എവിടെ പോയാലും മമ്മൂട്ടി കൂളിങ് ഗ്ലാസ് വയ്ക്കും, അതിന്റെ കാരണമെന്താ? രഹസ്യം വെളിപ്പെടുത്തി സംവിധായകൻ ടി.എസ്.സജി | Mammootty | Cooling Glass | Secret Reaveals


എഴുപത് വയസിനിപ്പുറവും വ്യത്യസ്തമായ ചലച്ചിത്രങ്ങളിലെ അഭിനയ മുഹൂര്‍ത്തങ്ങളാല്‍ നമ്മളെ വിസ്മയിപ്പിക്കുകയാണ് മലയാളത്തിന്റെ മഹാനടനായ മമ്മൂട്ടി. അടുത്തിടെ പുറത്തിറങ്ങിയ ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം നന്‍പകല്‍ നേരത്ത് മയക്കവും റൊഷാര്‍ക്കു മെല്ലാം പ്രേക്ഷകരെ അത്തരത്തില്‍ അമ്പരപ്പിച്ച ചിത്രങ്ങളാണ്.

മലയാള സിനിമയിലെ എന്നല്ല, ആകെ സിനിമാ ലോകത്തെ തന്നെ ഏറ്റവും അപ്‌ഡേറ്റഡ് ആയ നടന്‍ കൂടിയാണ് മമ്മൂട്ടി. മൊബൈല്‍ ഫോണ്‍, ക്യാമറ തുടങ്ങിയ ഏറ്റവും പുതിയ ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ ആദ്യം വാങ്ങുന്നവരിലൊരാളാണ് മമ്മൂട്ടി. ആഢംബര കാറുകളോടുള്ള മമ്മൂട്ടിയുടെ പ്രിയവും വളരെ പ്രസിദ്ധമാണ്.

മമ്മൂട്ടിയുടെ മറ്റൊരു പ്രത്യേകതയാണ് അദ്ദേഹത്തിന്റെ കൂളിങ് ഗ്ലാസുകള്‍. ഉദയനാണ് താരം എന്ന സിനിമയില്‍ സൂപ്പര്‍ സ്റ്റാര്‍ സരോജ് കുമാര്‍ ഓരോ സീനിലും കൂളിങ് ഗ്ലാസുകള്‍ മാറി മാറി വയ്ക്കണമെന്ന് പറയുന്നത് മമ്മൂട്ടിയെ ഉദ്ദേശിച്ചാണ് എന്ന് അന്ന് തന്നെ പല ദോഷൈകദൃക്കുകളും പറഞ്ഞിരുന്നു. ഈ ഡയലോഗ് അതിശയോക്തി ആയി കണക്കാക്കാമെങ്കിലും മമ്മൂട്ടി കൂടുതല്‍ സമയവും കൂളിങ് ഗ്ലാസ് വയ്ക്കുമെന്നത് സത്യമാണ്.

ഫോണുകളും ക്യാമറകളും കാറുകളുമെന്നത് പോലെ കൂളിങ് ഗ്ലാസുകളുടെയും ശേഖരം മമ്മൂട്ടിക്ക് ഉണ്ടെന്നത് പരസ്യമായ രഹസ്യമാണ്. മാത്രമല്ല, വിപണിയിലെത്തുന്ന പുതിയ കൂളിങ് ഗ്ലാസുകള്‍ വാങ്ങുന്നതും മമ്മൂട്ടിക്ക് ഏറെ താല്‍പ്പര്യമുള്ള കാര്യമാണ്. എന്താകും മമ്മൂട്ടിയുടെ ഈ കൂളിങ് ഗ്ലാസ് പ്രേമത്തിന് പിന്നിലെ രഹസ്യം? കേവലം സ്റ്റൈലിഷായി നടക്കുക എന്നത് മാത്രമാണോ കൂളിങ് ഗ്ലാസ് വയ്ക്കുന്നതിലൂടെ മമ്മൂട്ടി ലക്ഷ്യമിടുന്നത്?

