‘എന്റെ പതിനാലാം വയസിലായിരുന്നു ഞങ്ങളുടെ വിവാഹം, എനിക്ക് കൂടുതലിഷ്ടം എയര്‍ ഫോഴ്‌സില്‍ ജോലി ചെയ്തിരുന്ന സോമേട്ടനെ’; നടന്‍ എം.ജി.സോമന്റെ ഓര്‍മ്മകള്‍ പങ്കുവച്ച് ഭാര്യ സുജാത


ലയാളികള്‍ എക്കാലവും ഓര്‍ക്കുന്ന അഭിനേതാവാണ് എം.ജി.സോമന്‍. വില്ലന്‍ റോളുകളിലും ലേലം പോലുള്ള സിനിമകളിലെ ശക്തമായ കഥാപാത്രങ്ങളായും അക്കരെ അക്കരെ അക്കരെ പോലുള്ള ചിത്രങ്ങളിലെ പൊട്ടിച്ചിരിപ്പിക്കുന്ന കഥാപാത്രങ്ങളായുമെല്ലാം നമ്മുടെ മനസില്‍ ഇടം നേടിയ പ്രതിഭയാണ് സോമന്‍. ലേലത്തിലെ ‘നേരാ തിരുമേനീ…’ എന്ന് തുടങ്ങുന്ന ഒറ്റ ഡയലോഗ് മതി, മലയാളികള്‍ക്ക് സോമനെ രോമാഞ്ചത്തോടെ ഓര്‍ക്കാന്‍.

1973 ല്‍ പുറത്തിറങ്ങിയ ഗായത്രി എന്ന ചിത്രത്തിലൂടെയാണ് എം.ജി.സോമന്‍ സിനിമയിലേക്ക് ചുവടുവയ്ക്കുന്നത്. പിന്നീടിങ്ങോട്ട് തന്റെ മരണം വരെ നൂറുകണക്കിന് ചിത്രങ്ങളാണ് സോമന്‍ മലയാളികള്‍ക്ക് സമ്മാനിച്ചത്. 1975, 1976 വര്‍ഷങ്ങളില്‍ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ എം.ജി.സോമന്‍ 1997 ഡിസംബര്‍ 12 നാണ് സിനിമാപ്രേമികളെ മുഴുവനും ദുഃഖത്തിലാഴ്ത്തിക്കൊണ്ട് ഈ ലോകത്തോട് വിട പറഞ്ഞത്.

സോമന്റെ മരണത്തിന് ഇത്രയും വര്‍ഷങ്ങള്‍ക്കിപ്പുറം സോമന്റെ കുടുംബം മനസ് തുറക്കുകയാണ്. ഭാര്യ സുജാത സോമശേഖരന്‍, മക്കളായ സജി സോമശേഖരന്‍, സിന്ധു സോമശേഖരന്‍ എന്നിവര്‍ ബിഹൈന്റ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ സോമന്റെ ഓര്‍മ്മകള്‍ പങ്കുവച്ചത്.

തന്നോട് ഒരിക്കലും നോ പറയാത്ത ആളായിരുന്നു സോമനെന്നാണ് ഭാര്യ സുജാത ഓര്‍ത്തെടുക്കുന്നത്. സിനിമയുടെ തിരക്കിനിടയിലും തങ്ങള്‍ക്ക് അദ്ദേഹത്തെ മിസ് ചെയ്യാനുള്ള അവസരം അദ്ദേഹം നല്‍കിയിട്ടില്ല. ഷൂട്ടിങ് സ്ഥലത്തെല്ലാം ഞങ്ങളെ കൊണ്ടുപോകുമെന്നും സുജാത പറയുന്നു.

‘അച്ഛനും അമ്മയ്ക്കും ഒറ്റ മോനായിരുന്നു സോമേട്ടന്‍. എന്റെ പതിനാലാം വയസിലായിരുന്നു ഞങ്ങളുടെ വിവാഹം. എയര്‍ഫോഴ്‌സിലായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ ജോലി. എയര്‍ഫോഴ്‌സില്‍ ജോലി ചെയ്യുന്ന സോമേട്ടനെയാണ് എനിക്ക് കൂടുതലിഷ്ടം. പുതിയ സ്ഥലങ്ങള്‍ കാണാന്‍ പോകാനും സുഹൃത്തുക്കളെ കാണാന്‍ പോകാനുമെല്ലാം അന്ന് സ്വാതന്ത്ര്യമുണ്ടായിരുന്നു. സോമേട്ടനൊപ്പം വന്നതിന് ശേഷമാണ് ഞാന്‍ സിനിമയും നാടകവുമെല്ലാം കണ്ടത്.’ -സുജാത പറഞ്ഞു.

മകന്‍ സജി സോമശേഖരനും അച്ഛനെ കുറിച്ചുള്ള ഓര്‍മ്മകള്‍ നിരവധിയുണ്ട്.

‘വെളുപ്പിന് നാല് മണിക്കൊക്കെ വന്നാണ് അച്ഛന്‍ രാത്രിയിലെ ഭക്ഷണം കഴിക്കാറ്. ഞാന്‍ ബോര്‍ഡിങ്ങിലായിരുന്നു പഠിച്ചത്. അവധിക്കാലത്തൊക്കെ ലൊക്കേഷനില്‍ പോകാന്‍ കഴിയുമായിരുന്നു. അതാണ് എന്റെ പ്രധാന ഓര്‍മ്മ. പെട്ടെന്ന് ദേഷ്യം വരുന്ന വ്യക്തിയായിരുന്നു അച്ഛന്‍. ആ ദേഷ്യം അത് പോലെ പോകുകയും ചെയ്യും. അച്ഛന്‍ ഞങ്ങള്‍ക്ക് ചോറൊക്കെ വാരിത്തരുമായിരുന്നു. എനിക്ക് 26 വയസുള്ളപ്പൊഴാണ് അച്ഛന്‍ മരിക്കുന്നത്.’ -സജി പറഞ്ഞു.

സിനിമയിലുള്ളവരുമായി നല്ല ബന്ധമാണ് സോമന് ഉണ്ടായിരുന്നത്. സുരേഷ് ഗോപിയും രഞ്ജി പണിക്കരുമെല്ലാം ഇടയ്ക്ക് വരാറുണ്ട്. മധു സാറും വരാറുണ്ടായിരുന്നു. ഇപ്പോള്‍ അദ്ദേഹത്തിന് വയ്യാത്തത് കൊണ്ട് വരാറില്ല. കമല്‍ഹാസനുമായി സോമന് പ്രത്യേക അടുപ്പമുണ്ടായിരുന്നുവെന്നും സോമന്റെ കുടുംബം പറയുന്നു.