”കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണന്റെ പിഎച്ച്ഡി തന്നെ ഈ വിഷയത്തിലാണ്, ലാസ്യം ആണിനും പെണ്ണിനും വ്യത്യസ്തമാണ്”; മേതിൽ ദേവിക | Methil Devika| Mohiniyattam
കേരള സംഗീത നാടക അക്കാദമി പുരസ്‌ക്കാരമടക്കം നിരവധി പുരസ്കാരങ്ങൾ നേടിയ പ്രശസ്ത മോഹിനിയാട്ടം നർത്തകിയാണ് ഡോ. മേതിൽ ദേവിക. മോഹിനിയാട്ടത്തിൽ എപ്പോഴും പുതിയ പരീക്ഷണങ്ങളും പഠനങ്ങളും നടത്തി അവതരിപ്പിക്കുന്ന ദേവിക ഇപ്പോൾ കാനഡയിലെ യോർക്ക് യൂണിവേഴ്സിറ്റിയിലെ അഡ്ജന്റ് പ്രഫസറാണ്. സംസ്കൃത സർവ്വകലാശാലയിലും ക്ലാസുകൾ എടുക്കുന്നുണ്ട്.
ഇന്ത്യൻ കലാരംഗത്ത് തന്റേതായ ഇടം നേടിയെടുത്ത ദേവിക നടനും എംഎൽഎയുമായ മുകേഷിന്റെ മുൻ ഭാര്യ കൂടിയാണ്. 2021ലായിരുന്നു ഇവർ വേർപിരിയുന്നത്. 2020ൽ ലോക്ഡൗൺ സമയത്ത് സർപ്പങ്ങളുടെ കഥ മോഹിനിയാട്ടത്തിലൂടെ പറയുന്ന ദേവികയുടെ സർപ്പതത്വം എന്ന ഡോക്യുമെന്ററിക്ക് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. മോഹൻലാൽ, മഞ്ജു വാര്യർ, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ, ദുൽഖർ സൽമാൻ, ജയസൂര്യ, ടൊവിനോ തോമസ്, വിനീത് എന്നിവരുടെ ഫേസ്ബുക്ക് പേജുകളിലൂടെയാണ് വീഡിയോ പുറത്തിറങ്ങിയത്.
കോവിഡ് സമയത്ത് തന്നെയായിരുന്നു മേതിൽ അഹല്യ എന്ന നൃത്തരൂപവും അവതരിപ്പിച്ചത്. ഏറ്റവും ബുദ്ധിമുട്ടുളള ഒരു പാൻഡമിക് പിരീഡ് ഉണ്ടായിരുന്നു, ഇനി ഇതെപ്പൊ കഴിയും എന്ന് അറിയില്ലായിരുന്നു. അതുകൊണ്ട് ഇത് വളരെ പ്രഷ്യസ് ആണ്. അതിന് ശേഷം ഉച്ചില വന്നു. അതിൽ ചാക്യാർ കൂത്ത് എല്ലാം വന്നിരുന്നു- ദേവിക വ്യക്തമാക്കി. എഫ്ടിക്യു വിത്ത് രേഖ മേനോൻ എന്ന യൂട്യൂബ് ചാനലിലാണ് താരം തന്റെ നൃത്തങ്ങളെക്കുറിച്ച് പറയുന്നത്.
പൊതുവെ പുരുഷൻമാർ തിരഞ്ഞെടുക്കാത്ത കലാരൂപമാണ് മോഹിനിയാട്ടം. ആണുങ്ങൾ കഥകളിയും സ്ത്രീകൾ മോഹിനിയാട്ടവും പഠിക്കുന്നതായിരുന്നു കാലങ്ങളായി ഇവിടെ നിലനിൽക്കുന്ന രീതി. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി മേതിൽ ദേവികയും രണ്ട് പുരുഷൻമാരും ചേർന്ന് അവതരിപ്പിച്ച നൃത്തം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
”ലാസ്യത്തിന് അതിന്റേതായ ഒരു നിർവ്വചനമുണ്ട്. ഇത് ഗ്രേസുമായി ബന്ധപ്പെട്ട വിഷയമാണ്. പുരുഷൻമാർ പൊതുവെ വളരെ വൈബ്രൻന്റ് ആയ വർക്ക് ചെയ്യുന്നു. അതേസമയം ഇപ്പോൾ പെൺകുട്ടികളും വൈബ്രന്റ് ആയ നൃത്തം ചെയ്യുന്നു. പക്ഷേ ആണുങ്ങൾക്ക് മോഹിനിയാട്ടം ചെയ്യാൻ മടിയായിരുന്നു. ഒന്നാമത്, കലാമണ്ഡലത്തിലൊന്നും ഇത് അനുവദിനീയമല്ലായിരുന്നു.
പക്ഷേ ഇപ്പോൾ കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണനെല്ലാം മോഹിനിയാട്ടത്തിൽ പ്രൂവ് ചെയ്തിട്ടുണ്ട്. അവരുടെ പിഎച്ച് ഡിയെല്ലാം ഈ വിഷയത്തിൽ ആയിരുന്നു. ആളുകളുടെ കാഴ്ച്ചപ്പാടിൽ മാറ്റം വരുന്നുണ്ട്. പിന്നെ എല്ലാ കലാരൂപങ്ങളും എനർജിയുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. മോഹിനിയാട്ടത്തിൽ ആണിനോട് പെണ്ണിനെപ്പോലെ നൃത്തം ചെയ്യാനല്ല പറയുന്നത്”- മേതിൽ ദേവിക വ്യക്തമാക്കി.