”വെയിലത്തും ലൈറ്റിന് മുന്നിലും നിന്ന് ഞാനും നിങ്ങളും ഒരേ ജോലിയാണ് ചെയ്യുന്നത്, ഇവടെ വന്നപ്പോൾ നിങ്ങളതിനേക്കാൾ ചൂടിലാണെന്ന് മനസിയായി” പ്രേംനസീര്‍ പാട്ടുപാടാനായി വേദിയിലേക്ക് ക്ഷണിച്ചപ്പോള്‍ മോഹന്‍ലാല്‍ അന്ന് പറഞ്ഞത്‌| mohanlal | prem naseer


മലയാള സിനിമയിലെ നിത്യഹരിത നായകൻ പ്രേം നസീ‌ർ ഇന്നും ആരാധകർക്ക് ജ്വലിക്കുന്ന ഓർമ്മയാണ്. അദ്ദേഹത്തിന്റെ പഴയ അഭിമുഖങ്ങളും ശബ്‌ദശകലങ്ങളുമെല്ലാം ആരാധകർക്ക് വളരെയേറെ പ്രിയപ്പെട്ടതാണ്. പ്രേം നസീർ അഭിനയിച്ച സിനിമകളും ​ഗാനങ്ങളുമെല്ലാം ഇപ്പോഴും പ്രേക്ഷകർ നെഞ്ചേറ്റുന്നു. മലയാളികൾക്ക് ഓർത്തിരിക്കാൻ ധാരാളം സിനിമകൾ സമ്മാനിച്ചാണ് അദ്ദേഹം ലോകത്തോട് വിട പറഞ്ഞത്.

പ്രേം നസീർ വർഷങ്ങൾക്ക് മുൻപ് പങ്കെടുത്ത ഒരു താരനിശയുടെ വീഡിയോ ശ്രദ്ധേയമാവുകയാണിപ്പോൾ. നടൻ മോഹൻലാൽ കൂടെ പങ്കെടുത്ത മെ​ഗാ സ്റ്റേജ് ഷോയായിരുന്നു അത്. പരിപാടിയിൽ വെച്ച് വർഷങ്ങൾക്ക് മുൻപ് പ്രേം നസീർ മോഹൻലാലിനെപ്പറ്റി പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുകയാണ്. പരിപാടിയിൽ ​ഗാനമാലപിക്കാനായി മോഹൻലാലിനെയും എം.ജി.ശ്രീകുമാറിനെയും നസീർ ക്ഷണിക്കുകയാണ്. ‘പാട്ട് പാടാൻ കഴിവുള്ള സൂപ്പർ സ്റ്റാർ’ എന്നാണ് അദ്ദേഹം മോഹൻലാലിനെ വിശേഷിപ്പിക്കുന്നതും വേദിയിലേക്ക് ക്ഷണിക്കുന്നതും.

കേരളത്തിന് ഇപ്പോൾ പാടാൻ കൂടി കഴിവുള്ള ഒരു സൂപ്പർസ്റ്റാറുണ്ട്. ഞാൻ പറയാതെ തന്നെ ആളെ നിങ്ങൾക്കറിയാം. വേറെയാരുമല്ല, മിസ്റ്റർ മോഹൻലാൽ എന്നു പറഞ്ഞുകൊണ്ട് താരത്തെ നസീർ പാട്ടുപാടാനായി ക്ഷണിക്കുന്നതാണ് വീഡിയോയിലുള്ളത്. നസീറിൽ നിന്ന് മൈക്ക് വാങ്ങുന്ന മോഹൻലാൽ പാട്ടുപാടാനുള്ള കഴിവില്ലെങ്കിലും പാടിനോക്കാം എന്നുപറയുന്നതും വീഡിയോയിൽ കാണാം.

തുടർന്ന് വേദിയിലിരിക്കുന്നവരോട് നിങ്ങളെയെല്ലാം കാണാൻ സാധിച്ചതിൽ സന്തോഷം എന്ന് പറഞ്ഞ താരം, ഞാനും നിങ്ങളുമെല്ലാം ഒരേ ജോലിയാണ് ചെയ്യുന്നത് എന്ന് പറയുന്നുണ്ട്. ”ഞാനും നിങ്ങളും രാവിലെ മുതൽ വെയിലത്തും ലൈറ്റിന്റെ മുന്നിലും നിന്ന് പണിയെടുക്കുന്നു, പക്ഷേ ഇവിടെ വന്നപ്പോൾ മനസിലായി നിങ്ങൾ അതിനേക്കാൾ ചൂടിലാണെന്ന്”- താരം പറയുന്നു.

പിന്നാലെ മോഹൻലാലും എം.ജി ശ്രീകുമാറും ചേർന്ന് കണ്ടു കണ്ടറിഞ്ഞു എന്ന ചിത്രത്തിലെ ‘നീയറിഞ്ഞോ മേലേ മാനത്തെ ആയിരം ഷാപ്പുകൾ തുറക്കുന്നുണ്ട്’ എന്ന ഗാനം ആലപിച്ചു. മോഹൻലാലും മാളയും ചേർന്നാണ് ചിത്രത്തിൽ ഈ ഗാനം ആലപിച്ചിരുന്നത്. 1985ൽ പുറത്തിറങ്ങിയ കണ്ടു കണ്ടറിഞ്ഞുവിലെ പാട്ടുകളൊക്കെ അക്കാലത്ത് വളരെയേറെ ആഘോഷിക്കപ്പെട്ടവയായിരുന്നു.