”കോമഡി ഉത്സവത്തിൽ പങ്കെടുക്കുമ്പോൾ ആയിരുന്നു സംഭവം, സെൽഫിയെടുത്തപ്പോൾ ഒരു സൈഡ് കോടിയപോലെ ഇരിക്കുന്നു, രാവിലെ എണീറ്റാൽ ശരിയാകുമെന്ന് കരുതി, പക്ഷേ..”; നടുക്കുന്ന അനുഭവം തുറന്ന് പറഞ്ഞ് മിഥുൻ രമേശ്| Mithun Ramesh | Bell’s palsy


നടനും അവതാരകനുമായ മിഥുൻ രമേശിന് ബെൽസ് പാഴ്സി രോ​ഗം വന്നപ്പോഴാണ് മലയാളികളിൽ പലരും ഇതേപ്പറ്റി അറിയുന്നത് പോലും. പെട്ടെന്നായിരുന്നു താരത്തിന്റെ മുഖത്തിന്റെ ഒരു സൈഡ് കോടിപ്പോയത്. ഇത് ആരാധകരേയും ചലച്ചിത്ര മേഖലയിലുള്ളവരെയും സങ്കടത്തിലാഴ്ത്തി. ഇപ്പോൾ ആഴ്ചകൾക്കിപ്പുറം രോ​ഗമുക്തി നേടിയശേഷം താരം വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്കെത്തുകയാണ്.

രോ​ഗം മാറിയതിന് ശേഷം താരം ദുബായിൽ തിരിച്ചെത്തിയതെല്ലാം സുഹൃത്തുക്കൾ ആഘോഷമാക്കിയിരുന്നു. ദുബൈയിലെ ഹിറ്റ് 96.7 ൽ ആർജെ കൂടിയായ മിഥുൻ കഴിഞ്ഞ ദിവസം ജോലിയിൽ തിരികെ പ്രവേശിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ തനിക്ക് രോ​ഗം പിടിപെട്ടപ്പോഴുണ്ടായ അവസ്ഥ ആരാധകരോട് പങ്കുവയ്ക്കുകയാണ് മിഥുൻ. ബിഹൈൻഡ് വുഡ്സ് ഐസിന് നൽകിയ അഭിമുഖത്തിലാണ് മിഥുൻ മനസ് തുറന്നത്.

ഈ മാസം ആദ്യമായിരുന്നു മിഥുന് രോ​ഗം പിടിപെട്ടത്. ഒന്നാം തീയതി കോമഡിയുത്സവം പരിപാടിയിൽ പങ്കെടുത്ത് കൊണ്ടിരിക്കുമ്പോൾ ഒരു കണ്ണ് അടയാത്തത് പോലെ തോന്നിയിരുന്നു താരത്തിന്. നാലഞ്ച് ദിവസത്തെ ഉറക്കമുണ്ടായിരുന്നു മിഥുന് അതുകൊണ്ടാണിത് സംഭവിച്ചതെന്നാണ് ഡോക്ടേഴ്സ് പറയുന്നത്. പക്ഷേ ചെവിയിലൊരു കാറ്റടിച്ചാലും മതി ഇങ്ങനെ സംഭവിക്കാൻ.

”വൈകുന്നേരം ആകുമ്പോഴേക്കും ശരിയാകുമെന്ന് ഞാൻ കരുതി. എന്നാൽ വൈകീട്ട് വെള്ളം കുടിച്ചപ്പോൾ സൈഡിലൂടെ വെള്ളം ഒലിക്കാൻ തുടങ്ങി. അന്ന് തന്നെ തിരുവനന്തപുരത്ത് പോകേണ്ട ആവശ്യമുള്ളത് കൊണ്ട് അവിടെയെത്തിയിട്ട് ഹോസ്പിറ്റലിൽ പോകാമെന്ന് കരുതി. അതേസമയം എന്നോട് എല്ലാവരും ഹോസ്പിറ്റലിൽ പോകാൻ ആവശ്യപ്പെടുന്നുണ്ടായിരുന്നു.

ഞാൻ സീരിയസ് ആയി എടുത്തില്ല, ഉറങ്ങി എണീറ്റാൽ ശരിയാകുമെന്ന് കരുതി, പക്ഷേ അങ്ങനെ ചെയ്യരുത് എന്തെങ്കിലും ബുദ്ധിമുട്ട് തോന്നിയാൽ ഉടൻ ഹോസ്പിറ്റലിൽ പോകണം. വിതുരയിലുള്ള ഒരു ഹോസ്പിറ്റലിൽ കാണിച്ചപ്പോൾ അവിടത്തെ ഡോക്ടർ തന്നെ പേടിച്ചു. അങ്ങനെയാണ് ഹോസ്പിറ്റലിൽ കാണിക്കുന്നത്”- മിഥുൻ രമേശ് വ്യക്തമാക്കി.

അതേസമയം മിഥുൻ തന്റെ മുഖത്തിന്റെ അവസ്ഥയറിയാൻ സെൽഫി എടുത്ത് നോക്കിയപ്പോൾ മുഖം കോടിയതായി മനസിലായി. അപ്പോൾ ബെൽസ് പാഴ്സിയാണ് അസുഖം റിക്കവർ ആകും എന്നെല്ലാം മനസിലായിരുന്നു. പക്ഷേ രോഗത്തിന്റെ ​ഗുരുതരാവസ്ഥ ആദ്യം കാണിച്ച ഡോക്ടർ പറഞ്ഞപ്പോൾ മാത്രമാണ് മനസിലായത് എന്ന് താരം വ്യക്തമാക്കി.

ഈ മാസം ആദ്യമാണ് താൻ ബെൽസ് പാഴ്സി രോ​ഗത്തിന് ചികിത്സ തേടിയെന്ന് മിഥുൻ അറിയിച്ചത്. മുഖം ഒരു വശത്തേക്ക് താൽക്കാലികമായി കോടുന്ന അസുഖമാണിത്. തിരുവനന്തപുരം അനന്തപുരം ആശുപത്രിയിലായിരുന്നു മിഥുൻ രമേശിന്റ ചികിത്സകൾ.