”സൗഹൃദം നിലനിർത്താൻ വേണ്ടി നമ്മൾ ഏഫേർട്ട് എടുക്കേണ്ടി വരുന്നെങ്കിൽ അതൊരു സത്യന്ധമായ ബന്ധമല്ല”; മനസ് തുറന്ന് മഞ്ജു വാര്യർ| Manju Warrier|
സൗഹൃദം എന്നാൽ നമ്മൾ ക്രിയേറ്റ് ചെയ്യുന്ന ഫാമിലി ആണെന്നും അത് നിലനിൽക്കാൻ എഫേർട്ട് എടുക്കേണ്ട ആവശ്യമില്ലെന്നും നടി മഞ്ജു വാര്യർ. സൗഹൃദം വളരെ ഓർഗാനിക്കാണ് അതുകൊണ്ട് തന്നെ നമ്മൾ കഷ്ടപ്പെട്ട് ചേർത്ത് നിർത്തേണ്ടവരല്ല കൂട്ടുകാർ എന്നാണ് താരം പറയുന്നത്. മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിലാണ് താരം താൻ സൗഹൃദങ്ങളെ നോക്കിക്കാണുന്നത് എങ്ങനെയാണെന്ന് പറഞ്ഞത്.
”എഫേർട്ട് എടുത്ത് ഹോൾഡ് ചെയ്യേണ്ടി വന്നാൽ അത് ഫ്രണ്ട്ഷിപ്പ് അല്ല എന്നാണ് എനിക്ക് തോന്നുന്നത്. അത് ഈ പറഞ്ഞപോലെ ഓർഗാനിക് ആണ്. നമ്മൾ ക്രിയേറ്റ് ചെയ്യുന്ന ഫാമിലിയാണല്ലോ ഫ്രണ്ട്സ് എന്ന് പറയുന്നത്. എനിക്കുള്ല ഫ്രണ്ട്സിന്റെ കാര്യം പറഞ്ഞാൽ, കുറെ കാലം ഒന്നും സംസാരിക്കില്ല.
മാസങ്ങളോ മറ്റോ കഴിഞ്ഞ് വർത്തമാനം പറയുമ്പോൾ ഇന്നലെ സംസാരിച്ചത് പോലെ ഉണ്ടാകുള്ളു. ഒരു സൗഹൃദം ഹോൾഡ് ചെയ്യാൻ നമ്മൾ എഫേർട്ട് ഇടണമെങ്കിൽ അതൊരു നല്ല സൗഹൃദം അല്ല എന്നാണ് എനിക്ക് തോന്നുന്നത്”- മഞ്ജു വ്യക്തമാക്കി. സൗഹൃദങ്ങൾ എങ്ങനെയാണ് ഹോൾഡ് ചെയ്യുന്നത് എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു താരം.
അതേസമയം മഹേഷ് വെട്ടിയാർ സംവിധാനം ചെയ്ത വെള്ളരിപ്പട്ടണം ആണ് മഞ്ജുവിന്റെ ഒടുവിൽ തിയേറ്ററിലെത്തിയ സിനിമ. പൊളിറ്റിക്കൽ സറ്റയറിക് വിഭാഗത്തിൽ വരുന്ന ചിത്രത്തിൽ സൗബിൻ ഷാഹിർ ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ഈ വർഷം തന്നെ മഞ്ജുവിന്റെ ആമിർ പള്ളിക്കൽ സംവിധാനം ചെയ്ത ആയിഷ എന്ന ചിത്രവും എച്ച് വിനോദ് സംവിധാനം ചെയ്ത തുനിവ് എന്ന ചിത്രവും റിലീസിനെത്തിയിരുന്നു.
1999ൽ നടൻ തിലകനൊപ്പം കണ്ണെഴുതി പൊട്ടും തൊട്ട് എന്ന ചിത്രത്തിൽ അഭിനയിച്ച ശേഷം 2014ൽ ആണ് മഞ്ജു വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ച് വന്നത്. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ഹൗ ഓൾഡ് ആർ യു എന്ന സിനിമയിലൂടെ കുഞ്ചാക്കോ ബോബനൊപ്പമാണ് മഞ്ജു തിരിച്ച് വരവ് നടത്തിയത്. പിന്നീട് സത്യൻ അന്തിക്കാടിന്റെ എന്നും എപ്പോഴും എന്ന ചിത്രത്തിൽ ശക്തമായ സ്ത്രീ കഥാപാത്രത്തെ അവതരിപ്പിച്ച് നടി വീണ്ടും കരുത്തറിയിച്ചു.
പിന്നീട് റാണി പത്മിനി, ജോ ആൻഡ് ദി ബോയ്, പാവാട, വേട്ട, കരിങ്കുന്നം സിക്സ്, കെയർ ഓഫ് സൈറ ബാനു, ഉദാഹരണം സുജാത, വില്ലൻ, ആമി, മോഹൻലാൽ, ഒടിയൻ, ലൂസിഫർ, അസുരൻ, പ്രതി പൂവൻ കോഴി, ദി പ്രീസ്റ്റ്, ചതുർമുഖം, മരക്കാർ- അറബിക്കടലിന്റെ സിംഹം തുടങ്ങി നിരവധി സിനിമകളിൽ മഞ്ജു അഭിനയിച്ചു. ധനുഷിനൊപ്പം അസുരൻ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് തമിഴിലും അരങ്ങേറ്റം കുറിച്ചു. ഇന്ന് തെന്നിന്തയിലെ തിരക്കുള്ള നടിയാണ് മഞ്ജു വാര്യർ