‘ആനയെ വച്ച് നടത്തിയ ഉത്സവം കുഴിയാനയെ വച്ച് നടത്തുന്നത് പോലെ’; സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ നിന്ന് മോഹന്‍ലാലും താരസംഘടനയായ എ.എം.എം.എയും പിന്മാറി, രൂക്ഷവിമര്‍ശനവുമായി ഇടവേള ബാബു


സിനിമാ ലോകത്തെ താരങ്ങള്‍ മൈതാനത്തിറങ്ങുന്ന സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ (സി.സി.എല്‍) നിന്ന് മലയാളം താരസംഘടനയായ എ.എം.എം.എയും നോണ്‍പ്ലയിങ് ക്യാപ്റ്റനായ മോഹന്‍ലാലും പിന്മാറി. സി.സി.എല്‍ മാനേജ്‌മെന്റുമായുള്ള ഭിന്നതയെ തുടര്‍ന്നാണ് പിന്മാറ്റമെന്നാണ് എ.എം.എം.എ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിനെ ഉദ്ധരിച്ച് പ്രമുഖ മലയാളം ഓണ്‍ലൈന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്.

നടന്‍ മോഹന്‍ലാലിന് ചെറിയ ശതമാനം ഓഹരി മാത്രമാണ് ഇപ്പോഴുള്ളത് എന്ന് ഇടവേള ബാബു പറയുന്നു. ആനയെ വച്ച് നടത്തിയ ഉത്സവം കുഴിയാനയെ വച്ച് നടത്തുന്നത് പോലെയാണ് ഇപ്പോഴത്തെ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗെന്നും ഇടവേള ബാബു കുറ്റപ്പെടുത്തി.

നോണ്‍ പ്ലയിങ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് പിന്മാറിയ മോഹന്‍ലാല്‍ തന്റെ ചിത്രങ്ങള്‍ സി.സി.എല്ലിന് ഉപയോഗിക്കാന്‍ പാടില്ല എന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. സി.സി.എല്‍ മൂന്നാം സീസണിന്റെ ആദ്യഘട്ടത്തില്‍ ഉപയോഗിച്ച മോഹന്‍ലാലിന്റെ ചിത്രങ്ങള്‍ ഈ നിര്‍ദ്ദേശത്തെ തുടര്‍ന്ന് നീക്കം ചെയ്തിട്ടുണ്ട്.

അതേ സമയം കേരള സ്‌ട്രൈക്കേഴ്‌സ് എന്ന ടീം സി.സി.എല്‍ കളിക്കുന്നുണ്ട്. ഈ ടീമുമായി എ.എം.എം.എയ്ക്ക് ഒരു ബന്ധവുമില്ലെന്ന് ഇടവേള ബാബു പറഞ്ഞു. സ്വന്തം നിലയ്ക്കാണ് ഇവര്‍ മത്സരിക്കുന്നത്. തമിഴ് സിനിമാ താരം രാജ്കുമാര്‍ സേതുപതി, ഭാര്യ ശ്രീപ്രിയ, ഷാജി ജെയ്‌സണ്‍ എന്നിവരാണ് നിലവില്‍ കേരള സ്‌ട്രൈക്കേഴ്‌സ് ടീമിന്റെ ഉടമസ്ഥര്‍.

നേരത്തേ കേരള സ്‌ട്രൈക്കേഴ്‌സിനെ ഏകോപിപ്പിച്ചിരുന്നത് മലയാള താരസംഘടനയായ എ.എം.എം.എ ആയിരുന്നു. എട്ട് വര്‍ഷമായി ടീം മാനേജരായിരുന്നത് എ.എം.എം.എ ജനറല്‍ സെക്രട്ടറിയായ ഇടവേള ബാബുവായിരുന്നു. കോവിഡ് മഹാമാരി വ്യാപിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ മൂന്ന് വര്‍ഷമായി സി.സി.എല്‍ നടന്നിരുന്നില്ല. ഈ ഇടവേളയ്ക്ക് ശേഷം നടക്കാനിരിക്കുന്ന അടുത്ത സീസണിന് മുന്നോടിയായാണ് ഇപ്പോള്‍ വിവാദമുണ്ടായിരിക്കുന്നത്.

2003 ലാണ് സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് ആരംഭിക്കുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങി വിവിധ ഭാഷകളില്‍ നിന്നായി എട്ട് ടീമുകളാണ് ലീഗില്‍ ഉള്ളത്. ഹൈദരാബാദിലെ വ്യവസായിയുടെ നേതൃത്വത്തില്‍ ആണ് സി.സി.എല്‍ ആരംഭിക്കുന്നത്. ഇതിന്റെ ഫ്രാഞ്ചൈസികള്‍ വിവിധ മേഖലകളിലുള്ളവര്‍ സ്വന്തമാക്കിയും സ്‌പോണ്‍സര്‍ഷിപ്പിലൂടെയുമാണ് സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് മുന്നേറുന്നത്.