”റോഡിൽ മര്യാദ കാണിക്കുന്നത് എന്തോ ഒരു മര്യാദ കേടായിട്ടാണ് കാണുന്നത്, എന്നെ ഒറ്റക്ക് ഒരു വണ്ടിയുമായി വിടാൻ അമ്മയ്ക്കും ചേട്ടനും പേടിയാണ്”; മഞ്ജു വാര്യർ| Manju Warrier| BMW
ആഴ്ചകൾക്ക് മുൻപ് നടി മഞ്ജു വാര്യർ ഒരു ബൈക്ക് സ്വന്തമാക്കിയത് വാർത്തയായിരുന്നു. അതിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം താരം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുമുണ്ടായിരുന്നു. തെന്നിന്ത്യൻ സൂപ്പർ താരം അജിത്തിനൊപ്പം ഹിമാലയത്തിലേക്ക് നടത്തിയ ബൈക്ക് റൈഡാണ് തന്നെ പുതിയ വാഹനം സ്വന്തമാക്കാൻ പ്രേരിപ്പിച്ചതെന്നും മഞ്ജു പറഞ്ഞിരുന്നു.
ബിഎംഡബ്ല്യു ആർ1250ജിഎസ് ബൈക്കാണ് താരം സ്വന്തമാക്കിയത്. ബൈക്ക് കൂടാതെ മിനികൂപ്പർ, റേഞ്ച് റോവർ എന്നീ വാഹനങ്ങളും മഞ്ജുവിനുണ്ട്. ഫോർ വീലറിന്റെ ലൈസൻസ് നേരത്തെ ഉണ്ടായിരുന്നെങ്കിലും കുറച്ചു വർഷങ്ങൾ മാത്രമെയായിട്ടുള്ളൂ മഞ്ജു കാർ ഓടിക്കാൻ ആരംഭിച്ചത്. ബൈക്ക് വാങ്ങുന്നതിനു മുന്നോടിയായാണ് താരം ടൂ വീലൽ ലൈസൻസെടുത്തത്.
ഇപ്പോൾ മോട്ടോർ വാഹനവകുപ്പ് സംഘടിപ്പിച്ച ഒരു പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുന്ന മഞ്ജുവിന്റെ വീഡിയോയാണ് ശ്രദ്ധ നേടുന്നത്. വാഹനമോടിക്കാൻ അറിയാമെങ്കിലും അമ്മയും ചേട്ടനും തന്നെ ഒറ്റയ്ക്ക് റോഡിലേക്കിറക്കാറില്ലെന്നാണ് മഞ്ജു പറയുന്നത്. “വലിയ കുഴപ്പമില്ലാതെ വണ്ടിയോടിക്കുന്ന ഒരാളാണ് ഞാൻ, പക്ഷെ ഒറ്റ്ക്ക് ഒരു വണ്ടിയുമായി വിടാൻ അമ്മയ്ക്കും ചേട്ടനും പേടിയാണ്.
ഞാൻ മര്യാദയ്ക്ക് വണ്ടി ഓടിക്കില്ല എന്ന വിചാരം കൊണ്ടാണോ ഇതെന്ന് ചോദിച്ച് വഴക്കുണ്ടാക്കാറുണ്ട്. പക്ഷേ നമ്മുടെ നാട്ടിൽ റോടിൽ മര്യാദ കാണിക്കുന്നത് എന്തോ മര്യാദ കേടായാണ് ആളുകൾ കാണുന്നത്. റോഡിൽ വളരെ വേഗത്തിൽ പോകുന്ന വാഹനങ്ങളുടെ കാര്യം ഓർത്തിട്ടാണ് ആ പേടി. ഓവർടേക്ക് ചെയ്യണമെന്ന ചിന്ത ഒഴുവാക്കി എല്ലാവരും പതുക്കെ പോകുക. മറ്റുള്ള യാത്രക്കാർ നമ്മെ ഓവർടേക്ക് ചെയ്യുമ്പോൾ പൊയ്ക്കോട്ടെയെന്ന് വിചാരിക്കാൻ കഴിയണം”- മഞ്ജു പറഞ്ഞു.
താൻ ഒരു ബോറിങ്ങ്, സാഹസികതയൊട്ടുമില്ലാത്ത ഡ്രൈവറാണെന്നും അങ്ങനെയാകുന്നതാണ് നല്ലതെന്ന് വിശ്വസിക്കുന്നയാളാണ് താനെന്നും മഞ്ജു പറയുന്നു. മഹേഷ് വെട്ടിയാരിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘വെള്ളരിപട്ടണ’മാണ് മഞ്ജുവിന്റെ പുതിയ ചിത്രം. മാർച്ച് 24ന് തിയേറ്ററിലെത്തുന്ന ചിത്രത്തിൽ സൗബിൻ ഷാഹിർ ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.