”എന്നെ ഗ്ലിസറിനാക്കുകയാണോ? ഇങ്ങനെ അന്വേഷിച്ച് പോകേണ്ടിവന്നിട്ടൊന്നുമില്ല; ശരിക്കും പറഞ്ഞാല്‍ പറഞ്ഞുകേട്ടതുവെച്ച് ഇച്ചിരി പൊലിപ്പിച്ച് പറഞ്ഞതാ” നടന്‍ ജയസൂര്യയുടെ ആ വാക്കുകളെക്കുറിച്ച് മമ്മൂട്ടി | Nanpakal Nerathu Mayakkam| Lijo Jose Pellissery | Mammootty


ന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിലെ ചിത്രീകരണ സമയത്ത് നടന്ന ഒരു സംഭവവുമായി ബന്ധപ്പെട്ട് നടന്‍ ജയസൂര്യ പറഞ്ഞ വാക്കുകളെ ട്രോളി മമ്മൂട്ടി. ഷൂട്ടിങ്ങിനിടെ മമ്മൂട്ടിയുടെ അഭിനയം കണ്ട് കരച്ചില്‍വന്ന് സംവിധായകന്‍ ഇറങ്ങിപ്പോയി എന്ന ജയസൂര്യയുടെ വാക്കുകളെയാണ് ‘എന്നെ ഗ്ലിസറിനാക്കുകയാണോ? അത് അല്പം പൊലിപ്പിച്ച് പറഞ്ഞതാ’ എന്നു പറഞ്ഞ് മമ്മൂട്ടി ട്രോളിയത്.

‘മമ്മൂക്കയുടെ ഏറ്റവും വലിയ പ്രത്യേകത മമ്മൂക്ക കരഞ്ഞാല്‍ നമ്മളും കരയും എന്നതാണ്’ എന്ന് പറഞ്ഞുകൊണ്ടായിരുന്നു ജയസൂര്യ ‘നന്‍പകല്‍ നേരത്ത് മയക്കം’ എന്ന ചിത്രത്തിലെ ചിത്രീകരണത്തിനിടെയുണ്ടായ സംഭവങ്ങള്‍ പറഞ്ഞത്.

”നന്‍പകല്‍ നേരത്ത് മയക്കം എന്ന സിനിമയില്‍ മമ്മൂട്ടി പെര്‍ഫോം ചെയ്തുകൊണ്ടിരിക്കെ ആ സമയത്ത് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയും അസോസിയേറ്റ് ഡയറക്ടര്‍ ടിനോ പാപ്പച്ചനും ഇറങ്ങിപ്പോയി. ലിജോയെ കാണാതായപ്പോള്‍ മമ്മൂട്ടി അന്വേഷിച്ചു പോയി എന്തു പറ്റി അഭിനയിച്ചത് ഇഷ്ടമായില്ലേയെന്ന് ചോദിച്ചപ്പോള്‍ ‘എനിക്ക് വല്ലാതെ ഇമോഷണല്‍ ആയിപ്പോയി മമ്മൂക്കാ’ എന്നായിരുന്നു ലിജോയുടെ മറുപടി” എന്നായിരുന്നു ജയസൂര്യ പറഞ്ഞത്.

ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിയ്ക്കിടെ അവതാരകന്‍ ജയസൂര്യയുടെ ഈ വാക്കുകള്‍ കേള്‍പ്പിച്ചപ്പോഴാണ് ‘എന്നെ ഗ്ലിസറിനാക്കുകയാണോ’ എന്ന മറുചോദ്യത്തോടെ മമ്മൂട്ടി പ്രതികരിച്ചത്. തുടര്‍ന്ന് ഇങ്ങനെ ഇറങ്ങിപ്പോയിട്ട് അന്വേഷിക്കേണ്ടിവന്ന സംഭവമൊന്നുമുണ്ടായില്ലെന്നും മറ്റെവിടെ നിന്നോ കേട്ട് പറഞ്ഞതുകൊണ്ടാവാം ജയസൂര്യ അല്പം പൊലിപ്പിച്ചിട്ടുണ്ടെന്നും മമ്മൂട്ടി പറഞ്ഞത്.

ഒപ്പമുണ്ടായിരുന്ന തിരക്കഥാകൃത്ത് എസ്.ഹരീഷും മമ്മൂട്ടി പറഞ്ഞതിനെ ശരിവെച്ചു. ‘ഇച്ചിരി പൊലിപ്പിച്ചിട്ടുണ്ട്, എന്നാലും ഉണ്ടായിരുന്നു’ എന്നായിരുന്നു ഹരീഷിന്റെ പ്രതികരണം.