”അതിനേക്കാള്‍ വലിയ കോടിയായിരുന്നു ബിഗ് ബോസില്‍ ഓഫര്‍ ചെയ്തത്, ലോകത്ത് ആര്‍ക്കും ആലോചിക്കാന്‍ പോലും പറ്റില്ല, ഞാനങ്ങനെയൊരു പൊട്ടന്‍” ബിഗ് ബോസ് ഹോസ്റ്റാവാനുള്ള അവസരം നഷ്ടപ്പെടുത്തിയതിനെക്കുറിച്ച് മമ്മൂട്ടിയ്ക്ക് പറയാനുള്ളത് | Bigg Boss | Mammootty


മോഹന്‍ലാല്‍ അവതാരകനായ ബിഗ് ബോസ് മലയാളം ഇതുവരെയുള്ള സീസണുകള്‍ ഹിറ്റായിരുന്നു. മോഹന്‍ലാലിനു മുമ്പേ മമ്മൂട്ടിയെയായിരുന്നു ബിഗ് ബോസ് അവതാരക സ്ഥാനത്തേക്ക് പരിഗണിച്ചത്. എന്നാല്‍ അദ്ദേഹം ആ ക്ഷണം നിരസിച്ചതോടെയാണ് മോഹന്‍ലാലിന് നറുക്ക് വീണത്.

ആ ക്ഷണം നിരസിച്ചതിന്റെ കാരണം വിശദീകരിക്കുകയാണ് മമ്മൂട്ടി. നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിയ്ക്കിടെ ഇതുസംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ബിഗ് ബോസ് ഹോസ്റ്റ് എന്ന അവസരം വേണ്ടെന്നുവെച്ചു, കൊക്കക്കോളയുടെ പരസ്യങ്ങള്‍ കോടികള്‍ വാഗ്ദാനം ചെയ്തിട്ടും വേണ്ടെന്നുവെച്ചു, എന്ത് തിയറിയുടെ പുറത്താണ് ഇത് വേണ്ടെന്നുവെച്ചത് എന്നായിരുന്നു ചോദ്യം.

മമ്മൂട്ടിയുടെ മറുപടി ഇങ്ങനെയായിരുന്നു: ”പ്രത്യേകിച്ച് തിയറിയൊന്നുമില്ല. നമ്മളെക്കൊണ്ട് ആവൂലെന്ന് വിചാരിച്ചിട്ടാ. നമുക്കിത് ശരിയാവില്ലെന്ന് തോന്നിയിട്ടാ. വെറുതെ അവസാനം ശ്വാസംമുട്ടും. ഗംഭീര ഓഫറായിരുന്നു. അവരോട് പോയി ചോദിച്ചാല്‍ അറിയാം, ലോകത്ത് ആര്‍ക്കും അങ്ങനെ ആലോചിക്കാന്‍ പോലും പറ്റില്ല. ഞാനങ്ങനെയൊരു പൊട്ടന്‍”

സൗഹൃദത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടും സംസാരത്തിനിടെ മമ്മൂട്ടി പങ്കുവെച്ചു. ‘പൈസ കൊടുത്താല്‍ സ്‌നേഹം കിട്ടില്ല, പൈസ കൊടുത്താല്‍ താങ്ക്‌സ് കിട്ടും, സ്‌നേഹം കൊടുത്താലേ സ്‌നേഹം കിട്ടൂ’ എന്നായിരുന്നു മമ്മൂട്ടിയുടെ വാക്കുകള്‍.

ബിഗ്ഗ് ബോസ് മലയാളം സീസണ്‍ 4 ന് വേണ്ടി മോഹന്‍ലാല്‍ വാങ്ങിയത് 18 കോടിയാണ് എന്ന ഒരു അനൗദ്യോഗിക റിപ്പോര്‍ട്ട് ഉണ്ട്. ഷോ നടക്കുന്നത് 100 ദിവസമാണ്. അതില്‍ 15 ദിവസം മാത്രമേ മോഹന്‍ലാല്‍ വരുന്നുള്ളൂ. പതിനഞ്ച് ദിവസത്തെ കാള്‍ഷീറ്റിനാണ് 18 കോടി വാങ്ങുന്നത്. മൂന്നാം സീസണിന് വാങ്ങിയത് 15 കോടിയാണത്രെ.