‘മോഹന്‍ലാല്‍ ശാന്തസ്വഭാവത്തിന് ഉടമ, എല്ലാവരോടും സ്‌നേഹത്തോടെ പെരുമാറും, മമ്മൂട്ടി ഇതിന് നേര്‍വിപരീതം, ദേഷ്യം വന്നാല്‍ പൊട്ടിത്തെറിക്കും’; സൂപ്പര്‍താരങ്ങളെ കുറിച്ച് വെളിപ്പെടുത്തലുമായി പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍


മലയാളികള്‍ അക്ഷരം പഠിക്കുന്നതിനും മുന്നേ കേട്ട് പഠിക്കുന്ന പേരുകളാണ് മോഹന്‍ലാലിന്റെതും മമ്മൂട്ടിയുടെതും. മലയാളം ഇന്‍ഡസ്ട്രിയിലെ ബിഗ് എംസ് എന്നറിയപ്പെടുന്ന താരങ്ങളെ സ്‌നേഹിക്കാത്തവരും ആരാധിക്കാത്തവരുമായ മലയാളികള്‍ വിരളമായിരിക്കും.

ഇരുവരും മത്സരിച്ച് അഭിനയിക്കുന്ന ചിത്രങ്ങള്‍ എല്ലാം പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കാറ്. ഇവര്‍ ഒന്നിച്ച് ഒരു ചിത്രത്തിലെത്തിയാല്‍ അത് ആരാധകര്‍ക്ക് മതിമറന്നുള്ള ആഘോഷത്തിന്റെ വേളയാണ്. അത്തരത്തില്‍ ഇരുവരും ഒന്നിച്ച ഹരികൃഷ്ണന്‍സും നമ്പര്‍ 20 മദ്രാസ് മെയിലും ട്വന്റി-ട്വന്റിയുമെല്ലാം നിറഞ്ഞ സദസ്സുകളിലാണ് പ്രദര്‍ശിപ്പിച്ചത്.

ഇരുവരുടെയും ആരാധകര്‍ പലപ്പോഴും വാക്കുകള്‍ കൊണ്ട് കൊമ്പ് കോര്‍ക്കാറുണ്ടെങ്കിലും മോഹന്‍ലാലും മമ്മൂട്ടിയും മികച്ച സൗഹൃദം കാത്തുസൂക്ഷിക്കുന്ന വ്യക്തികളാണ്. ആരാധകര്‍ക്ക് മാതൃകയാക്കാന്‍ കഴിയുന്നത്ര നല്ല സൗഹൃദമാണ് ഇരുവര്‍ക്കുമിടയിലുള്ളത്.

മോഹന്‍ലാലിനെയും മമ്മൂട്ടിയെയും കുറിച്ച് അവരുടെ സഹപ്രവര്‍ത്തകര്‍ പലപ്പോഴും തങ്ങളുടെ അനുഭവകഥകള്‍ പങ്കുവയ്ക്കാറുണ്ട്. ആദ്യമായി കണ്ടതും ആദ്യമായി ഒപ്പം അഭിനയിച്ചതുമെല്ലാമായ പല കഥകളും നമ്മള്‍ കേട്ടിട്ടുണ്ട്.

 

ഇപ്പോഴിതാ ഇരുവര്‍ക്കുമൊപ്പം പ്രവര്‍ത്തിച്ച പഴയകാല പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബദറുദ്ദീന്‍ ബിഗ് എംസിനൊപ്പമുള്ള തന്റെ അനുഭവങ്ങള്‍ പങ്കുവയ്ക്കുകയാണ്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും സ്വഭാവ സവിശേഷതകളെ കുറിച്ച് വാചാലനായത്.

മലയാളികളുടെ സ്വന്തം ലാലേട്ടന്‍ വളരെ ശാന്ത സ്വഭാവക്കാരനാണെന്ന് ബദറുദ്ദീന്‍ പറയുന്നു. വളരെ അപൂര്‍വ്വമായേ താരം ദേഷ്യപ്പെടാറുള്ളൂവെന്നും ബദറുദ്ദീന്‍ ഓര്‍ത്തെടുക്കുന്നു.

‘ആരെയും വേദനിപ്പിക്കാത്തയാളാണ് മോഹന്‍ലാല്‍. എല്ലാവരെയും പരിഗണിച്ച് മാത്രമേ അദ്ദേഹം മുന്നോട്ട് പോകാറുള്ളൂ. അപൂര്‍വ്വമായേ അദ്ദേഹം ദേഷ്യപ്പെടാറുള്ളൂ. എന്നാല്‍ ദേഷ്യം വന്നാല്‍ പിന്നെ അദ്ദേഹത്തെ പിടിച്ചാല്‍ കിട്ടില്ല. വലിയ പ്രശ്‌നമാകും. ആ ദിവസം പിന്നെ അദ്ദേഹത്തെ നോക്കണ്ട. എന്നാല്‍ ഇതൊന്നും താന്‍ അഭിനയിക്കുന്ന സിനിമയെ ബാധിക്കാതിരിക്കാന്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിക്കാറുമുണ്ട്.’ -ബദറുദ്ദീന്‍ പറഞ്ഞു.

എന്നാല്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി ഇതിന് നേര്‍വിപരീത സ്വഭാവക്കാരനാണെന്നാണ് ബദറുദ്ദീന്‍ പറയുന്നത്.

‘മമ്മൂക്ക വളരെ കടുപ്പക്കാരനാണ്. അദ്ദേഹം വാശി പിടിച്ചാല്‍ പിന്നെ ഒരു രക്ഷയുമില്ല. ദേഷ്യം വന്ന് പെട്ടെന്ന് പൊട്ടിത്തെറിക്കുന്ന വ്യക്തിയാണ്. എന്നാല്‍ വളരെ കുറച്ച് നേരത്തേക്ക് മാത്രമേ അദ്ദേഹത്തിന്റെ ആ ദേഷ്യം ഉണ്ടാകൂ.’

ഇരുവരെ കുറിച്ചും പൊതുവായ ചില കാര്യങ്ങളും ബദറുദ്ദീന്‍ പറയുന്നുണ്ട്. രണ്ട് പേരും തങ്ങളുടെ ജോലിയോട് വലിയ ആത്മാര്‍ത്ഥതയുള്ളവരാണ്. അതുകൊണ്ടാണ് അവര്‍ വളര്‍ന്ന് ഈ നിലയിലെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Summary: ‘Mohanlal has a calm personality and treats everyone with love, Mammootty is the exact opposite and explodes when he gets angry’; Production controller reveals about superstars