‘അറബിയിലുള്ള നെടുനീളന്‍ ഡയലോഗ് കഷ്ടപ്പെട്ട് പഠിച്ചു, നാല് വരികൂടി കൂട്ടിയപ്പൊ കിളിപോയി’; ‘ആയിഷ’യുടെ പ്രമോഷനിടെ രസകരമായ ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവച്ച് പ്രിയതാരം മഞ്ജു വാര്യര്‍


ർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം സിനിമാ രംഗത്ത് മടങ്ങിയെത്തി താൻ നിർത്തിയിടത്ത് നിന്ന് തുടങ്ങി അതിലുമേറെ ഉയരങ്ങൾ കൈയ്യെത്തിപ്പിടിച്ച മലയാളികളുടെ പ്രിയ താരമാണ് മഞ്ജു വാര്യർ. അഭിനയ പാടവം കൊണ്ടും നിലപാടുകൾ കൊണ്ടും പ്രേക്ഷക മനസിൽ സ്ഥാനം നേടിയ മഞ്ജുവിന്റേതായി അടുത്തിടെ പുറത്തിറങ്ങിയ ചിത്രം തമിഴ് സൂപ്പർസ്റ്റാർ തല അജിത്തുമൊത്തുള്ള തുനിവ് ആയിരുന്നു. ആ സിനിമയിലെ ഫൈറ്റ് സീനിലുള്ള മഞ്ജുവിന്റെ മികച്ച പ്രകടനം ഏറെ പ്രശംസനീയമായിരുന്നു.

ട്രൈലറിലുൾപ്പെടെ ഏറെ പ്രതീക്ഷ നൽകിയ ഇന്ന് റിലീസാവുന്ന മഞ്ജു വാര്യറുടെ ആയിഷ സിനിമയുടെ ഭാവി എന്താകുമെന്നാണ് സിനിമാലോകവും പ്രേക്ഷകരും ആകാംക്ഷയോടെ കാത്തിരിക്കുന്നത്. മഞ്ജു വാര്യർ മുഖ്യകഥാപാത്രമായി എത്തുന്ന ഒരു ദ്വിഭാഷാ ചിത്രമാണ് അയിഷ. മലയാളം – അറബി ഭാഷകൾ ഇടകലർന്ന് വരുന്ന ക്രോസ്-കൾച്ചറൽ ഫാമിലി എന്റർടെയ്‌നർ ചിത്രമായ ആയിഷ ഗൾഫ് രാജ്യത്തേക്ക് പോകുന്ന മലയാളി യുവതിയുടെ കഥയാണ് പറയുന്നത്.

മഞ്ജുവിനൊപ്പം രാധിക, സജ്ന, പൂർണിമ എന്നിവരും ചിത്രത്തിൽ കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ടുണീഷ്യ, യു.എ.ഇ, ഫിലിപ്പൈൻസ്, നൈജീരിയ, യമൻ, സിറിയ തുടങ്ങി വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ചിത്രത്തിലെ ഗാനങ്ങളും ഇതിനോടകം തന്നെ ശ്രദ്ധ നേടിയിരുന്നു. പ്രഭുദേവ കൊറിയോഗ്രഫി നിർവഹിച്ച കണ്ണിൽ കണ്ണിൽ എന്ന ഗാനം ഒക്ടോബറിൽ പുറത്തെത്തിയതോടെ പ്രഭുദേവയുടെ സ്‌റ്റെപ്പുകളും മഞ്ജുവിന്റെ ഡാൻസും നിരവധി പ്രശംസകളും ഒപ്പം ട്രോളുകളുമാണ് ഏറ്റ് വാങ്ങിയത്. മലയാളത്തിന് പുറമെ ഇംഗ്ലീഷിലും അറബിയിലും പുറത്തിങ്ങുന്ന ചിത്രം , തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, തുടങ്ങിയ ഇന്ത്യൻ ഭാഷാ പതിപ്പുകളിലും എത്തുന്നു എന്ന സവിശേഷത കൂടി ഈ സിനിമയ്ക്കുണ്ട്.

അയിഷയുടെ ചിത്രീകരണത്തിന്റെ ഭാഗമായി അറബിയിലുള്ള ഡയലോഗ് പഠനത്തെ ക്കുറിച്ച് ഏറെ രസകരമായി മഞ്ജു പറയുന്നുണ്ട്. ഡയറക്ടർ കൊടുത്ത അറബിയിലുള്ള നെടുനീളൻ ഡയലോഗ് ബുദ്ധിമുട്ടി പഠിച്ചെടുത്തതും പിന്നീട് അതിലേക്ക് നാല് വരി കൂടി കൂട്ടിച്ചേർത്തപ്പോൾ കിളി പറന്നതുമായ തന്റെ അവസ്ഥയാണ് മഞ്ജു തമാശ രൂപേണ പറഞ്ഞത്. പഠിച്ചെടുത്ത ഡയലോഗ് ഉപയോഗിച്ച ഉടൻ മറന്നുപോയെന്നും ചിരിയോടെ മഞ്ജു വ്യക്തമാക്കി. ആയിഷ സിനിമയുടെ പ്രമോഷന്റെ ഭാഗമായി മീഡിയാവൺ ചാനലിന് നൽകിയ ഇന്റർവ്യൂവിലാണ് ആയിഷയിലെ അനുഭവങ്ങൾ മഞ്ജു വാര്യർ വിവരിച്ചത്.

ആഷിഫ് കക്കോടിയുടെ രചനയിൽ നവാഗതനായ ആമിർ പള്ളിക്കലാണ് ആയിഷയുടെ സംവിധാനം . ലൈഗർ സിനിമക്ക് ശേഷം ഛായാഗ്രാഹകനായി വിഷ്ണുശർമ്മ എത്തുന്ന മലയാള ചിത്രം എന്ന പ്രത്യേകത കൂടി ആയിഷക്കുണ്ട്.