‘രണ്ട് കുട്ടികളുടെ അമ്മയായിട്ടും ധരിക്കുന്നത് ഇറക്കം കുറഞ്ഞ വസ്ത്രങ്ങള്‍, നിങ്ങള്‍ സ്ത്രീ സമൂഹത്തിന് അപമാനം’; സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപിച്ചവര്‍ക്ക് ചുട്ടമറുപടി നല്‍കി ഭീഷ്മപര്‍വ്വത്തിലെ നായിക


അനസൂയ ഭരദ്വാജ്. മലയാളികള്‍ക്ക് ഈ പേര് ചിലപ്പോള്‍ അത്ര പരിചിതമായിരിക്കില്ല. എന്നാല്‍ അമല്‍ നീരദ്-മമ്മൂട്ടി കൂട്ടുകെട്ടില്‍ പിറന്ന ഭീഷ്മപര്‍വ്വം എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായി എത്തിയ ആ സുന്ദരിയെ മലയാളി പ്രേക്ഷകര്‍ ഒരിക്കലും മറക്കാനിടയില്ല. മൈക്കിളപ്പനുമായുള്ള പക്വമായ പ്രണയബന്ധത്തെ ആലീസ് എന്ന കഥാപാത്രത്തിലൂടെ സൂക്ഷ്മമായി വെള്ളിത്തിരയിലെത്തിച്ച അനസൂയ ഭരദ്വാജ് പക്ഷേ മലയാളിയല്ല എന്ന യാഥാര്‍ത്ഥ്യം പലര്‍ക്കും പുതിയ അറിവാകും.

തെലുങ്കില്‍ നിന്ന് മലയാളത്തിലേക്ക് അതിഥിയായി എത്തിയ നായികയാണ് അനസൂയ. മലയാളികള്‍ ഇരുകയ്യും നീട്ടി സ്വീകരിച്ച അല്ലു അര്‍ജുന്‍ ചിത്രം പുഷ്പ: ദി റൈസിലും മമ്മൂട്ടിയുടെ തെലുങ്ക് ചിത്രം യാത്രയിലുമെല്ലാം അനസൂയ പ്രധാന വേഷങ്ങളിലെത്തിയിട്ടുണ്ട്. ദാക്ഷായണി എന്ന കഥാപാത്രമായി തന്നെ പുഷ്പയുടെ രണ്ടാം ഭാഗത്തിലും താരം എത്തുന്നുണ്ട്.

സിനിമാ അഭിനയത്തിന് പുറമെ നിരവധി ടെലിവിഷന്‍ പരിപാടികളില്‍ അവതാരകയായും മത്സരാര്‍ത്ഥിയായുമെല്ലാം അനസൂയ ഭരദ്വാജ് തിളങ്ങിയിട്ടുണ്ട്. അഭിനയവും ടെലിവിഷന്‍ ഷോകളും ഇപ്പോഴും ഒരേ പ്രാധാന്യത്തോടെ അനസൂയ മുന്നോട്ട് കൊണ്ടുപോകുകയാണ്. ഫിലിം ഫെയര്‍ അവാര്‍ഡ് നേടിയ അനസൂയയ്ക്ക് നിരവധി ആരാധകരാണ് തെലുങ്ക് നാട്ടിലുള്ളത്.

എന്നാല്‍ എല്ലായിടത്തെയും പോലെ ധരിച്ച വസ്ത്രത്തിന്റെ പേരില്‍ വിമര്‍ശിക്കുന്ന സാമൂഹ്യവിരുദ്ധരും ആ നാട്ടിലുണ്ട്. അവരില്‍ പലരും അനസൂയയെയും വെറുതെ വിട്ടിട്ടില്ല. മോഡേണ്‍ വസ്ത്രങ്ങള്‍ ധരിച്ച് സുന്ദരിയായാണ് മുപ്പത്തിയാറുകാരി അനസൂയ വേദികളിലെത്തുന്നതും സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ പോസ്റ്റു ചെയ്യുന്നതും. എന്നാല്‍ പെണ്ണിന്റെ വസ്ത്രത്തിന്റെ അളവ് കുറയുന്നതിനനുസരിച്ച് അസ്വസ്ഥത കൂടുന്ന വിഭാഗത്തില്‍ പെട്ട ഓണ്‍ലൈന്‍ ആങ്ങളമാര്‍ക്ക് ഇതൊന്നും തീരെ പിടിച്ചില്ല.

