സിദ്ദീഖ്-ലാലിന് പകരം എന്‍റെ പേരെങ്ങനെ മാന്നാര്‍ മത്തായി സ്പിക്കിങ്ങിന്‍റെ സംവിധായകനായി വന്നു; പത്ത് ലക്ഷത്തിന് വാങ്ങിയ സിനിമ, മേലേപറമ്പില്‍ ആണ്‍വീടിന്‍റെ രണ്ടാം ഭാഗം വരുന്നെന്നും മാണി സി കാപ്പന്‍


ലയാളത്തിലെ വിജയ ചിത്രങ്ങളിലൊന്നാണ് മാന്നാർ മത്തായി സ്പീക്കിങ്ങ്. 1995 ൽ പുറത്തിറങ്ങിയ ചിത്രം ആ വർഷത്തെ ഏറ്റവും വലിയ മൂന്നാമത്തെ ഹിറ്റ് കൂടിയായിരുന്നു. 1989-ൽ പുറത്തിറങ്ങിയ റാംജി റാവു സ്പീക്കിങ്ങ് എന്ന സിദ്ധിക് – ലാൽ സംവിധാനം ചെയ്ത ചിത്രത്തിന്റെ രണ്ടാംഭാഗമായാണ് ഈ ചിത്രം പുറത്തിറങ്ങിയത്. ഇന്നസെന്റ്, മുകേഷ്, സായി കുമാർ, ബിജു മേനോൻ, വാണി വിശ്വനാഥ് തുടങ്ങിയവരായിരുന്നു ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തത്.

മാന്നാർ മത്തായി സ്പീക്കിങ്ങിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് സിദ്ദിഖ്-ലാൽ ടീം തന്നെ ആയിരുന്നെങ്കിലും ചിത്രം സംവിധാനം ചെയ്തത് പ്രമുഖ രാഷ്ട്രീയ നേതാവ് മാണി സി കാപ്പനായിരുന്നു. പ്രൊഡ്യൂസറുടെ റോൾ നേരത്തേ കൈകാര്യം ചെയ്തിട്ടുണ്ടെങ്കിലും വിജയകരമായ സിനിമയുടെ രണ്ടാം ഭാഗമായ മാന്നാർ മത്തായിയിലൂടെയാണ് മാണി സി കാപ്പൻ സംവിധായക കലയിൽ ഒരു കൈ നോക്കിയത്.

മാന്നാർ മത്തായിയുടെ സംവിധായക വേഷം താൻ എടുത്തണിയാനുണ്ടായ സാഹചര്യം വ്യക്തമാക്കുകയാണ് ഇപ്പോൾ മാണി സി കാപ്പൻ. ബിഹൈൻഡ്വുഡ്സ് മലയാളത്തിന് നൽകിയ ഇന്റർവ്യൂവിലാണ് അതേക്കുറിച്ച് മാണി സി കാപ്പൻ മനസ് തുറന്നത്.

സിദ്ധിക് – ലാൽ എന്ന ശക്തമായ കൂട്ടുകെട്ട് വേർപിരിഞ്ഞ സാഹചര്യമാണ് താൻ സംവിധായനാകാൻ ഇടയാക്കിയതെന്നാണ് അദ്ദേഹം പറയുന്നത്.

രാജസേനൻ ഈ സിനിമ ചെയ്യാൻ തീരുമാനിക്കുകയും അതിനായി വിന്ധ്യൻ എന്ന പ്രൊഡ്യൂസറിനെ സമീപിക്കുകയുമുണ്ടായി. എന്നാൽ പ്രൊഡ്യൂസറുടെ കൈയ്യിൽ പണത്തിന്‌ ഷോർട്ടേജ് നേരിട്ടതോടെ നിർമ്മാണ സഹായത്തിനായാണ് മാണി സി കാപ്പനെ സമീപിച്ചത് ഒടുവിൽ മാണിച്ചന് തന്നെ ഈ പടം സംവിധാനം ചെയ്തു കൂടേ എന്നുണ്ടായ ഒരു ചോദ്യമാണ് അദ്ദേഹത്തെ മാന്നാർ മത്തായിയുടെ ഡയറക്ടർ ആക്കുന്നത്. സിദ്ധിക്കും ലാലും എല്ലാ വിധ പിന്തുണയും നൽകുമെന്ന ഉറപ്പും തന്നിരുന്നു. അതുകൊണ്ടു തന്നെ ഈ ചിത്രം സംവിധാനം ചെയ്യാൻ സഹായിച്ച സിദ്ധിക് ലാൽമാർക്ക് നന്ദി എന്ന് പ്രത്യേക കടപ്പാടും ചിത്രത്തിൽ പ്രത്യേകം ഉൾപ്പെടുത്തിയിരുന്നു.

മേലെ പറമ്പിൽ ആൺവീട് എന്ന രാജസേനൻ ജയറാം കൂട്ടുകെട്ടിൽ പിറന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് രണ്ടാം ഭാഗം ചെയ്യാനായി സ്ക്രിപ്റ്റ് താൻ ഒരുക്കിയിട്ടുണ്ടെന്നും മാണി സി കാപ്പൻ ഇന്റർവ്യൂവിൽ വെളിപ്പെടുത്തുന്നുണ്ട്.

മംഗലം വീട്ടിൽ മാനസേശ്വരി ഗുപ്ത, സി.ഐ.ഡി ഉണ്ണികൃഷ്ണൻ ബി.എ.ബി.എഡ് തുടങ്ങി അനേകം നിനിമകൾ നിർമ്മിച്ച മാണി സി കാപ്പൻ കുറേയേറെ സിനിമകളിൽ മുഖം കാണിച്ചിട്ടുമുണ്ട്. അതിനു പുറമെ സിനിമക്കായി കഥയും തിരക്കഥയും അദ്ദേഹം ഒരുക്കിയിട്ടുണ്ട്. സിനിമ രംഗത്തെ സംഭാവനകളെ പരിഗണിച്ച് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങളും സംസ്ഥാന സർക്കാരിൻ്റെ പുരസ്കാരങ്ങളും മാണി.സി.കാപ്പന് നൽകി ആദരിച്ചിട്ടുണ്ട്.