”നിന്റെ പല്ലെന്താ ഇങ്ങനെ, അച്ഛന്റെ കഷണ്ടി കിട്ടിയോ എന്നെല്ലാം ചോദിച്ച് മമ്മൂക്ക എപ്പോഴും കളിയാക്കുമായിരുന്നു”; അനുഭവം തുറന്ന് പറഞ്ഞ് അനിഖ സുരേന്ദ്രൻ| anikha surendran | mammootty


വളരെ ചെറിയ കുട്ടിയായപ്പോൾ തന്നെ സിനിമയിലെത്തി ബാലതാരമായി തിളങ്ങി ഇന്ന് തെന്നിന്ത്യയിൽ തന്നെ അറിയപ്പെടുന്ന നടിയായി മാറിയിരിക്കുകയാണ് അനിഖ സുരേന്ദ്രൻ. ഇപ്പോൾ താരം ആദ്യമായി നായികയായെത്തുന്ന ഓ മൈ ഡാർലിങ് എന്ന സിനിമ റിലീസിനൊരുങ്ങുകയാണ്. ഇപ്പോൾ സിനിമയുടെ പ്രമോഷൻ പരിപാടികളുടെ തിരക്കിലാണ് താരം.

ഇതിനിടെ റെഡ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ താരം നടൻ മമ്മൂട്ടിയുമൊത്തുള്ള തന്റെ ഓർമ്മകൾ പങ്കുവയ്ക്കുകയാണ്. മമ്മൂട്ടി നായകനായെത്തിയ ദി ഗ്രേറ്റ് ഫാദറെന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ മകളുടെ വേഷമാണ് അനിഘ കൈകാര്യം ചെയ്തത്. സിനിമയുടെ ഷൂട്ടിങ് സമയത്ത് നടൻ ഷൂട്ടിങ് സെറ്റിൽ മമ്മൂട്ടിയ്‌ക്കൊപ്പമുള്ള രസകരമായ അനുഭവങ്ങളാണ് അനിഖ പങ്കുവച്ചത്. ക്ലബ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെയാണ് നടി ഇക്കാര്യം പറഞ്ഞത്.

ഗ്രേറ്റ് ഫാദർ സിനിമയുടെ സെറ്റിൽ വെച്ച് മമ്മൂട്ടി എപ്പോഴും തന്റെ പല്ലിനെ കുറിച്ച് പറഞ്ഞ് കളിയാക്കുമായിരുന്നെന്നും, മമ്മൂക്കയെ കുറിച്ച് ഓർക്കുമ്പോൾ തനിക്ക് ഇക്കാര്യമാണ് ആദ്യം ഓർമ വരുന്നതെന്നുമാണ് അനിഖ പറഞ്ഞത്. 2017ൽ പുറത്തിറങ്ങിയ ​ഗ്രേറ്റ് ഫാദറിലും 2015ലിറങ്ങിയ ഭാസ്കർ ദി റാസ്കലിലും ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.

‘ഗ്രേറ്റ് ഫാദർ സെറ്റിൽ വെച്ച് മമ്മുക്ക എന്നെ തമാശക്ക് കുറേ കളിയാക്കിയിരുന്നു. ആ സമയത്ത് എന്റെ പല്ലൊക്കെ നല്ല പോലെ ഡിസോർഡറായിട്ടായിരുന്നു ഇരുന്നത്. മിക്കപ്പോഴും കാണുമ്പോൾ നിന്റെ പല്ലെന്താ ഇങ്ങനെ, ശരിയാക്കിക്കൂടെ എന്നൊക്കെ മമ്മൂക്ക പറയും. അങ്ങനെ എന്റെ പല്ലിനെ കുറേ കളിയാക്കും,’ അനിഖ പറയുന്നു.

‘അതുപോലെ എനിക്ക് എന്റെ തലയുടെ ഇടത് ഭാഗത്ത് കുറച്ച് കഷണ്ടിയുണ്ട്. എന്റെ അച്ഛനും കഷണ്ടി ഉണ്ടായിരുന്നു. അത് കാണുമ്പോൾ മമ്മുക്ക പറയും നിനക്ക് അച്ഛന്റെ കഷണ്ടി കിട്ടിയിട്ടുണ്ടല്ലേ എന്ന്,’- താരം വ്യക്തമാക്കി.

മോഹൻലാൽ നായകനായ ഛോട്ടാ മുംബൈ എന്ന സിനിമയിൽ ഒരു സീനിൽ മുഖം കാണിച്ചു കൊണ്ടാണ് കുഞ്ഞ് അനിഖ ആദ്യമായി സിനിമയിലേക്ക് എത്തുന്നത്. പിന്നീട് സത്യൻ അന്തിക്കാടിന്റെ കഥ തുടരുന്നു എന്ന സിനിമയിലൂടെ ബാല താരമായി അരങ്ങേറ്റം കുറിക്കുകയായിരുന്നു. ചിത്രത്തിൽ മംമ്‌തയുടെയും ആസിഫ് അലിയുടേയും മകളായിട്ടാണ് അനിഖ അഭിനയിച്ചത്.

ഇതിനിടെ തമിഴിൽ നിന്നും അനിഖയ്ക്ക് അവസരങ്ങൾ ലഭിച്ചു. തമിഴിൽ അജിത് നായകനായ യെനെ അറിന്താൽ എന്ന ചിത്രത്തിലൂടെ ആയിരുന്നു അരങ്ങേറ്റം. ചിത്രം സൂപ്പർ ഹിറ്റായതോടെ അനിഖയും താരമായി മാറി. തെലുങ്കിൽ ബുട്ട ബൊമ്മ എന്ന ചിത്രത്തിൽ നായികയായ ശേഷമാണ് അനിഖ മലയാളത്തിലും നായികയായി എത്തുന്നത്. ചിത്രത്തിന്റെ പ്രമോഷൻ തിരക്കുകളിലാണ് താരമിപ്പോൾ. അതിനിടെ മമ്മൂട്ടിക്ക് ഒപ്പം അഭിനയിച്ചതിന്റെ അനുഭവങ്ങൾ പങ്കുവച്ചിരിക്കുകയാണ് അനിഖ.

അതേസമയം, നാളെയാണ് ഓ മൈ ഡാർലിങ് തിയേറ്ററുകളിൽ എത്തുക. ആൽഫ്രഡ് ഡി സാമുവൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ യുവതാരം മെൽവിൻ ജി.ബാബുവാണ് നായകനാവുന്നത്. കൗമാരക്കാരുടെ പ്രണയവും, അവരുടെ ജീവിത പ്രതിസന്ധികളും പശ്ചാത്തലമാക്കി കഥ പറയുന്ന ചിത്രത്തിൽ ജോണി ആന്റണി, മുകേഷ്, മഞ്ജു പിള്ള, ഫുക്രു എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.