“എന്നെ കാണുമ്പോൾ ഭർത്താവെവിടെയെന്ന് ആളുകൾ ചോദിക്കുമായിരുന്നു, അദ്ദേഹം എന്റെ ഭർത്താവാണെന്ന് പലരും കരുതി”; മഞ്ജു പിള്ള| Manju Pillai |Jagadeesh


ടെലിവിഷൻ പരമ്പരകളിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് മഞ്ജു പിള്ള. ഇപ്പോൾ താരം സിനിമകളിലും സജീവമാണ്. രോജിൻ തോമസ് സംവിധാനം ചെയ്ത് 2021ൽ റിലീസ് ചെയ്ത ഹോം എന്ന സിനിമയിലെ കുട്ടിയമ്മ എന്ന കഥാപാത്രം താരത്തിന് കരിയർ ബ്രേക്ക് തന്നെയായിരുന്നു.

ധാരാളം സിനിമകൾ ചെയ്യാൻ തുടങ്ങിയ സമയത്തും മഴവിൽ മനോരമയിൽ സംപ്രഷണം ചെയ്യുന്ന തട്ടീം മുട്ടീം പരമ്പരയിൽ അഭിനയിച്ചിരുന്നു. തനിക്ക് സ്വന്തം കുടുംബമാണ് ആ സീരിയൽ സെറ്റെന്നും അതിലെ കുട്ടികൾ സ്വന്തം കുട്ടികളെപ്പോലെയാണെന്നും താരം പലതവണ പറഞ്ഞിട്ടുമുണ്ട്. സിനിമയിൽ നിന്ന് ലഭിക്കുന്നതിനേക്കാൾ കൂടുതൽ ആരാധകപ്രീതിയാണ് ഇതിൽ നിന്ന് താരത്തിന് ലഭിച്ചത്.

കെപിഎസി ലളിത, ജയകുമാർ പരമേശ്വരൻ, നസീർ സങ്ക്രാന്തി, വീണ നായർ, മീനാക്ഷി തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ പരമ്പരയിൽ മോഹനവല്ലി എന്ന കഥാപാത്രത്തെയാണ് മഞ്ജു പിള്ള അവതരിപ്പിച്ചിരുന്നത്. നടി കെപിഎസി ലളിതയുടെ മരണശേഷം വളരെ കുറച്ച് എപ്പിസോഡുകൾ മാത്രം സംപ്രേഷണം ചെയ്തതിന് ശേഷം പരമ്പര നിർത്തി വയ്ക്കുകയായിരുന്നു.

എന്നാലിപ്പോൾ തട്ടീം മുട്ടീം വരുന്നതിന് മുൻപ് തന്നെ താരത്തിന് പ്രശസ്തി നേടിക്കൊടുത്ത മറ്റൊരു പരമ്പരയെക്കുറിച്ച് ഓർക്കുകയാണ് മഞ്ജു പിള്ള. ജഗദീഷിനൊപ്പം ചെയ്ത ആ പരമ്പര അതുവരെ ഉണ്ടായിരുന്ന സീരിയൽ സങ്കൽപങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒന്നായിരുന്നുവെന്നാണ് താരം പറയുന്നത്. ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.

ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്നായിരുന്നു ജ​ഗദീഷും മഞ്ജുവും ഭാര്യയും ഭർത്താവുമായെത്തിയ പരമ്പരയുടെ പേര്. ഇതിൽ ജ​ഗദീഷിന്റെ വിശ്വനാഥൻ എന്ന കഥാപാത്രവും മഞ്ജുവിന്റെ സുലുവെന്ന കഥാപാത്രവും കേരളത്തിലെ സീരിയൽ പ്രേക്ഷകർക്കിടയിൽ തരം​ഗമായിരുന്നു. പലരും താനും ജ​ഗദീഷും ഭാര്യയും ഭർത്താവുമാണെന്നായിരുന്നു വിചാരിച്ചിരുന്നതെന്ന് താരം പറയുന്നു.

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന ഇതേ പരമ്പര ചില കുടുംബ ചിത്രങ്ങൾ എന്ന പേരിൽ കൈരളിയിലും വന്നിരുന്നു. താരം ഗർഭിണിയായിരിക്കെ എട്ട് മാസം വരെ അതിൽ അഭിനയിച്ചിട്ടുണ്ട്. അതിന് ശേഷമാണ് ഏഷ്യാനെറ്റിൽ ചെയ്യുന്നത്. അത് ഒരുപാട് നാൾ നീണ്ടുനിന്നെന്നും താരം പറയുന്നു.

‘അക്കാലത്ത് അറ്റ് വലിയ ഹിറ്റായിരുന്നു. എന്നെയും ജഗദീഷേട്ടനെയും ഭാര്യയും ഭർത്താവുമായി കണ്ടിരുന്ന വീട്ടുകാർ വരെയുണ്ടായിരുന്നു. കാണുമ്പോൾ ഭാര്യ എവിടെ ഭർത്താവ് എവിടെ എന്നൊക്കെ ആളുകൾ ചോദിക്കും. ഭാര്യയുമായി നിൽകുമ്പോൾ പോലും ജഗദീഷേട്ടനോട് ചോദിച്ചിട്ടുണ്ട്,’ മഞ്ജു പിള്ള വ്യക്തമാക്കി.