പലതരത്തിലാണ് വസ്ത്രധാരണത്തിന്റെ പേരില്‍ അവര്‍ അനസൂയയെ അധിക്ഷേപിച്ചത്. അനസൂയയുടെ ഫോട്ടോകള്‍ക്ക് താഴെ കമന്റായാണ് ഇത്തരം അധിക്ഷേപങ്ങള്‍ അവര്‍ ചൊരിയുന്നത്. പൊതുവേ ഇത്തരം കമന്റുകളെ അര്‍ഹിക്കുന്ന അവജ്ഞയോടെ അവഗണിക്കുന്നതാണ് അനസൂയയുടെ പതിവ്.

എന്നാല്‍ ആകുലത മൂത്ത ഒരാള്‍ പോസ്റ്റ് ചെയ്ത കമന്റിന് അനസൂയ നല്‍കിയ മറുപടി ഇപ്പോള്‍ ഏറെ ശ്രദ്ധേയമായിരിക്കുകയാണ്. അത്രയേറെ സഹികെട്ട ശേഷമാണ് അനസൂയ ഇത്തരത്തില്‍ രൂക്ഷമായൊരു മറുപടി അയാള്‍ക്ക് നല്‍കിയതെന്ന് അവരുടെ വാക്കുകളില്‍ നിന്ന് വ്യക്തമാണ്. ‘രണ്ട് കുട്ടികളുടെ അമ്മയായിട്ടും ഇറക്കം കുറഞ്ഞ വസ്ത്രങ്ങളാണ് അനസൂയ ധരിക്കുന്നത്. തെലുങ്ക് സ്ത്രീ സമൂഹത്തിന് അപമാനമാണ് അനസൂയ.’ -ഇതായിരുന്നു ആ കമന്റ്.

‘നിങ്ങളുടെ ചിന്തകള്‍ മുഴുവന്‍ പുരുഷസമൂഹത്തിനും നാണക്കേടാണ്. നിങ്ങള്‍ നിങ്ങളുടെ കാര്യം നോക്കിയാല്‍ മതി. എന്റെ കാര്യങ്ങള്‍ നോക്കാന്‍ എനിക്കറിയാം.’ -ഇതാണ് ആ കമന്റിട്ട വ്യക്തിക്ക് അനസൂയ ഭരദ്വാജ് നേരിട്ട് നല്‍കിയ മറുപടി. പുരുഷന്മാര്‍ക്ക് ഇനിയും വിദ്യാഭ്യാസം നല്‍കേണ്ടത് ആവശ്യമാണെന്നും സ്ത്രീകള്‍ക്ക് അവരുടെതായ താല്‍പ്പര്യങ്ങളും ജീവിതവും ഉണ്ടെന്നും അത് മാനിക്കണമെന്ന കാര്യം പലര്‍ക്കും അറിയില്ലെന്നും അനസൂയ ഒപ്പം കുറിച്ചു. അനസൂയയുടെ മറുപടിയെ പുരോഗമനപരമായി ചിന്തിക്കുന്നവരെല്ലാം സ്വാഗതം ചെയ്തിരിക്കുകയാണ്.

സ്ത്രീകളെ, അത് സെലിബ്രിറ്റികളാണെങ്കിലും അല്ലെങ്കിലും അവര്‍ ധരിക്കുന്ന വസ്ത്രം നോക്കി വിലയിരുത്തുന്നതും അധിക്ഷേപിക്കുന്നതുമായ ടോക്‌സിക് പുരുഷന്മാര്‍ നിരവധിയാണ് നമ്മുടെ സമൂഹത്തിലുള്ളത്. അനസൂയയെ പോലുള്ളവര്‍ നല്‍കുന്ന ഇത്തരം ചുട്ടമറുപടികള്‍ അവരില്‍ ഒരാളുടെയെങ്കിലും ചിന്തകള്‍ക്ക് മാറ്റം വരുത്തുമെന്ന് നമുക്ക് പ്രത്യാശിക്കാം.

Content Highlights / English Summary: Bheeshma Parvam star Telugu Actress Anasooya Bharadwaj gives reply to abusive comment on social media against her dress.