടുക്കുകയായിരുന്നു. ഭയങ്കരം തന്നെയാണ് അത്.

English Summary / Content Highlights: Actor MR Gopakumar says Mohanlal has no look and sound of a film star but he wins millions of malayali hearts.