“സ്ത്രീത്വം എന്നാൽ അവരുടേതായ ഒരു സ്ഥാനം ഉറപ്പിക്കൽ, എനിക്കറിയാവുന്ന ഫെമിനിസ്റ്റ് കെപിഎസി ലളിത”; നിലപാട് വ്യക്തമാക്കി മഞ്ജു പിള്ള| Manju Pillai| KPAC Lalitha


നാടകങ്ങളിൽ അഭിനയിച്ചാണ് നടി മഞ്ജു പിള്ള തന്റെ കരിയർ തുടങ്ങുന്നത്. നാടകത്തിൽ നിന്ന് സീരിയലിലേക്കും അവിടെ നിന്ന് സിനിമയിലേക്കുമായി താരം വളർന്നു. ഇപ്പോൾ സിനിമകളിൽ സജീവമായ താരം ഹോം എന്ന സിനിമയിൽ അവതരിപ്പിച്ച കുട്ടിയമ്മ എന്ന കഥാപാത്രം ഏറെ പ്രേക്ഷക പ്രശംസ നേടിയ ചിത്രമായിരുന്നു.

എന്നാൽ ചില കുടുംബചിത്രങ്ങൾ, ലൈഫ് ഈസ് ബ്യൂട്ടിഫുൾ, ഇന്ദുമതി ചന്ദ്രമതി, തട്ടീം മുട്ടീം തുടങ്ങിയ ടെലിവിഷൻ പരമ്പരകളാണ് താരത്തെ കൂടുതൽ ജനപ്രിയയാക്കിയത്. കെപിഎസി ലളിതയുടെ മരണത്തോടെ മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന തട്ടീം മുട്ടീം തൽക്കാലം നിർത്തിവെച്ചിരിക്കുകയാണ്.

മഞ്ജുവിന് കെപിഎസി ലളിതയോട് വളരെ അടുത്ത ബന്ധമായിരുന്നു ഉണ്ടായിരുന്നത്. പല സ്ഥലത്തും താരം തന്നെയത് വെളിപ്പെടുത്തിയിട്ടുമുണ്ട്. ഇപ്പോൾ ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിൽ കെപിഎസി ലളിതയുമൊത്തുള്ള അനുഭവങ്ങളും ഓർമ്മകളും പങ്കുവയ്ക്കുകയാണ് താരം.

കെപിഎസി ലളിതയാണ് തനിക്കറിയുന്ന ഫെമിനിസ്റ്റ് എന്നാണ് മഞ്ജു പറയുന്നത്. സ്ത്രീത്വം എന്നാൽ അവരുടേതായ ഒരു സ്ഥാനം ഉറപ്പിക്കലാണ്. അവർക്കത്കൊണ്ട് തന്നെ ആരുടെയും മുന്നിൽ തല കുനിക്കേണ്ടി വന്നിട്ടില്ല. അവർ പോരാടി നേടിയതാണ്, ആർക്കും ഒന്നും പറയാൻ പറ്റില്ല. അവർ കലയെ നശിപ്പിച്ചിട്ടില്ല- താരം വ്യക്തമാക്കി. മാത്രമല്ല, ഇതുകൊണ്ടൊക്കെയാണ് കെപിഎസി ലളിതയുടെ മരണം തീരാ നഷ്ടമാണെന്ന് നമ്മൾ പറയുന്നത്. ലളിത മാത്രമല്ല, സുകുമാരി, മീന ഇവരെല്ലാവരും അങ്ങനെത്തന്നെയാണെന്ന് താരം പറയുന്നത്.

എസ് പി പിള്ളയുടെ പേരമകളായ മഞ്ജുവിന് എഴുത്തുകാരൻ ശ്രീകുമാരൻ തമ്പിയായിരുന്നു ആദ്യം ലളിതയുടെ പേര് പറഞ്ഞ് പ്രോത്സാഹനം നൽകുന്നത്. നീ ഭാവിയിലെ കെപിഎസി ലളിതയാണ്, അതുകൊണ്ട് നായികയാവാൻ നിൽക്കരുത്. കെപിഎസി ലളിതയും സുകുമാരിയുമെല്ലാം ചെയ്യുന്നപോലെയുള്ള റോളുകൾ ചെയ്യണം. അല്ലെങ്കിൽ നീ നിന്നുപോകും ഇടയ്ക്ക് വെച്ച്, മറ്റത് അവസാനം വരെ അഭിനയിക്കാം- മഞ്ജുവിന്റെ തുടക്കകാലത്ത് ശ്രീകുമാരൻ തമ്പി നൽകിയ ഉപദേശമാണിത്.

ഹാസ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോൾ മുത്തച്ഛന്റെ പാത പിന്തുടരാൻ ശ്രമിച്ചിട്ടുണ്ടോ, അല്ലെങ്കിൽ കുടുംബ പാരമ്പര്യം ഏതെങ്കിലും വിധത്തിൽ സ്വാദീനിച്ചിട്ടുണ്ടോയെന്ന അവതാരകന്റെ ചോദ്യത്തോട് താൻ സിനിമയിലേക്ക് വരണമെന്ന് തന്നെ ആ​ഗ്രഹിച്ചിട്ടില്ല എന്നാണ് മഞ്ജു പറഞ്ഞത്. നിയമം പഠിക്കാനായിരുന്നു മഞ്ജുവിനിഷ്ടം.

നടി കല്പനയാണ് താരത്തിനോട് ആദ്യമായി കോമഡി ചെയ്യാൻ പറയുന്നത്. മലയാള സിനിമയിൽ കോമഡി ചെയ്യാൻ ആളില്ലെന്നും തന്റെ കാലം കഴിഞ്ഞാൽ നർമ്മം കൈകാര്യം ചെയ്യുന്ന ആരും ഇവിടെയുണ്ടാകില്ലെന്നും അതുകൊണ്ട് മഞ്ജു കോമഡി ചെയ്യണമെന്നും കൽപ്പന ആവശ്യപ്പെട്ടിരുന്നു.