”കെ.പി.എ.സി ലളിത ഇനി ജീവിക്കും, മഞ്ജുവിലൂടെ” തന്റെ കണ്ണ് നിറഞ്ഞുപോയ ആ അനുഭവം പറഞ്ഞ് നടി മഞ്ജു പിള്ള
മലയാള സിനിമയുടെ തീരാനഷ്ടമായിരുന്നു നടി കെ.പി.എ.സി ലളിതയുടെ വിയോഗം. നാടക രംഗത്തുനിന്നാണ് കെ.പി.എ.സി ലളിത സിനിമയിലേക്ക് എത്തിയത്. അഞ്ഞൂറിലധികം സിനിമകളില്‍ വേഷമിട്ടു. അമ്മ വേഷങ്ങളും നെഗറ്റീവ് ഇമേജുള്ള വേഷങ്ങളും കോമഡി വേഷങ്ങളുമെല്ലാം ലളിതയ്ക്ക് ഇണങ്ങുമായിരുന്നു.
സിനിമയില്‍ മാത്രമല്ല ടെലിവിഷന്‍ പരമ്പരയിലൂടെയും അവര്‍ പ്രേക്ഷക മനസില്‍ സ്ഥിരപ്രതിഷ്ഠ നേടി. തട്ടീം മുട്ടീം എന്ന പരമ്പരയിലെ അമ്മ വേഷം ഹാസ്യപ്രാധാന്യമുള്ളതും എന്റര്‍ടൈന്‍ ചെയ്യിക്കുന്നതുമായിരുന്നു. ഈ പരമ്പരയില്‍ ലളിതയുടെ മരുമകളായെത്തിയത് നടി മഞ്ജുപിള്ളയായിരുന്നു. ഇരുവരും തമ്മിലുള്ള കെമിസ്ട്രി തട്ടീമുട്ടീം പരമ്പരയുടെ വിജയത്തില്‍ ഏറെ പ്രധാനമായിരുന്നു.
സീരിയലില്‍ മാത്രമല്ല, വ്യക്തി ജീവിതത്തിലും കെ.പി.എ.സി ലളിതയ്ക്ക് മഞ്ജു പിള്ളയുമായി വലിയ അടുപ്പമുണ്ടായിരുന്നു. തിരിച്ചും അങ്ങനെ തന്നെയായിരുന്നു. തനിക്ക് അമ്മയുടെ സ്ഥാനത്തായിരുന്നു അവര്‍ എന്ന് മഞ്ജു പിള്ള എപ്പോഴും പറയാറുണ്ട്. കെ.പി.എ.സി ലളിതയുടെ മരണശേഷം തന്റെ ജീവിതത്തിലുണ്ടായ മറക്കാനാവാത്ത ഒരു അനുഭവം പങ്കുവെക്കുകയാണ് നടി മഞ്ജു പിള്ള. മിര്‍ച്ചി മലയാളത്തോട് സംസാരിക്കുകയായിരുന്നു അവര്‍.
തന്റെ അഭിനയത്തെ കെ.പി.എ.സി ലളിതയുമായി താരതമ്യം ചെയ്ത് ഒരാള്‍ കമന്റ് ചെയ്ത സംഭവമാണ് മഞ്ജു പങ്കുവെച്ചത്.
‘ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത് ഭയങ്കരമായി ടച്ച് ചെയ്തു. കെ.പി.എ.സി ലളിത ഇനി ജീവിക്കും, മഞ്ജുവിലൂടെ എന്ന്. അത് സിദ്ധുവിന് (സിദ്ധാര്‍ത്ഥ ഭരതന്‍) ഞാന്‍ അയച്ച് കൊടുത്തു. സിദ്ധൂ എന്റെ കണ്ണ് നിറഞ്ഞു ഐ റിയലി മിസ് എന്ന് പറഞ്ഞ്. അമ്മ ഇപ്പോള്‍ ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ കെട്ടിപ്പിടിച്ച് കരഞ്ഞേനെ. ഞാനത്ര ക്ലോസ് ആയിരുന്നു ലളിതാമ്മയുമായി. എന്നെ ഒരുപാട് വഴക്ക് പറയുമായിരുന്നു’
‘ചീത്ത പറയും, പിണങ്ങി ഇരിക്കുകയെല്ലാം ചെയ്യും. പക്ഷെ ഒരു ആവശ്യം വന്നാല്‍ ആദ്യം വിളിക്കുക എന്നെയാണ്. ആശുപത്രിയില്‍ പോകാനായാലും മറ്റെന്തിനായാലും. കാരണം സിദ്ധുവിനെ സമയത്തിന് കിട്ടില്ല. ശ്രീക്കുട്ടി ഇവിടെ ഇല്ല. ഞാനാണ് പത്ത് വര്‍ഷത്തോളം കൂടെ ഉണ്ടായിരുന്നത്. അമ്മ കിടക്കുന്നത് ഞാന്‍ കണ്ടു. ഞാന്‍ ആഗ്രഹിച്ചത് ഒന്നുകില്‍ നന്നാക്കിത്തരണം, ഇങ്ങനെ കിടത്തരുതെന്നാണ്. പോയപ്പോള്‍ ഒരുപാട് സങ്കടം തോന്നിയെങ്കിലും നന്നായെന്ന് തോന്നി,’ മഞ്ജു പിള്ള പറയുന്നു.