”കാർ അങ്ങാടിയിൽ കിട്ടുന്ന സാധനം വല്ലതും ആണോ, അതൊക്കെ എക്സ്പെൻസിവാണ്”; കാർ കളക്ഷനെക്കുറിച്ചുള്ള യാഥാർത്ഥ്യം തുറന്ന് പറഞ്ഞ് മമ്മൂട്ടി| Mammootty | Car Collection


നടൻ മമ്മൂട്ടിയുടെ കാർ ഡ്രൈവിംഗിൽ മമ്മൂട്ടിക്കുള്ള കമ്പം ആരാധകർക്കിടയിൽ പലപ്പോഴും ചർച്ചയാകാറുള്ളതാണ്. അദ്ദേഹം ഇടയ്ക്കിടെ പുതിയ തരം വാഹനങ്ങൾ സ്വന്തമാക്കാറുണ്ടെന്ന തരത്തിലാണ് വാർത്തകൾ വരാറുള്ളത്. താരം വണ്ടിയോടിക്കുന്ന ചിത്രങ്ങളും പലപ്പോഴും വൈറലാകാറുണ്ട്. ഇപ്പോൾ മമ്മൂട്ടി തന്റെ കാർ കളക്ഷനെക്കുറിച്ചുള്ള യാഥാർത്ഥ്യം തുറന്ന് പറയുന്ന ഒരു വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്.

കാറുകൾ വാങ്ങിക്കൂട്ടുന്ന ആളല്ല താനെന്നാണ് അദ്ദേഹം പറയുന്നത്. ”കാറൊക്കെ ഭയങ്കര എക്‌സ്‌പെൻസീവ് പരിപാടിയാണ്. കാറുകളും ക്യാമറയുമൊന്നും ഞാൻ അങ്ങനെ കളക്ട് ചെയ്യാറില്ല. ഒരു ക്യാമറ പഴയതാകുമ്പോൾ അത് ആർക്കെങ്കിലും കൊടുത്ത ശേഷം ഒരു പുതിയ ക്യാമറ വാങ്ങിക്കും. കാർ എന്താ അങ്ങാടിയിൽ കിട്ടുന്ന വല്ല സാധനവുമാണോ.

ഞാൻ വാങ്ങിയ ആദ്യത്തെ കാറുകളൊന്നും ഇപ്പോൾ എന്റെ കയ്യിലിരിപ്പില്ല. കാർ കളക്ഷനൊക്കെ വെറുതെയാണ്. പുതിയ കാറുകൾ വാങ്ങുമ്പോൾ പഴയ കാറ് വിൽക്കുന്നുമുണ്ട്. എന്തിനാണ് ഇത്രയുമധികം കാറ് വാങ്ങിക്കുന്നത്?”- അദ്ദേഹം ചോദിച്ചു. മമ്മൂട്ടി കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് ഇങ്ങനെ പറഞ്ഞത്.

ഇതിനിടെ കഴിഞ്ഞ ദിവസങ്ങളിൽ മമ്മൂട്ടി സ‍ഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ട വാർത്തയും ശ്രദ്ധ നേടിയിരുന്നു. എംടി വാസുദേവൻ നായരുടെ ആന്തോളജി എന്ന കഥയുടെ അടിസ്ഥാനത്തിൽ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണത്തിനായി ശ്രീലങ്കയിൽ പോയപ്പാഴായിരുന്നു അപകടമുണ്ടായത്. ആ യാത്രയിൽ അദ്ദേഹത്തിനോടൊപ്പം യാത്ര ചെയ്തിരുന്ന മാതൃഭൂമി പത്രത്തിന്റെ ജനറൽ മാനേജർ കെആർ പ്രമോദ് ആണ് ഇക്കാര്യം മാധ്യമങ്ങളോട് പങ്കുവെച്ചത്.

ബി ഉണ്ണികൃഷ്‍ണന്റെ സംവിധാനത്തിലുള്ള ചിത്രം ‘ക്രിസ്റ്റഫറാ’ണ് മമ്മൂട്ടിയുടേതായി ഏറ്റവും ഒടുവിൽ പ്രദർശനത്തിനെത്തിയത്. ജിയോ ബേബി സംവിധാനം ചെയ്യുന്ന ‘കാതൽ’ എന്ന സിനിമയാണ് മമ്മൂട്ടിയുടെ പുറത്തിറങ്ങാനിരിക്കുന്ന സിനിമ. തെന്നിന്ത്യൻ താരം ജ്യോതികയാണ് കാതലിൽ നായികയായെത്തുന്നത്. ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

‘റോഷാക്കി’നു ശേഷം മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി നിർമ്മിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഈ ചിത്രത്തിന് ഉണ്ട്. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ഇത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘നൻപകൽ നേരത്ത് മയക്കം’ ആയിരുന്നു ആദ്യ ചിത്രം. ദുൽഖറിന്റെ വേഫെറെർ ഫിലിംസ് ആണ് ചിത്രത്തിന്റെ വിതരണം നിർവഹിക്കുന്നത്.