”അന്ന് എന്റെ ഹൃദയം തകർന്ന് പോയി, ഹൃത്വിക് റോഷന്റെ വിവാഹദിവസം എനിക്ക് ഡാർക്ക് ഡേ”; നടനെ ഒരുപാട് ഇഷ്ടമാണെന്ന് തെന്നിന്ത്യൻ താരം മീന| Hrithik Roshan| Meena
മീന ദുരൈരാജ് എന്ന മീന തമിഴ് സിനിമയിൽ ബാലതാരമായിട്ടായിരുന്നു തന്റെ അഭിനയജീവിതത്തിന് തുടക്കമിട്ടത്. തെന്നിന്ത്യയിലും ബോളിവുഡിലുമായി അനേകം ചിത്രങ്ങളിൽ മീന അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ബ്രോ ഡാഡിയാണ് മീനയുടെ ഒടുവിലത്തെ മലയാള സിനിമ. ഇതിൽ വളരെ പ്രാധാന്യമുള്ള വേഷം തന്നെയായിരുന്നു മീനയുടേത്.
സിനി ഉലകം എന്ന യൂട്യൂബ് ചാനലിന് മീന നൽകിയ അഭിമുഖമാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. സുഹാസിനി മണിരത്നവുമായി നടത്തിയ അഭിമുഖത്തിൽ മീന തന്റെ പ്രിയപ്പെട്ടവർക്കൊപ്പം നിൽക്കുന്ന പഴയ ഫോട്ടോസ് സ്ക്രീനിൽ പ്രദർശിപ്പിച്ച് അതുമായി ബന്ധപ്പെട്ട ഓർമ്മകൾ പങ്കുവയ്ക്കുന്ന ഒരു സെക്ഷൻ ഉണ്ട്. അതിൽ നടി ബോളിവുഡ് നടൻ ഹൃത്വിക് റോഷന്റെ ഒപ്പം മീന നിൽക്കുന്ന ഒരു ഫോട്ടോ സ്ക്രീൻ ചെയ്തപ്പോഴേക്കും മീന വികാരഭരിതയായി.
ഹൃത്വിക്കിന്റെ വിവാഹദിവസം എടുത്ത ഫോട്ടോയായിരുന്നു അത്. കൂടാതെ മീന ആദ്യമായി നടൻ ഹൃത്വിക്കിനെ നേരിൽ കാണുന്ന ദിവസം കൂടിയായിരുന്നു അത്. എന്നാൽ തന്നെ സംബന്ധിച്ചിടത്തോളം അതൊരു ഡാർക്ക് ആയിരുന്നു എന്നാണ് മീന പറയുന്നത്. പക്ഷേ ഹൃത്വിക്കിന്റെ വലിയ ആരാധികയായതിനാൽ താരത്തെ നേരിട്ട് കണ്ട് സംസാരിച്ചതിന്റെ അതിഭീകര സന്തോഷവുമുണ്ടായിരുന്നു.
”ആ ദിവസം എന്റെ ഹൃദയം തകർന്ന് പോയി. ഞാൻ അന്ന് വിവാഹം കഴിച്ചിട്ടില്ല. അമ്മ എനിക്ക് വേണ്ടി ആലോചിക്കുന്നുണ്ടായിരുന്നു. ഹൃത്വിക്ക് റോഷനെപ്പോലെയുള്ള പയ്യനെ നോക്കണം എന്ന് ഞാൻ അമ്മയോട് പറഞ്ഞിട്ടുമുണ്ടായിരുന്നു. ഞാൻ അദ്ദേഹത്തിന്റെ വലിയ ഫാനാണ്. അദ്ദേഹത്തിന്റെ അഭിനയവും ഡാൻസുമെല്ലാം ഇഷ്ടമാണ്”- മീന പറഞ്ഞു.
അതേസമയം, ഹൃത്വിക് റോഷനും സബ ആസാദും തമ്മിലുള്ള വിവാഹം ഈ വർഷം നടക്കുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങളെല്ലാമുണ്ട് ബോളിവുഡിൽ. ഇതേക്കുറിച്ച് താരം ഇതുവരെ പ്രതികരിച്ചുട്ടുമില്ല. നിലവിൽ പ്രണയിതാക്കളായ ഇരുവരുടേയും വിവാഹത്തെ സംബന്ധിച്ച ഗോസിപ്പുകൾ നേരത്തെ പലതവണ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഹൃത്വികും സബയും ജുഹു വെർസോവ ലിങ്ക് റോഡിൽ പണികഴിപ്പിച്ച ആഢംബര വസതിയുടെ ഇന്റീരിയർ ജോലികളുടെ തിരക്കിലാണിപ്പോൾ.
ഇരുവരും ട്വിറ്ററിലൂടെ പരിചയത്തിലാവുകയും പിന്നീട് പ്രണയത്തിലാവുകയുമായിരുന്നു. ട്വിറ്ററിലിപ്പോൾ ഇരുവരുടേയും വിവാഹ വാർത്ത പരക്കുകയാണ്. അടുത്തിടെ ഫൈറ്ററിന്റെ ഷൂട്ടിങ്ങിനായി ഹൃത്വിക്കിനെ യാത്രാക്കാൻ സബ എയർപോർട്ടിൽ എത്തുന്നതിന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
കരൺ ജോഹറിന്റെ 50-ാം പിറന്നാൾ ആഘോഷത്തിലായിരുന്നു ഹൃത്വിക് സബയുമായുള്ള ബന്ധത്തെക്കുറിച്ച് പറഞ്ഞത്. നടിയും നാടക സംവിധായകയും സംഗീതജ്ഞയുമാണ് സബ. സോണി ലിവിൽ സ്ട്രീം ചെയ്യുന്ന റോക്കറ്റ് ബോയ്സ് എന്ന സീരീസിലാണ് സബ ആസാദ് അവസാനം അഭിനയിച്ചത്. തമിഴ് ഹിറ്റ് ചിത്രം ‘വിക്രം വേദ’യുടെ ഹിന്ദി റീമേക്കാണ് ഹൃത്വികിന്റേതായി ഒടുവിൽ പുറത്തുവന്ന ചിത്രം.