സ്റ്റൈലിഷായി നടക്കാന്‍ മാത്രമല്ല മമ്മൂട്ടി കൂളിങ് ഗ്ലാസ് ധരിക്കുന്നത് എന്നാണ് സംവിധായകന്‍ ടി.എസ്.സജി പറയുന്നത്. കൂളിങ് ഗ്ലാസ് ധരിക്കുന്നതിന് മമ്മൂട്ടിക്ക് വ്യക്തമായ കാരണമുണ്ടെന്നും അദ്ദേഹം ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

‘മമ്മൂട്ടിയുടെ ഒരു പ്രത്യേകത എന്താണെന്ന് വച്ചാല്‍ പുള്ളി കൂളിങ് ഗ്ലാസ് വച്ചിട്ടേ ലൊക്കേഷനില്‍ വരൂ. ഞങ്ങള് ചോദിച്ചിട്ടുണ്ട് പുള്ളിയോട് ഇതിന്റെ കാരണം. അപ്പൊ പുള്ളി പറഞ്ഞത്, ഞാന്‍ കാറീന്ന് ഇറങ്ങുമ്പൊ എല്ലാവരുടെയും നോട്ടം എന്നിലേക്കായിരിക്കും. ഞാന്‍ ഒരാളെ നോക്കി അടുത്തയാളെ നോക്കി, മറ്റൊരാളെ നോക്കി, അങ്ങനെ എനിക്ക് തന്നെ ഒരു ചമ്മല്‍ വരും. അത് കവറ് ചെയ്യാനാണ് ഞാന്‍ കൂളിങ് ഗ്ലാസ് വയ്ക്കുന്നത് എന്നാണ് അദ്ദേഹം പറഞ്ഞത്. കൂഠിങ് ഗ്ലാസ് വച്ചാല്‍ എനിക്ക് ആരെയും നോക്കാമെന്നും മമ്മൂട്ടി പറഞ്ഞു. പുള്ളി ആരെയാണ് നോക്കുന്നതെന്ന് കാണുന്നവര്‍ക്ക് മനസിലാകില്ല.’ -സജി പറഞ്ഞു.

‘മമ്മൂട്ടി രാവിലെ വരുമ്പൊ തന്നെ നല്ല പോസിറ്റീവ് എനര്‍ജിയോടെയാണ് ലൊക്കേഷനിലെത്തുക. എല്ലാവരോടും ഗുഡ് മോര്‍ണിങ് പറയും. നമ്മള്‍ അങ്ങോട്ട് പറഞ്ഞില്ലെങ്കിലും പുള്ളി ഗുഡ് മോര്‍ണിങ് പറയും. എന്താണ് സീന്‍ എന്ന് ചോദിക്കും. രാവിലത്തെ ഭക്ഷണം കഴിച്ചിട്ടാണ് വരുന്നതെങ്കില്‍ അപ്പൊ തന്നെ മേക്ക് അപ്പ് ചെയ്ത് കഥാപാത്രത്തിലേക്ക് വരും. പുള്ളി ഒരിക്കലും ഡജയറക്ടറെ ശല്യം ചെയ്യുന്ന ആളല്ല. ലൊക്കേഷനിലൊന്നും ഒരു ഇഷ്യുവും ഉണ്ടാക്കാത്ത ആളാണ്. പുള്ളിക്ക് ഇഷ്ടപ്പെട്ട ലൊക്കേഷനാണെങ്കില്‍, അവിടത്തെ കാര്യങ്ങളൊക്കെ ഓ.കെയാണ്, യാതൊരു കുഴപ്പവുമില്ല എങ്കില്‍, എനിക്ക് തോന്നുന്നു, മമ്മൂക്കയെ വച്ച് ഷൂട്ട് ചെയ്യുന്നത് രസകരമായ അനുഭവമാണ്.’ -സജി പറഞ്ഞു നിര്‍ത്തി.

English Summary / Content Highlights: Actor Mammootty always wear a cooling glass or sun glass. Director TS Saji reveals the secret behind it.