”എന്നോടൊന്ന് പറയാമായിരുന്നില്ലേ, മമ്മൂട്ടി ഒരു കൊച്ചു കുഞ്ഞിനെപ്പോലെ പൊട്ടിക്കരഞ്ഞു”; ആ വേദനാജനകമായ ദിവസം ഓർത്തെടുത്ത് മുകേഷ്| Mammootty | Cochin Haneefa


വില്ലനായി, സ്വഭാവ നടനായി, സംവിധായകനായി ഒടുവിൽ ഹാസ്യ താരമായി പ്രേക്ഷകരെ ആവോളം രസിപ്പിച്ച നടനാണ് കൊച്ചിൻ ഹനീഫ. മലയാളസിനിമാലോകത്തെ പകരം വയ്ക്കാനാവാത്ത പ്രതിഭ എന്ന് തന്നെ വേണം അദ്ദേഹത്തെ വിശേഷിപ്പിക്കാൻ. താരം വർഷങ്ങൾക്ക് മുൻപ് സിനിമയിൽ പറഞ്ഞ ഡയലോ​ഗുകൾ പലതും ഇപ്പോൾ ചെറുപ്പക്കാർക്കിടയിൽ പോലും ഹിറ്റാണ്.

അദ്ദേഹം ലോകത്തോട് വിട പറഞ്ഞ് പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷം ഇപ്പോൾ കൊച്ചിൻ ഹനീഫയുടെ ഓർമ്മകളിലൂടെ സഞ്ചരിക്കുകയാണ് പ്രശസ്ത നടനും എംഎൽഎയുമായ മുകേഷ്. മുകേഷ് സ്പീക്കിങ് എന്ന തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അദ്ദേഹം തന്റെ ഓർമ്മകൾ പങ്കുവയ്ക്കുന്നത്.

കേരളത്തിൽ അന്നത്തെ കാലത്ത് കേൾക്കുക കൂടി ചെയ്യാത്ത മിമിക്രി എന്ന കലാരൂപത്തെ ആദ്യമായി പരിചയപ്പെടുത്തിയത് കൊച്ചിൻ ഹനീഫയാണെന്നാണ് മുകേഷ് പറയുന്നത്. വർഷങ്ങൾക്ക് മുൻപ് തിരുവനന്തപുരത്തെ ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ വെച്ച് നടന്ന ഒരു അവാർഡ് ദാന ചടങ്ങിൽ വെച്ചായിരുന്നു അത്. അന്ന് നടൻമാരുടെ ശബ്ദം താൻ അനുകരിക്കാൻ പോവുകയാണെന്ന് കൊച്ചിൻ ഹനീഫ പറഞ്ഞപ്പോൾ, അതെങ്ങനെ വേറൊരാളുടെ ശബ്ദം അനുകരിക്കും എന്ന് വേദിയിലിരിക്കുന്ന പലരും ആശ്ചര്യപ്പെട്ടെന്നും മുകേഷ് ഓർക്കുന്നു.

അന്തരിച്ച നടൻ ശങ്കരാടിയുടെ ശബ്ദമായിരുന്നു കൊച്ചിൻ ഹനീഫ അന്ന് ആദ്യമായി അനുകരിച്ചത്. അദ്ദേഹത്തിന്റെ അവതരണം കണ്ട് വേദിയിലിരിക്കുന്നവരെല്ലാം കിടുങ്ങിപ്പോയി. അത്രയ്ക്കും പെർഫക്റ്റ് ആയിരുന്നു. തുടർന്ന് ഓരോ നടൻമാരെയും അദ്ദേഹം അവതരിപ്പിച്ചു. ലാൽബഹദൂർ സ്റ്റേഡിയത്തിന്റെ പുൽത്തരി പോലും രോമാഞ്ച മണിഞ്ഞു എന്നതാണ്- മുകേഷ് വ്യക്തമാക്കി.

