Mammootty | Lijo Jose Pellissery | Nanpakal Nerathu Mayakkam Release Date Announced | മയങ്ങാതെ കാത്തിരിക്കാം: ലിജോ ജോസ് പെല്ലിശ്ശേരിയുടെ മമ്മൂട്ടി ചിത്രം ‘നന്‍പകല്‍ നേരത്ത് മയക്കം’ തിയേറ്ററുകളിലെത്തുന്നു; റിലീസ് തിയ്യതി പ്രഖ്യാപിച്ചു
മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘നന്‍പകല്‍ നേരത്ത് മയക്ക’ത്തിന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചു. സിനിമാ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ജനുവരി 19 നാണ് തിയേറ്ററുകളിലെത്തുക. നടന്‍ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചത്.
സിനിമാസ്വാദകര്‍ ഏറെ നാളായി കാത്തിരിക്കുന്ന ചിത്രമാണ് നന്‍പകല്‍ നേരത്ത് മയക്കം. കഴിഞ്ഞ തിരുവനന്തപുരത്ത് നടന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ (ഐ.എഫ്.എഫ്.കെ) പ്രദര്‍ശിപ്പിച്ച ചിത്രത്തിന് വലിയ നിരൂപക പ്രശംസയാണ് ലഭിച്ചത്. ഡിസംബര്‍ 12 നായിരുന്നു ഐ.എഫ്.എഫ്.കെയില്‍ ചിത്രം പ്രദര്‍ശിപ്പിച്ചത്. ഐ.എഫ്.എഫ്.കെയില്‍ നന്‍പകല്‍ നേരത്തിന്റെ റിസര്‍വ്വേഷന്‍ ആരംഭിച്ച് നിമിഷങ്ങള്‍ക്കകം സീറ്റുകള്‍ തീര്‍ന്നതും ചിത്രം കാണാന്‍ സാധിക്കാത്ത ഡെലിഗേറ്റുകള്‍ പ്രതിഷേധിച്ചതുമെല്ലാം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.
മമ്മൂട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്:
ജെയിംസ് എന്ന നാടക കലാകാരനെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ജെയിംസ് അടക്കമുള്ള ഒരു പ്രഫഷനല്‍ നാടകസംഘം പുതിയ സീസണ്‍ ആരംഭിക്കുന്നതിന് മുമ്പ് വേളാങ്കണ്ണി യാത്ര നടത്തി മടങ്ങുകയാണ്. യാത്രക്കിടെ ഇടയ്ക്ക് വാഹനം നിര്‍ത്താന്‍ ഡ്രൈവറോട് ആവശ്യപ്പെടുന്ന ജെയിംസ് അടുത്തുള്ള ഗ്രാമത്തിലേക്ക് പരിചയമുള്ള ഒരാളെപ്പോലെ കയറി ചെല്ലുന്നു.
രണ്ട് വര്‍ഷം മുന്‍പ് ഗ്രാമത്തില്‍ നിന്ന് കാണാതായ സുന്ദരം ആണെന്ന മട്ടിലാണ് ജെയിംസിന്റെ പെരുമാറ്റം. ജെയിംസും തമിഴ്‌നാട്ടിലെ ആ ഗ്രാമവാസികളും നാടക സമിതിയിലെ മറ്റ് അംഗങ്ങളും തമ്മിലുള്ള കൊടുക്കല്‍ വാങ്ങലുകളാണ് ചിത്രത്തിന്റെ ഇതിവൃത്തം.
‘നൻപകൽ നേരത്ത് മയക്കം’ ട്രെയിലർ:
മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി തന്നെയാണ് നന്‍പകല്‍ നേരത്ത് മയക്കം നിര്‍മ്മിച്ചത്. എസ്.ഹരീഷാണ് സിനിമയുടെ തിരക്കഥ. തേനി ഈശ്വര്‍ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നു.
മമ്മൂട്ടിക്കൊപ്പം രമ്യ പാണ്ഡ്യന്‍, അശോകന്‍ എന്നിവരും ചിത്രത്തില്‍ ശ്രദ്ധേയ വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ആമേന്‍ മൂവി മൊണാസ്ട്രിയുടെ ബാനറില്‍ സംവിധായകന്‍ ലിജോയ്ക്കും ചിത്രത്തില്‍ നിര്‍മ്മാണ പങ്കാളിത്തമുണ്ട്.
എഡിറ്റിങ് ദീപു ജോസഫ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ടിനു പാപ്പച്ചന്‍, കലാസംവിധാനം ഗോകുല്‍ ദാസ്, മേക്കപ്പ് റോണക്സ് സേവ്യര്‍, സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി, സൗണ്ട് മിക്സ് ഫസല്‍ എ.ബക്കര്‍.
Summary: Mammootty – Lijo Jose Pellissery movie ‘Nanpakal Nerathu Mayakkam’ gets a release date.