‘അയ്യോ ചേച്ചി നിങ്ങളുടെ കഴുത്തിലും മുഖത്തും എന്തുപറ്റി, പമ്പിലെ പയ്യൻ ചോദിച്ചു’; രാവിലെ എഴുന്നേൽക്കുമ്പോൾ മുഖത്ത് നിറയെ വെളുത്ത പാടുകളായിരിക്കുമെന്ന് മംമ്ത മോഹൻദാസ്|Mamta Mohandas| Vitiligo


ഈയിടെയാണ് തനിക്ക് വിറ്റിലിഗോ അഥവാ വെള്ളപ്പാണ്ട് ബാധിച്ച കാര്യം നടി മോഹൻദാസ് തുറന്നുപറഞ്ഞത്. തൻറെ നിറം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും ദിവസവും വെയിൽ കൊള്ളാൻ ശ്രദ്ധിക്കുകയാണെന്നും നടി വ്യക്തമാക്കിയിരുന്നു. ഒപ്പം രോഗാവസ്ഥയിലുള്ള ചിത്രങ്ങളും നടി പോസ്റ്റ് ചെയ്തിരുന്നു.

ജീവിതത്തിൽ താരം മുന്നോട്ടുപോകുന്നത് നിരവധി പ്രതിസന്ധികളെ അതിജീവിച്ചാണ്. കാൻസറിനോട് പോരാടി തോൽപ്പിച്ച താരം ലോകത്തിനു തന്നെ മാതൃകയായിരുന്നു. ഇപ്പോൾ വെള്ളപ്പാണ്ടിന്റെ രൂപത്തിൽ താരം വീണ്ടും പരീക്ഷണങ്ങൾ നേരിടുകയാണ്. സോഷ്യൽ മീഡിയയിലൂടെ താരം തന്നെയാണ് രോ​ഗവിവരം പങ്കുവച്ചത്.

ഇപ്പോൾ അസുഖം തനിക്ക് വരുത്തിയ മാറ്റങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് മംമ്ത. കഴിഞ്ഞ മൂന്നു മാസങ്ങൾ തനിക്ക് ബുദ്ധിമുട്ടേറിയതായിരുന്നു എന്നാണ് താരം പറയുന്നത്. ഓരോ ദിവസവും വെള്ളയായിക്കൊണ്ടിരിക്കുകയാണെന്നും ശരീരത്തിന്റെ 70 ശതമാനവും വെള്ളയാണെന്നുമാണ് മംമ്ത പറഞ്ഞത്. തനിക്ക് ഇപ്പോൾ ബ്രൗൺ മേക്കപ്പ് ഇടേണ്ട അവസ്ഥയാണെന്നും വ്യക്തമാക്കി. തമിഴ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു തുറന്നു പറച്ചിൽ.

അസുഖത്തെ തുടർന്ന് നാട്ടിൽവച്ച് നേരിടേണ്ടിവന്ന മോശം അവസ്ഥയെക്കുറിച്ചും താരം പറഞ്ഞു. ”അസുഖം കൂടുതലായതോടെ ഞാൻ അമേരിക്കയിലേക്ക് പോയി, അവിടെ ചെന്നതോടെ ഞാൻ എന്റെ രോഗവിവരം മറന്നു പോയി. മേക്കപ്പ് ചെയ്യാതെ പുറത്ത് പോയി, സ്വാതന്ത്ര്യത്തോടെ ജീവിച്ചു. ശേഷം ഞാൻ നാട്ടിൽ വന്ന് പമ്പിൽ എണ്ണ അടിക്കാൻ പോയപ്പോൾ, എന്നെ കണ്ടതും പെട്ടെന്ന് ഒരാൾ ചോദിച്ചു ‘അയ്യോ ചേച്ചി നിങ്ങളുടെ കഴുത്തിലും മുഖത്തും ഇത് എന്ത് പറ്റി? വല്ല അപകടം പറ്റിയതാണോ’ എന്ന്. അതോടെ പെട്ടെന്ന് തലയിൽ പത്ത് കിലോയുടെ ഭാരമായി. അപ്പോഴാണ് ഓർമ്മ വന്നത് മേക്കപ്പിടാതെയാണ് പുറത്ത് വന്നത്. ഇന്ത്യ ഇതാണ് എന്നോട് ചെയ്യുന്നത്. ഇവിടെയുള്ളവർക്ക് സ്വകാര്യത എന്തെന്ന് അറിയില്ല.- മംമ്ത വ്യക്തമാക്കി.

പുറത്തുള്ളവരിൽ നിന്നും ഒളിച്ചു വച്ച് ഒളിച്ചുവച്ച് സ്വയം ഒളിക്കാൻ തുടങ്ങി. എന്നിൽ പോലും ഞാനില്ലാതായി. പഴയ, കരുത്തയായ മംമ്തയെ തനിക്ക് നഷ്ടമായി. അതിന് ശേഷമാണ് ആയുർവേദ ചികിത്സ ആരംഭിക്കുകയും മാറ്റം കാണാൻ തുടങ്ങിയതെന്നും താരം പറഞ്ഞു. ഒൻപത് മാസങ്ങൾക്ക് ശേഷമാണ് രോഗ വിവരം താൻ അച്ഛനോടും അമ്മയോടും പറഞ്ഞതെന്നും അവർക്ക് പെട്ടെന്ന് അത് സഹിക്കാൻ കഴിഞ്ഞില്ലെന്നും മംമ്ത പറയുന്നു.