‘എല്ലാ മേഖലയിലും തിളങ്ങിയ ആളാണ് ഹനീഫിക്ക. ഒരുപാട് സുഹൃത്തുക്കളുണ്ടായിരുന്നു. ആർക്കെങ്കിലും അദ്ദേഹത്തോട് എതിർപ്പോ ശത്രുതയോ ഉള്ളതായി അറിയില്ല. എവിടെ ചെന്നാലും അവിടെ ഇഴുകിച്ചേരും. ഉച്ചത്തിൽ പൊട്ടിച്ചിരിക്കുന്ന ആളാണ്. ‘അദ്ദേഹത്തിന്റെ ചിരി വളരെ പ്രസിദ്ധമാണ് മലയാള സിനിമയിൽ. ചെറിയ തമാശയ്ക്ക് അദ്ദേഹം എത്ര വേണമെങ്കിലും ചിരിക്കും. സീരിയസ് ആയ സ്ഥലത്താണെങ്കിൽ ഹനീഫിക്കയുണ്ടെങ്കിൽ കാര്യങ്ങൾ പറയുന്നത് ഒതുക്കും. ഹനീഫിക്കയുണ്ട് ചെറിയ കാര്യത്തിന് പൊട്ടിച്ചിരിച്ചിട്ട് അവസാനം നമ്മളെല്ലാവരും സീരിയസായി നിൽക്കുന്നിടത്ത് തമാശയാക്കിക്കളഞ്ഞെന്ന ചീത്തപ്പേര് വരും- മുകേഷ് ഓർക്കുന്നു.

കൊച്ചിൻ ഹനീഫയുടെ സ്വഭാവ രീതിയെക്കുറിച്ചും മമ്മൂട്ടിയുമായി അദ്ദേഹത്തിനുണ്ടായിരുന്ന ആത്മബന്ധത്തെക്കുറിച്ചും മുകേഷ് തന്റെ യൂട്യൂബ് ചാനലിൽ സംസാരിച്ചു. ഇവർ എന്തുകൊണ്ട് സഹോദരൻമാരായി ജനിച്ചില്ല എന്നാണ് മുകേഷ് ചോദിക്കു‍ന്നത്. കാരണം, ഇരുവരും തമ്മിൽ പരസ്പരം അത്രയ്ക്കും സ്നേഹത്തിലായിരുന്നു.

‘ഹനീഫിക്കയെ പറ്റി പറയുമ്പോൾ കൂടെ പറയേണ്ട ആളാണ് സാക്ഷാൽ മമ്മൂട്ടി. ഇവർ എന്തുകൊണ്ട് സഹോദരൻമാരായി ജനിച്ചില്ല എന്ന് മാത്രമേ എനിക്ക് പറയാനുള്ളൂ. അത്ര മാത്രം സ്നേഹം മമ്മൂക്കയ്ക്ക് ഹനീഫിക്കയോടുണ്ട്, അതിന്റെ എത്രയോ ഇരട്ടി സ്നേഹം ഹനീഫിക്ക പ്രകടിപ്പിക്കുകയും ചെയ്യും. അതുകൊണ്ടാണ് ഹനീഫിക്ക മരിച്ചപ്പോൾ മമ്മൂക്ക ഒരു കൊച്ചു കുഞ്ഞിനെ പോലെ പൊട്ടിക്കരഞ്ഞത്’

‘ഇദ്ദേഹത്തിന് ആരോ​ഗ്യ സ്ഥിതി സീരിയസാണെന്ന് ആരോ​ടും പറഞ്ഞിരുന്നില്ല. അതും പറഞ്ഞായിരുന്നു മമ്മൂക്ക കരഞ്ഞത്. വഴക്ക് പറഞ്ഞ് കൊണ്ടായിരുന്നു കരച്ചിൽ. എന്റെയടുത്തെങ്കിലും പറയാമായിരുന്നില്ലേ ഞാനെവിടെയെങ്കിലും കൊണ്ട് പോയി ചികിത്സിച്ചേനെയെന്ന്. അത്രമാത്രം നിഷ്കളങ്കനായ ആളായിരുന്നു,’ മുകേഷ് പറഞ്ഞു.

2010 ലാണ് കൊച്ചിൻ ഹനീഫ മരിക്കുന്നത്. ലിവർ കാൻസർ മൂലം ചികിത്സയിലായിരുന്നു നടൻ. അഷ്ടവക്രൻ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെ അരങ്ങേറ്റം. പിന്നീട് ഹാസ്യ വേഷങ്ങൾ കൈകാര്യം ചെയ്തു തുടങ്ങിയ ഹനീഫ അതിൽ പ്രശസ്തനാവുകയായിരുന്നു. മലയാളം, തമിഴ്, ഹിന്ദി സിനിമകളിലായി 300 ഓളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. സൂത്രധാരൻ എന്ന ചിത്രത്തിലെ അഭിനയത്തിന് 2001-ൽ മികച്ച സഹനടനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരം നേടി. തമിഴിലും മറ്റു ഭാഷകളിലും വി.എം.സി. ഹനീഫ എന്നാണറിയപ്പെട്ടിരുന്നത്.